മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പിൽ താനും മത്സരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ സമയത്ത്, അദ്ദേഹത്തിൻ്റെ പേരിൽ ബാങ്ക് അക്കൗണ്ടിൽ അധികം പണമൊന്നുമുണ്ടായിരുന്നില്ല. ഭാര്യ അദ്ദേഹത്തിന് 15,000 രൂപ കൊടുത്തു. ഒരു ആദിവാസി റസിഡൻഷ്യൽ സ്കൂളിൽ അദ്ധ്യാപികയായിരുന്നു അവർ. പാർട്ടി പ്രവർത്തകരും അവരവരെക്കൊണ്ടാവുന്ന വിധത്തിൽ സംഭാവന ചെയ്തു. അങ്ങിനെ, തിരഞ്ഞെടുപ്പ് പത്രിക പൂരിപ്പിക്കുന്നതിന് മുമ്പ്, ഒരു 52,000 രൂപ അദ്ദേഹം സംഘടിപ്പിച്ചു.
ഇതിലുമധികം സാഹചര്യങ്ങൾ പ്രതികൂലമാവാനില്ല വിനോദ് നികോളിന്. 2014-ൽ ദഹാനു മണ്ഡലത്തിൽനിന്ന് 16,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ച എം.എൽ.എ ധനാരെ പാസ്കൽ ജന്യയായിരുന്നു പ്രധാന എതിരാളി. ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 82 കോടി രൂപ ചിലവഴിച്ചു എന്ന് ഔദ്യോഗികമായി തുറന്ന് സമ്മതിച്ച ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായിരുന്നു അയാൾ.
എന്നാൽ, ഫലം പുറത്ത് വന്നപ്പോൾ, പൈസയുടെ ഇല്ലായ്മയൊന്നും വിഷയമായില്ല. 5,000-ത്തിന് താഴെ വോട്ടിൻ്റെ ഭൂരിപക്ഷത്തിന് നികോൾ എം.എൽ.എ.യായി.
“എൻ്റെ കസിൻ എനിക്ക് 70,000 രൂപ കടമായി തന്നു. തിരഞ്ഞെടുപ്പിന് മുമ്പ്, എൻ്റെ കൈയ്യിലുണ്ടായിരുന്ന ആകെ പണം അതായിരുന്നു,” ദഹാനു പട്ടണത്തിലെ തൻ്റെ ഓഫീസിൻ്റെ മുമ്പിൽ ഒരു പ്ലാസ്റ്റിക് കസേരയിലിരുന്നുകൊണ്ട്, ഒരു വരണ്ട ചിരി ചിരിച്ച് അദ്ദേഹം പറയുന്നു. ഗോത്രസമുദായക്കാർക്ക് മുൻകൈയ്യുള്ള പാൽഘർ ജില്ലയുടെ ഭാഗമാണ് ദഹാനു.
ഇന്ന് നിലവിലില്ലാത്ത ഒരു ഇന്ത്യയിൽനിന്നുള്ള കഥയായി തോന്നും അത്. എന്നാൽ ഇത് സംഭവിച്ചത് 2019-ലായിരുന്നു. വീണ്ടും 2024-ലും. ഓരോ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. പ്രതിപക്ഷത്തെ ചവുട്ടിമെതിക്കുകയും പണംകൊണ്ടല്ലാതെ ജയിക്കാൻ പറ്റാത്ത കളിയാണ് രാഷ്ട്രീയം എന്ന് തോന്നുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാർത്ഥിയായ 48 വയസ്സുകാരൻ നികോൾ തൻ്റെ രണ്ടാം ഊഴത്തിലേക്ക് അനായാസമായി സഞ്ചരിച്ചെത്തിയത്. അതും, 93 ശതമാനം നിയമസഭാസാമാജികരും കോടീശ്വരന്മാരായി വാഴുന്ന ഒരു സംസ്ഥാനത്തിൽ. മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ (ഗ്രോസ്സ് സ്റ്റേറ്റ് ഡമസ്റ്റിക്ക് പ്രോഡക്ട് - ജി.എസ്.ഡി.പി) ഏറ്റവും ധനികമായ സംസ്ഥാനമാണ് മഹാരാഷ്ട്ര.
ദഹാനു പട്ടണത്തിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള വാകി ഗ്രാമത്തിൽ താമസിക്കുകയും ഇഷ്ടികച്ചൂളയിൽ തൊഴിലെടുക്കുകയും ചെയ്യുന്ന ദമ്പതിമാരുടെ മകനാണ് നികോൾ. രാജ്യത്ത്, തിരഞ്ഞെടുപ്പിന് ഏറ്റവുമധികം പണം ചിലവഴിക്കുന്ന മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ എം.എൽ.യുമാണ് അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പ്, പണം വിതരണം ചെയ്യാനോ, തൻ്റെ പ്രചാരണത്തിനായി ഒരു വലിയ സാമൂഹികമാധ്യമ സംഘത്തെ കൊണ്ടുനടക്കാനോ അദ്ദേഹത്തിനാവില്ല. എല്ലായ്പ്പോഴും നാട്ടിൽത്തന്നെ പ്രവർത്തിക്കുകയും ജനകീയ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും ഗോത്രകർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർക്ക് എപ്പോഴും പ്രാപ്യനാവുകയും ചെയ്യുന്നതിലൂടെ കിട്ടുന്ന മൂലധനമാണ് അദ്ദേഹത്തിൻ്റെ കൈമുതൽ.









