സ്മാരകത്തിലേക്കുള്ള ഇരുമ്പ് ഗേറ്റ് ഇന്നും നിലനിൽക്കുന്നുണ്ട്. പക്ഷേ അതിനപ്പുറം ഒരു ഗ്രാമവും ഇനി കാത്തുനിൽക്കുന്നില്ല.
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടങ്ങളിൽ സ്ഥിതിചെയ്തിരുന്ന മായിൻ ഗ്രാമത്തിൽ, ഒരുകാലത്ത് 70 കുടുംബങ്ങൾ താമസിച്ചിരുന്ന മലഞ്ചരിവിൽ, മുകളിലേക്ക് പോകുന്ന ബസാൾട്ട് കല്ലുപടികൾക്കടുത്തായി, ഉപേക്ഷിക്കപ്പെട്ട ഒരു സ്കൂൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 2014 ജൂൺ 30-നുണ്ടായ ഉരുൾപൊട്ടലിൽ, മണ്ണിൽ പുതഞ്ഞു ജീവൻ നഷ്ടപ്പെട്ടുപോയ 151 പേരും അടക്കംചെയ്യപ്പെട്ട ആ സ്മാരകത്തിന് ചുറ്റും, ഇപ്പോഴുള്ളത് കാറ്റത്തനങ്ങുന്ന മരപടർപ്പുകളുടെ ഒച്ച മാത്രം.
62 വയസ്സുള്ള രഘുനാഥ് ജാൻജരെ, അന്ന് മരിച്ചവരുടെ പേരുകൾ കൊത്തിയ സ്മാരകത്തിന് അരികിലായി നിൽക്കുന്നു. “ജനാബായ് ദഗഡു ജാൻജരെ,” അദ്ദേഹം കൈകൊണ്ട് അക്ഷരങ്ങൾ തൊട്ടു വായിക്കുന്നു. “എൻ്റെ അമ്മ.”
ഓർമ്മകളിൽ തങ്ങി, അദ്ദേഹം ഒരു നിമിഷം നിശബ്ദനാവുന്നു. അംബേഗാവ് മാർക്കറ്റിൽ ചെറിയൊരു കട നടത്തുന്ന രഘുനാഥ്, പഴയ ഗ്രാമത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയായി സംസ്ഥാന സർക്കാർ നിർമിച്ച പുതിയ മായിൻ ഗ്രാമത്തിലാണ് ഇപ്പോൾ താമസം. എന്നാൽ 2014-ൽ അദ്ദേഹം പുണെ നഗരത്തിൽ ജോലിചെയ്ത് ജീവിക്കുകയായിരുന്നു.




















