"വീട്ടിലെ പൈപ്പിൽ വരുന്ന വെള്ളത്തിന് ചിലപ്പോൾ മഞ്ഞ നിറമായിരിക്കും; അല്ലെങ്കിൽ നീലയോ കറുപ്പോ നിറത്തിലോ, പതയുന്ന വെള്ളമാണ് കിട്ടുക. പൈപ്പുവെള്ളത്തിന് അഴുക്കുചാലിലെ മലിനജലത്തിന്റെ മണമാണ്. കഴിഞ്ഞ ആറുമാസമായി ഈ വെള്ളമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്," പടിഞ്ഞാറൻ ഡൽഹിയിലെ പീരാഗഡി ഗ്രാമവാസിയായ 22 വയസ്സുകാരൻ റോഷൻ പറയുന്നു. തയ്യൽക്കാരനായ റോഷൻ കഴിഞ്ഞ മൂന്നുദിവസമായി പനിയും വയറുവേദനയും ബാധിച്ച് അവശനിലയിലാണ്. അദ്ദേഹത്തിന്റെ നാലംഗ കുടുംബത്തിൽ രോഗമൊഴിഞ്ഞ നേരമില്ല എന്നതാണ് സ്ഥിതി.
ഒരുകാലത്ത് തലസ്ഥാന നഗരിയുടെ പ്രാന്തപ്രദേശമായിരുന്ന പീരാഗഡി ഗ്രാമം അതിദ്രുതമായ നഗരവ്യാപനത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ഇന്ന് നഗരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇവിടത്തെ താമസക്കാരിൽ നിരവധി പേർക്ക് ടാപ്പിൽ വരുന്ന മലിനജലം മൂലം ദഹനസംബന്ധിയായ രോഗങ്ങളോ പനിയോ ബാധിച്ചിട്ടുണ്ട്. 2024 ജൂൺ മുതൽ, ഈ പ്രദേശത്തുള്ള ഏതാണ്ട് 1000 വീടുകളിലെല്ലാംതന്നെ മുൻസിപ്പൽ ജലവിതരണ സംവിധാനത്തിലൂടെ കടുത്ത ദുർഗന്ധമുള്ള വെള്ളമാണ് ലഭിക്കുന്നത്.
പീരാഗഡിയിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് വ്യവസായശാലകളുണ്ട്., പ്രധാനമായും പ്ലാസ്റ്റിക്ക് ഉത്പന്ന നിർമ്മാണശാലകളാണ് രണ്ടു ദശാബ്ദം മുൻപുവരെ ഇവിടെയുണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ കാലക്രമേണ, പെയിന്റ്, ഡൈകൾ, ഷൂസുകൾ, ഇലക്ട്രോണിക്ക് ഉത്പന്നങ്ങളും മോട്ടോറുകളും മറ്റും ഉത്പാദിപ്പിക്കുന്ന വ്യവസായശാലകൾ ഈ പ്രദേശത്ത് ഉയർന്നു.
പീരാഗഡിലെ വ്യവസായശാലകളിലൊന്നിൽ ദിവസവേതനത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് റോഷന്റെ പിതാവ് ബിശ്വനാഥ്. 15 വർഷം മുൻപാണ് അദ്ദേഹം ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് കുടിയേറിയെത്തിയത്. തൊഴിൽ, ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ സാഹചര്യമുണ്ടായിരുന്ന ഈ ഗ്രാമം അന്നുതൊട്ട് ബിശ്വനാഥിന്റെ വീടായി.
ബിശ്വനാഥിന്റെ കുടുംബത്തെപ്പോലെ, പീരാഗഡിൽ താമസിക്കുന്ന മിക്ക കുടുംബങ്ങളും തങ്ങളുടെ മാസവരുമാനത്തിന്റെ ഏതാണ്ട് പത്തുശതമാനം, അതായത് ഒരു ദിവസം ശരാശരി 100 രൂപ, ശുദ്ധമായ കുടിവെള്ളം വാങ്ങാൻ ചിലവാക്കേണ്ട സ്ഥിതിയിലാണ്.














