ഞങ്ങളുടെ എട്ടംഗ പര്യടനസംഘം വിസ്മയത്തോടെ പുസ്തകങ്ങൾ മറിച്ചുനോക്കി. എല്ലാം, രാഷ്ട്രീയ രചനകൾ വരെ, ഓരോന്നും സാഹിത്യകൃതിയും വിശിഷ്ടവുമാണ്. അത്യന്തം ഉദ്വെഗജനകമായ കൃതികളോ, ധാരാളം വിപണനമുള്ളവയോ, യുവാക്കൾക്കു പ്രിയമുള്ളവയോ ആയ ഒന്നും ഇവിടെയില്ല. "ചിലപ്പതികാരം" എന്ന തമിഴ് ഇതിഹാസകാവ്യത്തിൻറെ ഒരു മലയാളതർജ്ജമ ഉണ്ട്. വൈക്കം മുഹമ്മദ് ബഷീർ, എം. ടി. വാസുദേവൻ നായർ, കമലാ ദാസ് എന്നിവരുടെ പുസ്തകങ്ങൾ ഉണ്ട്. എം. മുകുന്ദൻ, ലളിതാംബിക അന്തർജനം പിന്നെ മറ്റുചിലരുടെയും കൃതികളുണ്ട്. മഹാത്മാഗാന്ധിയുടെ ലഘുഗ്രന്ഥങ്ങൾക്കൊപ്പം തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന പ്രസിദ്ധവും, വിവാദങ്ങളുണ്ടാക്കിയതും, നവോത്ഥാനപരവുമായ കൃതിയുമുണ്ട്.
"പക്ഷെ, ചിന്നത്തമ്പി, ഇവിടെയുള്ളവർ ശരിക്കും ഇങ്ങനെയുള്ള കൃതികൾ വായിക്കുമോ?" പുറത്തിരുന്നുകൊണ്ട് ഞങ്ങൾ ചോദിചു. മിക്ക ആദിവാസിസമൂഹങ്ങളെയുംപോലെ മുതുവാന്മാരും മറ്റ് ഇന്ത്യക്കാരേക്കാൾ, ദാരിദ്ര്യംകൊണ്ടു വലയുന്നവരും ഇടയ്ക്കുവെച്ച് വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുമാണ്. ഉത്തരം നൽകുന്നതിനായി, അദ്ദേഹം തൻറെ ഗ്രന്ഥശാല പട്ടിക തപ്പിയെടുത്തു. ഇതു വളരെ കുറ്റമറ്റരീതിയിൽ സൂക്ഷിച്ചിരിക്കുന്ന, പുസ്തകങ്ങൾ കടംനൽകിയതിൻറെയും തിരിച്ചുലഭിച്ചതിൻറെയും രേഖയാണ്. ഈ ചെറുഗ്രാമത്തിൽ 25 കുടുംബങ്ങളേയുള്ളുവെങ്കിലും, 2013-ൽ 37 പുസ്തകങ്ങൾ കടമെടുത്തിരുന്നു. അത് മൊത്തം ശേഖരത്തിൻറെ കാൽഭാഗത്തോളം വരും - ഒരു സാമാന്യം നല്ല പുസ്തകവിതരണ നിരക്കാണത്. ഈ ഗ്രന്ഥാശാലയ്ക്കു ഒറ്റതവണത്തെ അംഗത്വവരിയായി 25 രൂപയും മാസവരിയായി 2 രൂപയുമാണ്. കടമെടുക്കുന്ന പുസ്തകത്തിനു വേറെ പണം കൊടുക്കേണ്ടതില്ല. ചായ സൗജന്യമാണ്. പഞ്ചസാരയില്ലാത്ത കട്ടൻ. "ക്ഷീണിച്ചിട്ടാന് മലകളിൽനിന്ന് ആളുകൾ എത്തുക." ബിസ്ക്കറ്റ്, 'മിക്സ്ചർ' തുടങ്ങിയ സാധനങ്ങൾക്ക് മാത്രമേ പണം കൊടുക്കേണ്ടതുള്ളു. ചിലപ്പോൾ, ഒരു സന്ദർശകന് ലളിതമായ ഊണും സൗജന്യമായി ലഭിച്ചെന്നുവരാം.
കടമെടുത്തതിൻറെയും തിരിച്ചുലഭിച്ചതിൻറെയും തീയതികൾ, കടമെടുത്തവരുടെ പേരുകൾ എല്ലാം വൃത്തിയായി അദ്ദേഹത്തിൻ്റെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇളങ്കോയുടെ 'ചിലപ്പതികാരം' ഒന്നിൽകൂടുതൽ തവണ എടുത്തിട്ടുണ്ട്. ഈ വർഷം ഇതുവരെ കൂടുതൽ പുസ്തകങ്ങൾ കടമെടുത്തിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ആദിവാസിസമൂഹം സൂക്ഷ്മമായി വായിക്കുന്നതിനാൽ ഈ വനങ്ങളിൽ ഉൽക്കൃഷ്ടസാഹിത്യം അഭിവൃദ്ധിപ്രാപിക്കുന്നു. ഇതു ബോധമുളവാക്കുന്നതാണ്. ഞങ്ങളിൽ ചിലർ, എനിക്കു തോന്നുന്നു, സ്വന്തം നാഗരികമായ ചുറ്റുപാടുകളിലെ പരിതാപകരമായ വായനാശീലങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.
എഴുത്ത് ഉപജീവനമാക്കിയ പലരും അടങ്ങിയ ഞങ്ങളുടെ സംഘത്തിൻറെ അഹംഭാവം ഒന്നുംകൂടി കെടാനിരിക്കുകയായിരുന്നു. ഞങ്ങളുടെ ഒപ്പം യാത്രചെയ്യുന്ന കേരള പ്രസ് അക്കാദമിയിലെ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളായ വിഷ്ണു എസ്. ഒരു വിഭിന്നമായ പുസ്തകം ആ ശേഖരത്തിൽനിന്നും കണ്ടെടുത്തു. കുറെ കൈയെഴുത്തുള്ള താളുകളുള്ള ഒരു വരയിട്ട നോട്ടുപുസ്തകം. ഇതുവരെ പേരിടാത്ത അത്, ചിന്നത്തമ്പിയുടെ ആത്മകഥയായിരുന്നു. താൻ അതിൽ അധികം പുരോഗമിച്ചിട്ടില്ല, അദ്ദേഹം ഖേദത്തോടെ പറയുന്നു. എന്നാൽ അദ്ദേഹം അതിൽ ശ്രമങ്ങൾ തുടരുകയാണ്. "ശരി, ചിന്നത്തമ്പി. അതിൽനിന്നും എന്തെങ്കിലും ഞങ്ങളെ വായിച്ചുകേൾപ്പിക്കു." ഹ്രസ്വവും അപൂർണവുമാണെങ്കിലും, വൃത്തിയായി പറഞ്ഞ ഒരു കഥയായിരുന്നു. അദ്ദേഹത്തിൻറെ സാമൂഹികവും രാഷ്ട്രീയവുമായ അവബോധത്തിൻറെ ആദ്യചലനങ്ങൾ സൂചിപ്പിക്കുന്നതായിരുന്നു അവ. അത് തുടങ്ങുന്നതുതന്നെ, അദ്ദേഹത്തിന് ഒൻപതു വയസ്സുമാത്രമുള്ളപ്പോൾ സംഭവിച്ച മഹാത്മാഗാന്ധിയുടെ വധം, അത് അദ്ദേഹത്തിലുണ്ടാക്കിയ ആഘാതം എന്നിവയിൽനിന്നാണ്.