റാതോ പുഴയിൽ വെള്ളം പൊങ്ങുന്നതിനെക്കുറിച്ച് സർക്കാരിതര സംഘടനയിൽനിന്ന് ഹിന്ദിയിലുള്ള മുന്നറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്നായിരുന്നു. 32 വയസ്സുള്ള ഗണേഷ് സാഫി ആ സെപ്റ്റംബർ വൈകീട്ട് വീട്ടിൽ ഇരിക്കുകയായിരുന്നു. കുടുംബത്തെ രക്ഷിക്കാനും വീട്ടുസാധനങ്ങൾ കടത്താനും തനിക്ക് രണ്ട് മണിക്കൂറാണുള്ളതെന്ന് അദ്ദേഹത്തിന് മനസ്സിലായി.
ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനമായ ബിഹാറിലെ സീതാമാർഹി ജില്ലയിലെ സുർസന്ദ് ബ്ലോക്കിലെ ഗണേഷിൻ്റെ ഗ്രാമമായ സർഖാണ്ഡിയോ ബിട്ടയിൽനിന്ന് 220 കിലോമീറ്റർ വടക്കുള്ള നേപ്പാളിൻ്റെ വടക്കൻ സമതലത്തിലെ തറായ് എന്നറിയപ്പെടുന്ന താഴ്ന്നുകിടക്കുന്ന പ്രദേശത്ത് ശക്തിയായി മഴ പെയ്തിരുന്നു.
എട്ടുമാസങ്ങൾക്കുശേഷം, 2025 മേയ് മാസത്തിലെ ഒരു ചുട്ടുപൊള്ളുന്ന ഉച്ചയ്ക്ക്, ഒരു മാവിൻ്റെ ചുവട്ടിലിരുന്ന് ഗണേഷ് ആ കഥ വിവരിക്കുകയായിരുന്നു; 5 വയസ്സുള്ള ഇരട്ടക്കുട്ടികൾ, (ഒരാണും പെണ്ണും) 28 വയസ്സുള്ള ഭാര്യ നഗിന ദേവി, രണ്ട് ആടുകൾ, ഗോതമ്പും, ധാന്യങ്ങളും അരിയുമടക്കം ഒരു ക്വിൻ്റൽ ഭക്ഷണസാധനങ്ങൾ എന്നിവ ഒരു അയൽക്കാരൻ്റെ കോൺക്രീറ്റ് വീട്ടിലേക്ക് മാറ്റിയതിനെക്കുറിച്ച്.
തറായ് മലമ്പ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന റാതോ, ഗണേഷിൻ്റെ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. പുഴയുടെ മുകൾഭാഗത്ത് നന്നായി മഴ പെയ്താൽ, സർഖാണ്ഡിയോ ബിട്ടയിലേക്ക് വെള്ളമെത്താൻ രണ്ട് മണിക്കൂറെടുക്കും.
രണ്ടുമൂന്ന് ദിവസത്തേക്ക് ഗണേഷും കുടുംബവും അയൽക്കാരൻ്റെ വീട്ടിൽ തങ്ങി. അയൽക്കാർ സ്വീകരിച്ചുവോ എന്ന ചോദ്യത്തിന് “ഉവ്വ്, എന്തുകൊണ്ടില്ല..ദുരിതകാലത്ത് അയൽക്കാരല്ലെങ്കിൽ പിന്നെ മറ്റാരാണ് സഹായിക്കുക?” എന്ന് ചോദിക്കുന്നു അയാൾ.
അതേസമയം ഓലമേഞ്ഞ മുളകൊണ്ടുള്ള വീട്ടിൽ, 3 അടിയോളം പ്രളയജലം പൊങ്ങി. വെള്ളം വലിഞ്ഞപ്പോൾ, നിലത്തും, നിലത്ത് വെച്ചിരുന്ന സാധനങ്ങളിലും ചളി കട്ടിയായി അടിഞ്ഞുകൂടിയിരുന്നു. വീട് വീണ്ടും വാസയോഗ്യമാക്കാൻ, പ്രതിദിനം 400 രൂപ മാത്രം വരുമാനമുള്ള ഗണേഷിന് ഒരാഴ്ചത്തെ അദ്ധ്വാനവും 10,000 രൂപയുമാണ് (117 ഡോളർ) ചിലവഴിക്കേണ്ടിവന്നത്.

















