റിസ്വാന ഹാജിയുടെ മനോഹരവും സജലവും ബദാം നിറവുമുള്ള തവിട്ടുനിറത്തിലുള്ള കണ്ണുകളാണ് ആദ്യം നിങ്ങൾ ശ്രദ്ധിക്കുക. അവൾ കണ്ണുകൾ തുടച്ച്, ദുപ്പട്ടക്ക് കീഴെ തലമുടി മാടിയൊതുക്കി എന്നോട് പറയുന്നു, കറുത്ത കണ്ണാടികൾ ആണുങ്ങൾക്കുള്ളതാണെന്ന്.
“എൻ്റെ ഭർത്താവ് അതുപയോഗിക്കാറുണ്ട്,” കൂളിംഗ് ഗ്ലാസ് ധരിച്ച്, സമീപത്തുള്ള ഉപ്പുപാടത്തിലൂടെ കലപ്പ വലിക്കുന്ന ഭർത്താവ് ഷരീക്കിനുനേരെ തലചൂണ്ടി അവർ പറയുന്നു.
“എന്തുകൊണ്ട് നിങ്ങൾക്കും അത് ധരിച്ചുകൂടാ?” വിചിത്രമായ ഒരു കാര്യം കേട്ടതുപോലെ അവർ ഹൃദ്യമായി ചിരിച്ചു. “ഇവിടെ സമുദായത്തിലെ പ്രായമായവരുമുണ്ട്. സ്ത്രീകൾ അതൊന്നും ധരിച്ചുകൂടാ എന്നാണ് അവർ പറയുന്നത്,” എൻ്റെ ചോദ്യം തള്ളിക്കളയുന്ന രീതിയിൽ ഒന്ന് കൈവീശി അവർ പറയുന്നു. വീണ്ടും തൻ്റെ സജലങ്ങളായ കണ്ണുകൾ തുടച്ച് അവർ പറയുന്നു, “എനിക്ക് നാണമാണ്”. അവളുടെ വാക്കുകൾപോലെ മനോഹരമായിരുന്നു അവളുടെ നാണവും.
റിസ്വാനയുടെ കണ്ണുകൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നിറയുന്നത്, വരണ്ടതും ഉപ്പുരസമുള്ളതുമായ കാറ്റ് കൊള്ളുന്നതുകൊണ്ടായിരുന്നു. പൊടിയും ഉപ്പുതരികളുമുള്ള ആ കാറ്റ് പതുക്കപ്പതുക്കെ കണ്ണുകളുടെ ശക്തി കുറയ്ക്കും. അഗാരിയകൾ - ഗുജറാത്തിലെ ഉപ്പളങ്ങളിലെ ജോലിക്കാർ - പൊതുവെ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. ‘അഗർ’ എന്ന വാക്കിൽനിന്നാണ് ആ പേര് വരുന്നത്. കച്ചിലെ ലിറ്റിൽ റാനിൽ 5,000 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുകയാണ് ഉപ്പളങ്ങൾ. ഒരു പാത്രംപോലെ താഴ്ന്നുകിടക്കുന്ന സ്ഥലത്തെയാണ് റാൻ എന്ന് വിളിക്കുന്നത്. മഴക്കാലത്ത് നനവുള്ള പ്രദേശം തണുപ്പുകാലത്തും വേനലിലും വരണ്ടുകിടക്കും.
മരുപ്രദേശത്തുനിന്ന് ഈർപ്പമുള്ള പ്രദേശമായി മാറുന്ന പ്രതിഭാസം റാനിനെ സവിശേഷമായ ജൈവവൈവിധ്യമുള്ള ഭൂപ്രകൃതിയാക്കുന്നു. നനവുള്ള കാലങ്ങളിൽ ഫ്ലേമിംഗോകളും കൊക്കുകളും എത്തുന്നു. വർഷം മുഴുവനും ഇവിടെ താമസിക്കുന്ന കൃഷ്ണമൃഗങ്ങൾക്കും പന്നികൾക്കും ഉറുമ്പുകൾക്കും ഇവിടം അഭയകേന്ദ്രമാണ്. വരുന്ന ജീവികളെ നിരീക്ഷിച്ചാൽ, ആ വർഷം എന്തെല്ലാം സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു. “കച്ചിൽ, നാളെയെ ഇന്നുതന്നെ കാണാനാവും” എന്നൊരു ചൊല്ലുതന്നെയുണ്ട്, നാട്ടുകാർക്കിടയിൽ.
വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ, അഗാരിയകൾ വരാൻ തുടങ്ങും. ടെൻ്റുകൾ കെട്ടി, അടുത്ത എട്ടുമാസം അവർ ഇവിടെ തങ്ങും. ആ പ്രദേശത്തെ മുഴുവൻ ഉപ്പാക്കി മാറ്റിക്കൊണ്ട്. ഇന്ത്യയുടെ ഉപ്പിൽ 75 ശതമാനവും ഉത്പാദിപ്പിക്കുന്നത് അവരാണ്.
നേർരേഖകളുടെ ലോകമാണ് ഇവിടെയുള്ള റാൻ. ഉപ്പളങ്ങളുടെ ചതുരങ്ങൾ, ചതുരത്തിലും ദീർഘചതുരത്തിലുമുള്ള സോളാർ പാനലുകൾ കൃത്യമായി ഇടവിട്ട് സ്ഥാപിച്ചിരിക്കുന്നു. അവർ ഉപ്പളങ്ങൾക്ക് ഒരു ഭീകര സ്വഭാവം പ്രദാനം ചെയ്യുന്നു. രാവിലെ 10 മണിക്ക്, റാനിലെ സൂര്യൻ കത്തിജ്വലിക്കും ഉരുകുന്ന ലാവപോലെ. എല്ലാറ്റിനും ഒരു തിളങ്ങുന്ന വെളുത്ത നിറം നൽകും അത്. ചക്രവാളംവരെ പരന്നുകിടക്കുന്ന ഉപ്പളങ്ങൾ ഒരു അലൗകിക ഭാവം നൽകും ആ പ്രദേശത്തിന്. മുകളിലും താഴെയുമുള്ള വെളുപ്പ് അക്രമാസക്തമാകുന്നപോലെ തോന്നും. ആ ചൂട്, എല്ലാറ്റിനേയും നിർജ്ജലീകരണം ചെയ്യും. ചുണ്ടുകൾ വരളും, തൊണ്ട ദാഹിക്കും, കണ്ണുകളിൽ വെള്ളം നിറയും, താഴെയുള്ള ഭൂമിയെപ്പോലെ, ഉള്ളംകാൽ വിണ്ടുപിളർന്ന് വേദനിക്കും.














