ലിംബ്ഡി ഹൈവേയിൽനിന്ന്, ടാർ ചെയ്ത ഒരു വഴി, 10-12 കിലോമീറ്റർ അകലെയുള്ള മോട്ട ടിംബ്ല ഗ്രാമംവരെ നീണ്ടുപോകുന്നു. ഗ്രാമത്തിന്റെ ഏറ്റവുമറ്റത്താണ്, അവിടെ താമസിക്കുന്ന ദളിത് നെയ്ത്ത് സമുദായക്കാർക്കായി മാറ്റിവെച്ച വങ്കർവകൾ എന്ന സ്ഥലം. തറികളിൽനിന്നുയരുന്ന താളാത്മകമായ ‘ഖട, ഖട, ഖട’ ശബ്ദങ്ങൾ ഇടുങ്ങിയ വഴികളിൽനിന്നുയരുന്നുണ്ട്. വഴിയുടെ ഒരു ഭാഗത്ത് പഴയ മട്ടിലുള്ള ഓടിട്ട വീടുകളും ഏതാനും ഓല മേഞ്ഞ വീടുകളുമാണ്. ഇടയ്ക്കിടയ്ക്ക്, തറി ശബ്ദത്തിൽനിന്ന് വേറിട്ട്, മനുഷ്യരുടെ ശബ്ദം കേൾക്കാം. കാതുകൾ കൂർപ്പിച്ചാൽ, അദ്ധ്വാനത്തിന്റെ ശബ്ദംപോലും കേൾക്കാൻ കഴിഞ്ഞെന്നുവരും. ഒന്നുകൂടി ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിച്ചാൽ, തറിയുടെ ശബ്ദത്തോടൊപ്പം, പശ്ചാത്താപത്തിന്റെ നെയ്ത്തുതാളവും കേൾക്കാനാവും. രേഖ ബെൻ വഘേലയുടെ ജീവിതത്തിലേക്കുള്ള പ്രവേശികപോലെ.
“ഞാൻ 8-ആം ക്ലാസ്സിൽ മൂന്ന് മാസം തികച്ചിരുന്നില്ല. ലിംബ്ഡിയിലെ ഒരു ഹോസ്റ്റലിലായിരുന്നു എന്റെ താമസം. ആദ്യത്തെ സ്കൂൾ പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തിയതായിരുന്നു ഞാൻ. അപ്പോഴാണ് അമ്മ പറഞ്ഞത്, ഇനി ഞാൻ പഠിക്കാൻ പോകുന്നില്ലെന്ന്. മൂത്ത സഹോദരനായ ഗോപാൽ ഭായിക്ക് സഹായം ആവശ്യമായിരുന്നു. വരുമാനമുണ്ടാക്കാനായി, ബിരുദത്തിന് മുമ്പേ പഠനം നിർത്തേണ്ടിവന്നിരുന്നു എന്റെ സഹോദരന്. രണ്ട് സഹോദരന്മാരുടെ പഠനം തുടരാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. അങ്ങിനെയാണ് ഞാൻ പട്ടോല ജോലിയിലേക്ക് തിരിഞ്ഞത്.” അവരുടെ പറച്ചിൽ സാധാരണമട്ടിലായിരുന്നുവെങ്കിലും അതിന് നല്ല മൂർച്ചയുണ്ടായിരുന്നു. ദാരിദ്ര്യമനുഭവിക്കുന്ന എല്ലാ മനുഷ്യരുടേയും വാക്കുകൾക്കുള്ള അതേ മൂർച്ച. 40-കളിലെത്തിനിൽക്കുന്ന അവരിന്ന്, ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ മോട്ട ടിംബ്ലയിലെ വിദഗ്ദ്ധ നെയ്ത്തുകാരിയാണ്.
“എന്റെ ഭർത്താവ്, മദ്യത്തിനും, ശീട്ടുകളിക്കും, പാൻ മസാലയ്ക്കും, പുകയിലയ്ക്കും അടിമയായിരുന്നു,” തന്റെ വിവാഹജീവിതത്തിൽനിന്നുള്ള മറ്റൊരു നൂൽ വേറിടുത്തുകൊണ്ട് അവർ പറയുന്നു. അസന്തുഷ്ടമായ വിവാഹജീവിതമായിരുന്നു അത്. ഇടയ്ക്കിടയ്ക്ക് അയാളെ വിട്ട് അവർ അച്ഛനമ്മമാരുടെ വീട്ടിലേക്ക് പോകും. പിന്നെയും നിർബന്ധം സഹിക്കവയ്യാതെ അയാളുടെയടുത്തേക്ക് മടങ്ങും. ദുരിതമായിരുന്നു ജീവിതം. എന്നിട്ടും അവർ അതെല്ലാം സഹിച്ചു. “നല്ല സ്വഭാവമായിരുന്നില്ല അയാളുടേത്,” അവർ പറയുന്നു.
“ചിലപ്പോൾ അയാളെന്നെ തല്ലാറുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾപോലും തല്ലിയിട്ടുണ്ട്.” അവരുടെ ശബ്ദത്തിൽ ഇപ്പോഴും വേദന നിഴലിക്കുന്നു അതൊക്കെ ഓർക്കുമ്പോൾ. “എന്റെ മകൾ ജനിച്ചതിനുശേഷമാണ് അയാളുടെ മറ്റ് ബന്ധങ്ങൾ ഞാൻ കണ്ടുപിടിച്ചത്. ഒരുവർഷം അങ്ങിനെ പോയി. അപ്പോഴാണ് (2010-ൽ) ഒരപകടത്തിൽ ഗോപാൽ ഭായ് മരിച്ചത്. അദ്ദേഹത്തിന്റെ പട്ടോല ജോലികളൊക്കെ ബാക്കിയായിരുന്നു. സാമഗ്രികൾ കൊടുത്ത വ്യാപാരിക്ക് പണം തിരിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അഞ്ചുമാസം (അച്ഛനമ്മമാരുടെ) വീട്ടിൽനിന്ന്, ബാക്കി വന്ന പണിയൊക്കെ പൂർത്തിയാക്കിക്കൊടുത്തു. അതിനുശേഷം എന്റെ ഭർത്താവ് വന്നു, എന്നെ കൊണ്ടുപോകാൻ,” അവർ പറയുന്നു.
കൊച്ചുകുഞ്ഞിനെയൊക്കെ പരിപാലിച്ച്, സന്തോഷവതിയായി സ്വയം അഭിനയിച്ച് കുറച്ച് വർഷങ്ങൾകൂടി, ഉള്ളിൽ വേദന സഹിച്ച് അവർ കഴിഞ്ഞു. “ഒടുവിൽ, മകൾക്ക് നാലര വയസ്സായപ്പോൾ, ഇനിയും ദ്രോഹം സഹിക്കാൻ പറ്റില്ലെന്ന് തീരുമാനിച്ച് ഞാൻ ഇറങ്ങിപ്പോന്നു.” സ്കൂൾ വിട്ടതിനുശേഷം സ്വായത്തമാക്കിയ പട്ടോല നെയ്ത്ത് സഹായത്തിനെത്തി. ദാദ്രിദ്ര്യം കൊണ്ട് പിഞ്ഞിപ്പോയ ജീവിതത്തിന്റെ അരികുകളെ അത് മിനുസപ്പെടുത്തി, ജീവിതത്തിന് പുതിയൊരു അർത്ഥം നൽകി. കൂടുതൽ ബലമുള്ള ഒന്ന്.


















