അമർജിത് കൗർ ഒന്ന് മരവിച്ചുപോയി. തലയിലേക്കുയർത്താൻ ശ്രമിച്ച ലോഹത്തിൻ്റെ ചട്ടി ഇളകിയോ എന്ന് ഏതാനും നിമിഷം സംശയിച്ചു. പിന്നെ മെല്ലെ, അവർ ചെറിയ ചുവടുകൾവെച്ച് നടന്നുതുടങ്ങി. ചാണകക്കൂനയുടെ സമീപത്തേക്ക്. താൻ ശേഖരിച്ച മറ്റൊരു ചട്ടി ചാണകം ഇറക്കിവെക്കാൻ. 10-12-ഉം കിലോഗ്രാം ചാണകം തലയിൽ ചുമന്ന് നടന്നിരുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ 72 വയസ്സിൽ അത്രയ്ക്ക് വയ്യ. തലയിലെ പാത്രത്തേക്കാൾ പക്ഷേ ഭാരമുള്ളത്, ഉള്ളിലെ വേദനയ്ക്കാണ്. അതാണ് അവരെ പതുക്കെയാക്കുന്നത്.
നിരുപദ്രവം എന്ന് കരുതി കുടുംബത്തെക്കുറിച്ച് ഞാൻ ചോദിച്ച ചോദ്യം അവരെ ഓർമ്മകളുടെ തിരത്തള്ളലിലേക്ക് തള്ളിയിട്ടു. “അവർ വന്ന് പറഞ്ഞു, ‘നിങ്ങളുടെ മകൻ പട്ടിയുടെ തിരിവിൽവെച്ച് ഒരു അപകടത്തിൽ മരിച്ചുവെന്ന്’”. അതും പറഞ്ഞ് അവർ കുറച്ചുകൂടി ചാണകം വാരാൻ നിലത്തിരുന്നു. കൈകൾ യാന്ത്രികമായി ചലിച്ചു. നിലത്ത് കുന്തിച്ചിരിക്കുമ്പോൾ മുട്ടുകൾ ഞെരിയുന്ന ശബ്ദം കേട്ടു. “അവൻ റിക്ഷ വലിക്കാറുണ്ടായിരുന്നു. 18 വയസ്സേ ഉണ്ടായിരുന്നുള്ളു.” അഞ്ചുവർഷം കഴിഞ്ഞ് 21 വയസ്സുണ്ടായിരുന്ന രണ്ടാമത്തെ മകനേയും അവർക്ക് നഷ്ടമായി.
ഭർത്താവ് 36 വർഷം മുമ്പ് മരിച്ചു. ആ സമയത്ത് കുട്ടികൾക്ക് ആറും നാലും വയസ്സേ ഉണ്ടായിരുന്നുള്ളു. വിവാഹശേഷം ചാണകം വാരുന്ന പണിയില്ലായിരുന്നുവെങ്കിൽ അമർജിത്തിന് രണ്ട് ആൺകുട്ടികളേയും ഇപ്പോൾ വിവാഹിതരായ രണ്ട് പെൺകുട്ടികളേയും വളർത്താൻ കഴിയില്ലായിരുന്നു. പൊങ്ങിവരുന്ന സങ്കടം അമർത്തിവെച്ച്, വെറും കൈകൾകൊണ്ട് കൂടുതൽ ചാണകം വാരി, ഓരോ തവണയായി പാത്രത്തിലിടുകയായിരുന്നു അവർ. പാത്രം തലയിലേക്ക് ഉയർത്തുമ്പോൾ അവർ വീണ്ടും ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട് 100 മീറ്റർ ദൂരത്തുള്ള തൊഴുത്തിലേക്ക് നടന്നു. രാവിലെ മുതൽ തുടങ്ങിയ വൃത്തിയാക്കലിൽ ഇത് 20-ആം തവണയാണ് ഈ പ്രവൃത്തി അവർ ആവർത്തിക്കുന്നത്. പഞ്ചാബിൽ പട്ടികജാതിക്കാരായ മെഹൃ സിഖ് സമുദായക്കാരിയാണ് അമർജിത്. അമർജിത് എന്ന ഭൂരഹിതയായ ദളിത് സ്ത്രീ, പട്ടി പട്ടണത്തിലെ ഏഴ് വീടുകളിൽനിന്ന് ചാണകം വാരിയാണ് ജീവിതം കഴിക്കുന്നത്.
“തലയിൽ ഈ പ്ലാസ്റ്റിക്ക് ഷീറ്റ് പൊതിയണം. ഇല്ലെങ്കിൽ, ചാണകം വാരുമ്പോൾ ചിലപ്പോൾ പോത്തുകൾ മൂത്രമൊഴിക്കും. ദിവസവും സോപ്പും ഷാമ്പൂവും ഇട്ട് തലമുടി വൃത്തിയാക്കാൻ എനിക്കാവില്ല.” മുഷ്ടിക്കുള്ളിൽ പിടിച്ച ഒരു കറുത്ത സഞ്ചി അവർ കാണിച്ചുതന്നു. ആ ദിവസത്തെ ആദ്യത്തെ വീട്ടിലെ ജോലി തീർത്തതേ ഉണ്ടായിരുന്നുള്ളു അവർ. 10 പോത്തുകളുള്ള, ഭൂവുടമയായ ഒരു കർഷകൻ്റെ വീട്ടിലെ ജോലി. ഇനി ഇവിടെനിന്ന് മറ്റൊരു വീട്ടിലേക്ക് നടക്കണം.





