“ഞങ്ങളുടെ തലമുറയിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു വിധത്തിലായേനേ,” കിഷൻഘർ സേധ സിംഗ് വാലയുടെ വരാന്തയിലിരുന്നുകൊണ്ട് സുർജീത് കൌർ പറയുന്നു. അവരുടെ ചെറുമകളും ചെറുമകനും അരികത്തിരിക്കുന്നുണ്ടായിരുന്നു. 5-ആം ക്ലാസ്സിൽവെച്ച് സുർജീത് പഠനം നിർത്തുമ്പോൾ, ഈ കുട്ടികളുടെ പ്രായമേ ഉണ്ടായിരുന്നുള്ളു.
“വിദ്യാഭ്യാസം ഒരാളുടെ മൂന്നാം കണ്ണ് തുറക്കാൻ സഹായിക്കും,” 63 വയസ്സുള്ള ആ സ്ത്രീ പറയുന്നു.
അവരുടെ അയൽക്കാരിയായ 75 വയസ്സുള്ള ജസ്വീന്തർ കൌറും അതിനോട് യോജിക്കുന്നു. “സ്ത്രീകൾ പുറത്ത് പോവുമ്പോൾ, അവർക്ക് ലോകത്തെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും,” അവർ പറയുന്നു.
സ്വന്തം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, മറ്റൊരു സംഭവം അവർക്ക് വലിയ അറിവുകൾ പ്രദാനം ചെയ്തു. 2020-2021-ലെ ചരിത്രപ്രസിദ്ധമായ കർഷകപ്രക്ഷോഭത്തിന്റെ കാലത്ത്, ദില്ലിയുടെ അതിർത്തിയിൽ 13 മാസത്തോളം തമ്പടിച്ച അവരുടെ ഗ്രാമത്തിലെ 16 സ്ത്രീകളിൽ രണ്ടുപേരായിരുന്നു സുർജീതും ജസ്വിന്തറും. ഒരുവർഷത്തിലധികം കാലം, ലക്ഷക്കണക്കിന് കർഷകർ ദില്ലിയുടെ അതിർത്തികൾ കൈയ്യടക്കി പ്രതിഷേധിച്ചിരുന്നു. ന്യായമായ താങ്ങുവിലയെ (എം.എസ്.പി) തകർത്ത്, സ്വകാര്യ വ്യാപാരികളേയും കോർപ്പറേഷനുകളേയും സഹായിക്കാൻ മാത്രം ഉതകുന്ന മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനെതിരേയായിരുന്നു അവരുടെ പ്രക്ഷോഭം. കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള പാരിയുടെ മുഴുവൻ കവറേജ് ഇവിടെ വായിക്കാം.
2024 മേയിൽ ഈ റിപ്പോർട്ടർ കിഷൻഘർ സേധ സിംഗ് വാല സന്ദർശിച്ചപ്പോൾ, ഈ ഗ്രാമം, പഞ്ചാബിലെ മറ്റ് ഗ്രാമങ്ങളെപ്പോലെ, വിളവെടുപ്പിന്റെ തിരക്കിലായിരുന്നു. ജൂൺ 1-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഗ്രാമീണർ. ഭരണത്തിലുള്ള സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ടീയാന്തരീക്ഷം ചൂട് പിടിക്കുന്നുണ്ടായിരുന്നു.
“ബി.ജെ.പി. വിജയിച്ചാൽ വീണ്ടും ഒന്നൊന്നായി ഈ നിയമങ്ങൾ തിരിച്ചുകൊണ്ടുവരും,” കിഷൻഘർ സേധ സിംഗ് വാലയിലെ 10 ഏക്കർ ഭൂമി സ്വന്തമായുള്ള കുടുംബത്തിലെ 60 വയസ്സുള്ള ജർണയിൽ കൌർ പറയുന്നു. “ബുദ്ധിപൂർവ്വമായി വോട്ട് ചെയ്യണം.”
(അപ്ഡേറ്റ്: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ, ശിരോമണി അകാലി ദളിൻ്റെ ഹർസിമ്രത് കാർ ബാദൽ ഭട്ടിൻഡ മണ്ഡലത്തിൽ വിജയിച്ചു.. 2024 ജൂൺ 4-നാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്)
















