കുറച്ചുകാലമായി താൻ അകപ്പെട്ടുപോയ ആശുപത്രിക്കിടക്കയ്ക്ക് അഭിമുഖമായി അദ്ദേഹം തൻ്റെ ചക്രക്കസേര തിരിച്ചുവെച്ചു. മേൽക്കൂരയിൽനിന്ന് തൂങ്ങിനിൽക്കുന്ന ഒരു മുഷിഞ്ഞ തുണിയിൽ ഇടതുകൈകൊണ്ട് പിടിച്ചിരുന്നു അയാൾ. വലതുകൈകൊണ്ട് തിരിച്ചും മറിച്ചു, അയാൾ തൻ്റെ ശരീരം വലിച്ചുനീക്കി, പതുക്കെ ചക്രക്കസേരയിലേക്ക് കയറിക്കൂടി. പിന്നെ, മെല്ലെ, ഇരുകൈകൊണ്ടും ഓരോരോ കാലുകൾ താഴ്ത്തി അവയെ കാൽപ്പാദം വെക്കുന്ന ഭാഗത്ത് വെച്ചു. ഒരായിരം തവണയെങ്കിലും ഇത് ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുംവിധം അനായാസമായിട്ടാണ് അയാൾ ഇതെല്ലാം ചെയ്തത്. ബിൽഗിരിരംഗാന ഹില്ലിലെ കാടുകളിലെ വന്മരങ്ങളിൽ ഒരുകാലത്ത് താൻ കയറിയിരുന്ന അതേ അനായാസതയോടെ...ആ പ്രത്യേക ദിവസം വരെ..


Chamarajanagar, Karnataka
|THU, MAR 19, 2026
ബി.ആർ ഹില്ലിലെ ചിറകൊടിഞ്ഞ പക്ഷി
വന്മരങ്ങളിൽനിന്ന് തേൻ ശേഖരിച്ചീരുന്ന കർണാടകയിലെ ബി.ആർ. ഹില്ലിലെ ചെറുപ്പക്കാരനായ ഒരു സോളിഗ ആദിവാസി ഒരു വലിയ അപകടത്തിനുശേഷം ഇന്ന്, തൻ്റെ ജീവിതഗാനത്തിൻ്റെ അർത്ഥം തേടുകയാണ്
Author
Editor
Photo Editor
Translator

M. Palani Kumar
“വൈകീട്ട് ആറുമണിയായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. വൃക്ഷത്തിൻ്റെ തടി അല്പം വഴുക്കുന്നുണ്ടായിരുന്നു. താരെ മരയിൽ (ടെർമിനാലിയ ബെല്ലിരിക്ക) ഒരു വലിയ തേനീച്ചക്കൂടുണ്ടായിരുന്നു. അത് മുറിക്കുന്നതിന് അതിൻ്റെ തൊട്ടടുത്തുള്ള ഹണ്ണെ മരയിൽ (പ്ടെരോകാർപ്പസ് മാർസുപിയം) ഞാൻ കയറി. വലിയ മരങ്ങളാണ്. പടുകൂടൻ മരങ്ങൾ.” അരുൺ കുമാർ സൂചിപ്പിക്കുന്ന ഈ മരങ്ങൾ 130 അടിയോളം വളരാൻ കഴിവുണ്ട്.
“ഒരു കൈയിൽ കത്തിച്ച പന്തമുണ്ടായിരുന്നു. തേനീച്ചകൾ പക്ഷേ കുത്തുന്നുണ്ടായിരുന്നു. അതിനാൽ, വേഗം ഇറങ്ങാൻ ഞാൻ തീരുമാനിച്ചു. പെട്ടെന്ന് എൻ്റെ കാൽ വഴുക്കി ഞാൻ വീണു. 25 അടി താഴ്ചയിലേക്ക്. കമഴ്ന്നാണ് വീണത്.” 2024 മേയ് 12-ലെ ആ സംഭവം ഓർത്തെടുക്കുകയായിരുന്നു അദ്ദേഹം. രണ്ട് കാലിൽ അവസാനമായി താൻ നടന്ന ദിവസം.
8 x 10 അടിയുള്ള തകരമുറിയുടെ ചെറിയ വാതിലിലൂടെ അരുണിൻ്റെ കൈകൾ ആ പഴകിയ ചക്രക്കസേരയെ തള്ളിനീക്കി. പുറത്തുനിന്ന് വരുന്ന ചെറിയ വെളിച്ചമൊഴിച്ചാൽ ഇരുട്ടായിരുന്നു ആ മുറിയിൽ. കുടുംബത്തിലെ ബാക്കിയുള്ളവർ താമസിക്കുന്ന ചളിയും ഇഷ്ടികയുംകൊണ്ടുണ്ടാക്കിയ വീടിൻ്റെ ഒരു വശത്ത്, ദൃഷ്ടിയിൽനിന്ന് ഏതാണ്ട് മറഞ്ഞതുപോലെയുള്ള ഒരു ചായ്പായിരുന്നു അത്. അത്ര അദൃശ്യമല്ലാതെ, കുറച്ചപ്പുറത്തായി ഒരു പ്രാവിൻകൂടുണ്ടായിരുന്നു. അതിൽ, ഏതാനും പ്രാവുകളും. ഉപജീവനത്തിനായി അയാളുടെ അച്ഛൻ വളർത്തുന്നതാന് അവയെ.

