"രേഖകളിൽ ഇവിടെ നെയ്ത്തുകാർക്ക് ഒരു പഞ്ഞവുമില്ല, എന്നാൽ (പ്രായോഗികതലത്തിൽ) ഞാൻ മരിക്കുന്നതോടെ എല്ലാം അവസാനിക്കും," രൂപ്ചന്ദ് ദേബ്നാഥ്, തന്റെ മുളങ്കുടിലിൽ സ്ഥാപിച്ചിരിക്കുന്ന കൈത്തറിയിൽ നെയ്യുന്നതിൽനിന്ന് ഇടവേളയെടുത്ത് നെടുവീർപ്പോടെ പറയുന്നു. കുടിലിലെ ഇടത്തിന്റെ നല്ലൊരു പങ്കും കയ്യടക്കുന്ന തറി കൂടാതെ പിന്നെ അവിടെയുള്ളത് കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന ആക്രിസാധനങ്ങളാണ്-തകർന്ന വീട്ടുപകരണങ്ങൾ, ലോഹത്തിൽ തീർത്ത സ്പെയർ പാർട്ടുകൾ, മുളക്കഷ്ണങ്ങൾ തുടങ്ങിയവ. ഒന്നിൽക്കൂടുതൽ ആളുകൾക്ക് ഇരിക്കാൻ അവിടെ ഇടം കഷ്ടിയാണ്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുള്ള ത്രിപുര സംസ്ഥാനത്തെ ധർമ്മനഗർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗോബിന്ദപൂരിലാണ് 73 വയസ്സുകാരനായ രൂപ്ചന്ദ് താമസിക്കുന്നത്. വീതി കുറഞ്ഞ ഒരു റോഡ് ചെന്നവസാനിക്കുന്ന ഈ ഗ്രാമത്തിൽ ഒരുകാലത്ത് 200 നെയ്ത്തുകുടുംബങ്ങളും 600-ലധികം കൈപ്പണിക്കാരും ഉണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്ന് ഏറെക്കുറെ വിസ്മരിക്കപ്പെട്ടിരിക്കുന്ന ആ പ്രതാപതകാലത്തിന്റെ സ്മാരകമെന്നോണം, ദ്രവിച്ചുതുടങ്ങിയ ചുവരുകളുമായി ഗോബിന്ദപൂർ ഹാൻഡ്ലൂം അസോസിയേഷന്റെ ഓഫീസ് വീതി കുറഞ്ഞ നിരത്തുകളുടെ ഓരത്തുള്ള ഏതാനും വീടുകളുടെ ഇടയിലായി ബാക്കിയാണ്.
"അക്കാലത്ത് ഇവിടെ തറിയില്ലാത്ത ഒരൊറ്റ വീടുപോലും ഉണ്ടായിരുന്നില്ല," നാഥ് സമുദായാംഗമായ (സംസ്ഥാനത്ത് മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്നു) രൂപ്ചന്ദ് ഓർത്തെടുക്കുന്നു. കത്തുന്ന വെയിലിൽ മുഖത്ത് പൊടിയുന്ന വിയർപ്പ് തുടച്ചുകൊണ്ട് അദ്ദേഹം തുടരുന്നു, "അക്കാലത്ത് സമൂഹം ഞങ്ങളെ മാനിച്ചിരുന്നു. ഇപ്പോൾ ആർക്കും ഞങ്ങളെ വേണ്ട. അല്ലെങ്കിലും, വരുമാനം ഒന്നും നേടാനാവാത്ത ഒരു തൊഴിലിനെ ആരാണ് ബഹുമാനിക്കുകയെന്ന് നിങ്ങൾ പറയൂ?" വിഷമത്താൽ തൊണ്ടയിടറി അദ്ദേഹം ചോദിക്കുന്നു.
പരിചയസമ്പന്നനായ ഈ നെയ്ത്തുകാരൻ, പണ്ട്, താൻ പൂക്കളുടെ ബൃഹത്തായ ഡിസൈനുകളോട് കൂടിയ നക്ഷി സാരികൾ കൈകൊണ്ട് നെയ്തിരുന്നതായി ഓർക്കുന്നു. എന്നാൽ 1980-കളിൽ, "പൂർബാഷ (ത്രിപുര സർക്കാരിന്റെ ഹാൻഡിക്രാഫ്റ്റ് എംപോറിയം) ഇവിടെ ധർമ്മനഗറിൽ ഒരു കട ആരംഭിച്ചപ്പോൾ, അവർ ഞങ്ങളോട് നക്ഷി സാരികൾ നെയ്യുന്നത് അവസാനിപ്പിച്ച് സാധാരണ, പ്ലെയിൻ സാരികൾ നെയ്യാൻ ആവശ്യപ്പെട്ടു,"രൂപ്ചന്ദ് പറയുന്നു. തുന്നലുകളുടെ സങ്കീർണ്ണതയും ഗുണനിലവാരവും കുറവായ ഈ സാരികൾക്ക് അതുകൊണ്ടുതന്നെ വിലയും കുറവായിരുന്നു.
ക്രമേണ, നക്ഷി സാരികൾ ഈ പ്രദേശത്തുനിന്ന് അപ്രത്യക്ഷമായെന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "ഇവിടെ കൈപ്പണിക്കാർ ആരും അവശേഷിക്കുന്നുമില്ല തറികളുടെ ഭാഗങ്ങൾ കിട്ടാനുമില്ല." കഴിഞ്ഞ നാലുവർഷമായി വീവേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന രബീന്ദ്ര ദേബ്നാഥ് ഇതിനോട് യോജിച്ചുകൊണ്ട് പറയുന്നു, "ഞങ്ങൾ നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് വിപണി കിട്ടാത്ത സ്ഥിതിയായിരുന്നു." 63 വയസ്സുകാരനായ അദ്ദേഹം നെയ്ത്തിനാവശ്യമായ ആരോഗ്യമില്ലാത്തതിനാൽ ആ തൊഴിൽ അവസാനിപ്പിച്ചിരിക്കുകയാണ്.














