2022-ൽ ദയാനിത സിംഗ്, പാരിയുമായി സഹകരിച്ച് ദയാനിത സിംഗ്-പാരി ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫി അവാർഡ് ആരംഭിച്ചു. പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലെ എം.പളനി കുമാറിനായിരുന്നു ആദ്യവർഷത്തെ പുരസ്കാരം.
2 ലക്ഷം രൂപയടങ്ങുന്ന ഇത്തവണത്തെ ആ അവാർഡ് കിട്ടിയിരിക്കുന്നത്, അവർ തിരഞ്ഞെടുത്ത, വളർന്നുവരുന്ന, പ്രതിഭാധനയായ ഒരു വ്യക്തിക്കാണ്. പീപ്പിൾസ് ആർക്കൈവ് ഓഫ് ഇന്ത്യയിലെ ആയനയ്ക്ക്.
തീർത്തും വൈയക്തികമായ വഴികളിലൂടെയാണ് ആയനയുടെ ഫോട്ടോഗ്രാഫിയിലേക്കുള്ള വരവ്. മറക്കാൻ ആഗ്രഹിച്ച യാഥാർത്ഥ്യങ്ങൾ ഓർമ്മയ്ക്കുള്ളിൽ സജീവമായി നിലനിർത്താനുള്ള ഒരു മാർഗ്ഗമെന്ന നിലയിൽ. അതിജീവനത്തിനായി, ഉള്ളിൻ്റെയുള്ളിൽ, രൂപപ്പെടുത്തിയ ഉപകരണങ്ങളെത്തന്നെ, നിരവധിപേരുടെ പറയപ്പെടാത്ത കഥകൾ പറയാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിക്കാമെന്ന് അവർ തിരിച്ചറിഞ്ഞു. വിവിയൻ മായർ, ശങ്കർ സർക്കാർ, പളനി കുമാർ എന്നിവരുടെ രചനകളിലൂടെയാണ് അവർക്കത് ബോദ്ധ്യപ്പെട്ടത്. കോവിഡ്-19-ൻ്റെ കാലത്ത്, പാരിയുമായി സഹകരിച്ച് പ്രവർത്തിച്ചതിലൂടെ ആ തിരിച്ചറിവ് ബലപ്പെടുകയും ചെയ്തു.
കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടേയും, കോവിഡ് 19 മഹാമാരിക്കാലത്ത് ആരോഗ്യപരിചരണം കിട്ടാതെ വഴിയരികിൽ ആലംബമറ്റ് കിടനിരുന്ന കുടിയേറ്റത്തൊഴിലാളികളുടേയും അർത്ഥഗർഭമായ ചിത്രങ്ങൾ അവരുടെ ക്യാമറ പകർത്തിയെടുത്തു. മുംബൈ തീവണ്ടിയിലെ ഒരു ഗായകൻ, നഗരത്തിലെ ടാക്സി ഡ്രൈവർമാർ, ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫർമാർ, ഒരു കഴുതപ്പാൽ വില്പനക്കാരൻ, നൃത്തച്ചുവടുകൾവെച്ചും സ്വയം ചാട്ടവാറിനടിച്ചും മുംബൈ നഗരത്തിൽ ജീവിക്കുന്ന, കർണ്ണാടകയിൽനിന്നുള്ള കുടിയേറ്റക്കാരൻ എന്നിങ്ങനെ, മഹാനഗരത്തിൻ്റെ അവഗണിക്കപ്പെട്ട കോണുകളിൽ കഴിയുന്ന മനുഷ്യരെക്കുറിച്ചുള്ള 23 കഥാചിത്രങ്ങൾ ആയന നമുക്ക് നൽകി. നഗരത്തിലെ ഗ്രാമീണരെ ഇത്രയും അനുഭാവപൂർവ്വവും സംവേദനക്ഷമവുമായി നോക്കിക്കാണുന്ന ചിത്രങ്ങൾ നാം അധികം കണ്ടിട്ടില്ല.