Pratishtha Pandya

M. Palani Kumar
“സഹായിക്കാൻ ആരുമില്ല. രാവിലെ ഞാൻ സ്വയം ഈ മുറിയിൽനിന്ന് പുറത്ത് കടന്ന്, വെയിലത്തിരിക്കും,” മുറിക്ക് പിന്നിലെ ചെറിയൊരു തുറസ്സിലേക്ക് വണ്ടിയുരുട്ടിക്കൊണ്ട് ആ 24-കാരൻ പറയുന്നു. വെള്ളിനിറമുള്ള ഓക്കുമരങ്ങളുടെ കൊമ്പുകൾക്കിടയിലൂടെ സൂര്യൻ കടന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു.
സാധാരണയായി, ഈ കാലമാവുമ്പോഴേക്കും, അരുൺ ആ കൊമ്പുകളെല്ലാം മുറിച്ച്, കാപ്പിച്ചെടികളിലേക്ക് സൂര്യപ്രകാശമെത്തിക്കാൻ കുടുംബത്തിനെ സഹായിക്കാറുണ്ടായിരുന്നു. ഇത്തവണ, കൂലിക്ക് ആളെ വിളിക്കണം. അത് ചിലവുള്ളതിനാൽ, മരങ്ങൾ ക്രമാതീതമായി വളരുന്നു
ശിശിരകാല സൂര്യൻ്റെ വെളിച്ചത്തിലേക്ക് അരുൺ നീങ്ങിയിരുന്നു.
“സീസണാവുമ്പോൾ എന്തെങ്കിലും നീക്കിയിരുപ്പിനായിട്ടാണ് ഞാൻ തേൻ ശേഖരിച്ചിരുന്നത്. ഏപ്രിലിനും ജൂണിനുമിടയിൽ ഒരു അഞ്ചാറ് ആഴ്ചകൾ നീണ്ടുനിൽക്കും തേൻ ശേഖരിക്കുന്ന ജോലി. വേനൽക്കാലത്ത്, പുറത്തൊന്നും ജോലി കിട്ടില്ല. വീട്ടിലും പൈസയ്ക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട്, ഞങ്ങൾ നാലഞ്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു സംഘമുണ്ടാക്കി, ഇത് ആരംഭിച്ചു, ഒരു ചെറിയ വരുമാനം കിട്ടാൻ,” അയാൾ പറയുന്നു. വീട്ടുചിലവുകൾ നടത്താനുള്ള വരുമാനത്തിന് ഇത്തരം ചെറിയ സംഖ്യകൾ സഹായിച്ചു.

Courtesy: Arun
“കൂട്ടുകാരോടൊത്ത് ചുറ്റിനടക്കാൻ എനിക്കിഷ്ടമായിരുന്നു. എന്നാൽ ക്ലാസ്സുമുറിയിലെ കാര്യങ്ങൾ എനിക്ക് അധികം മനസ്സിലായില്ല. അതിനാൽ 7-ആം ക്ലാസ്സിൽവെച്ച് ഞാൻ പഠിപ്പ് നിർത്തി,” അരുൺ പറയുന്നു. “മറ്റുള്ളവർ ചെയ്യുന്നത് നോക്കി, മരം കയറാനും തേൻ ശേഖരിക്കാനും പഠിച്ചു. ആദ്യമൊക്കെ പേടിയായിരുന്നു. എന്നാൽ പിന്നീട് അത് രസമായി. ആളുകൾ മരത്തിൻ്റെയടുത്തേക്ക് പാട്ട് പാടിക്കൊണ്ടാണ് പോവുക. ജേനുകുയ്യോഹാഡു എന്ന പാട്ട്. ഞാൻ അത് പഠിച്ചില്ല.” അയാൾ പറയുന്നു. സോളിഗക്കാർ പരമ്പരാഗതമായി തേൻ ശേഖരിക്കുന്നവരാണ്. എന്നാൽ അരുണിൻ്റെ അച്ഛൻ 53 വയസ്സുള്ള എം.സന്നരംഗെ ഗൗഡ അധികകാലം അത് ചെയ്തില്ല.
ഗൗഡ ഒരു കർഷകനും, ചാമരാജനഗർ ജില്ലയിലെ ഒരു സാമൂഹിക പ്രവർത്തകനുമായിരുന്നു. 1970-കളിൽ, സർക്കാർ സോളിഗ ആദിവാസികളെ കാടുകളിലെ ചെറിയ കോളണികളിൽ (പോഡു) താമസിക്കാനും, മാറ്റക്കൃഷി അവസാനിപ്പിക്കാനും നിർബന്ധിച്ചു. യെലന്ദൂർ താലൂക്കിലെ മുത്തുഗദ്ഗഡ്ഡു പോഡുവിൽ കുടുംബത്തിന് രണ്ടേക്കർ സ്ഥലം നൽകുകയും 1974 മുതൽ അവർ അവിടെ കൃഷി നടത്തുകയും ചെയ്തിരുന്നു.

