ഹരിയാന റോഡ്വേയ്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് ക്ലാർക്കായി വിരമിച്ചതിൽപ്പിന്നെ ഭഗത് റാം യാദവിന് ആയാസരഹിതമായ വിശ്രമജീവിതം നയിക്കാമായിരുന്നു. “എന്നാൽ എന്റെയുള്ളിൽ ഒരു അഭിലാഷം തോന്നി,” മാതൃകാ തൊഴിലാളിയായി പുരസ്കൃതനായ ആ 73 വയസ്സുകാരൻ പറയുന്നു.
തന്റെ കുട്ടിക്കാലത്ത്, അച്ഛൻ ഗുഗൻ റാം യാദവ് തന്നെ പഠിപ്പിച്ച കൈവേല ചെയ്യണമെന്നായിരുന്നു ഉള്ളിലെ ആ അഭിലാഷം. ചർപായികളും (കയറ്റുകട്ടിലുകൾ) പിഡ്ഡകളും (കയറുകൊണ്ട് മെടഞ്ഞ സ്റ്റൂളുകൾ) നിർമ്മിക്കുന്ന കല.
തങ്ങളുടെ വീട്ടിലേക്കുവേണ്ടി അച്ഛൻ ചർപായികൾ സമർത്ഥമായി നിർമ്മിക്കുന്നത് തന്റെ മൂന്ന് സഹോദരന്മാരുടെ കൂടെയിരുന്ന് ഭഗത് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു അരനൂറ്റാണ്ട് മുമ്പ്, അയാൾക്ക് കേവലം 115 വയസ്സാണ് അന്ന്. അച്ഛന് 125 ഏക്കർ ഭൂമി സ്വന്തമായുണ്ടായിരുന്നു. ഗോതമ്പ് വിളവെടുപ്പിനുശേഷം വരുന്ന വേനൽമാസങ്ങളിൽ അച്ഛനിരുന്ന് ശ്രദ്ധയോടെ ബലമുള്ള കട്ടിലുകളുണ്ടാക്കാറുണ്ടായിരുന്നു. കൈകൊണ്ടുണ്ടാക്കിയ ചണനൂലും (ക്രൊട്ടാലാരിയ ജുൻസിയ) പരുത്തിക്കയറും, സാല (ഷോരിയ റോബസ്റ്റ), ശീശമരങ്ങളുമാണ് (നോർത്ത് ഇന്ത്യൻ വീട്ടി) അദ്ദേഹം ഉപയോഗിച്ചിരുന്നത്. വീട്ടിലെ ബൈഠക് എന്ന് വിളിക്കുന്ന സ്ഥലത്തിരുന്നാണ് ജോലി ചെയ്യുക. മനുഷ്യരും വളർത്തുമൃഗങ്ങളും ദിവസത്തിൽ ഭൂരിഭാഗം സമയവും ഒരുമിച്ച് ചിലവഴിക്കുന്ന തുറസ്സായ മുറിയാണ് ബൈഠക്.
തന്റെ ഉപകരണങ്ങളെക്കുറിച്ച് വളരെ നിഷ്കർഷയുള്ള കരകൌശലവിദഗ്ദ്ധനായിരുന്നു അച്ഛൻ എന്ന് ഭഗത് റാം ഓർക്കുന്നു. “ചർപായ് ഉണ്ടാക്കുന്ന വിദ്യ പഠിക്കാൻ അച്ഛൻ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ഛൻ പറയും, വാ, ഇത് പഠിച്ചോളൂ, പിന്നീട് പ്രയോജനമുണ്ടാവും,” ഭഗത് റാം ഓർത്തെടുക്കുന്നു.
എന്നാൽ ആ സഹോദരന്മാർ അത് ശ്രദ്ധിക്കാതെ, അദ്ധ്വാനമുള്ള ഈ പണിയിൽനിന്ന് രക്ഷപ്പെടാനായി ഫുട്ബോളോ, ഹോക്കിയോ കബഡിയോ കളിക്കാൻ പോവും. “അച്ഛൻ ചീത്ത പറയും, ചിലപ്പോൾ തല്ലുകയും ചെയ്യും. എന്നാലും ഞങ്ങൾ കേൾക്കില്ല,” അയാൾ പറയുന്നു. “ജോലി കിട്ടുന്നതിലായിരുന്നു ഞങ്ങൾക്ക് കൂടുതൽ താത്പര്യം. അച്ഛനോടുള്ള പേടി ഒന്നുകൊണ്ടുമാത്രമാണ് ഈ പണി പഠിച്ചത്. എന്തെങ്കിലും സംശയം തോന്നിയാൽ, അച്ഛനോട് ചോദിച്ച് മനസ്സിലാക്കും.”
