Courtesy: Arun
“ഞങ്ങൾ ബീൻസ്, വൻ ധാന്യം, കടല, റാഗി എന്നിവ കൃഷി ചെയ്തിരുന്നു. എന്നാൽ ആനകളും പന്നികളും വിളകൾ നശിപ്പിച്ചു. അതുകൊണ്ട്, 1990 മുതൽ ഞങ്ങൾ കാപ്പി കൃഷി ചെയ്യാൻ തുടങ്ങി,” ഗൗഡ പറയുന്നു.
സ്കൂൾ പഠനം നിർത്തിയശേഷം അരുൺ അച്ഛനെ സഹായിക്കാൻ കൃഷിയിലേക്കിറങ്ങി. നടലും, വെട്ടലും, ചുറ്റുപാടുകൾ വൃത്തിയാക്കലും, കള പറിക്കലും, കുരുക്കൾ പൊട്ടിക്കുന്നതും എല്ലാം ചെയ്തു. കൂട്ടത്തിൽ, മറ്റ് ചെറിയ ജോലികളും ചെയ്ത് സമ്പാദിക്കാൻ ശ്രമിച്ചു. “കൈയ്യിൽ കിട്ടിയ എല്ലാ ജോലികളും ചെയ്തു. മരങ്ങൾ മുറിക്കുക, വിറക് കീറുക, തേനും പായലുകളും (പാച്ചി) ശേഖരിക്കുക അങ്ങിനെ ചില ജോലികൾ. ചില ദിവസം 1,000 രൂപവരെ കിട്ടും. എന്നാൽ വരുമാനം സ്ഥിരമായിരുന്നില്ല.”
“ചെറുപ്പക്കാരായ സോളിഗകൾക്ക് പുറത്തൊന്നും ജോലി കിട്ടാറില്ല. അവർക്ക് മറ്റ് കഴിവുകളില്ല. വിദ്യാഭ്യാസംകൊണ്ട് ജോലി കിട്ടുമെന്നും ഉറപ്പില്ല,” ആക്ടിവിസ്റ്റും സമുദായത്തിലെ ആദ്യത്തെ പി.എച്ച്.ഡി-ക്കാരനുമായ ഡോ. സി. മദെഗൗഡ പറയുന്നു.
18 വയസ്സായപ്പോൾ അരുൺ തൊഴിലിനായി പുറംനാടുകളിലേക്ക് പോകാൻ തുടങ്ങി. ആദ്യം ബംഗളൂരുവിലേക്ക് നിർമ്മാണത്തൊഴിലാളിയായും പിന്നീട്, കർണ്ണാടക, കേരളം എന്നിവിടങ്ങളിലെ കുരുമുളക്, കാപ്പിത്തോട്ടങ്ങളിലേക്കും. വിളവെടുപ്പ് കഴിഞ്ഞ്, മാർച്ച്-ഏപ്രിലാകുമ്പോഴേക്കും തിരികെ മടങ്ങും.
ഗ്രാമത്തിൽ തേൻ ശേഖരണം തുടങ്ങുന്നത് ഈ കാലത്താണ്.

M. Palani Kumar

M. Palani Kumar
“എല്ലായ്പ്പോഴും നിങ്ങൾക്ക് തേൻകൂട് കിട്ടില്ല. സീസണിലെ എല്ലാ ദിവസവും കാട്ടിൽ പോകാറുമില്ല. മാസത്തിൽ നാലഞ്ച് തവണ മാത്രം. രാവിലെ പോവും. ഒരു 15 കിലോമീറ്റർ ചുറ്റളവിൽ. തേൻകൂടുകൾ കണ്ടുവെക്കും, വീട്ടിൽ വന്ന്, വൈകീട്ട് തേനെടുക്കാൻ പോവും. ചിലപ്പോൾ മൂന്നോ നാലോ ദിവസത്തേക്കുള്ള ഭക്ഷണവും കൈയ്യിൽ കരുതി കാടിൻ്റെ ഉള്ളിലേക്കും പോവും,” അരുൺ പറയുന്നു.
കണ്ടെത്തുന്ന തേൻകൂടുകളുടെ വലിപ്പവും എണ്ണവുമനുസരിച്ചിരിക്കും അവരുടെ വരുമാനവും. ഒരു യാത്രയിൽ 60-70 കിലോഗ്രാം തേൻ അവർ ശേഖരിക്കും. വീട്ടിലെത്തിയാൽ അത് കാനുകളിലൊഴിച്ച്, ഒരു തുണികൊണ്ട് അരിക്കും. ഇത് അവർ കിലോയ്ക്ക് 200-300 രൂപവെച്ച് ഏജൻ്റിന് കൊടുക്കും. എന്നിട്ട്, ആ വരുമാനം തുല്യമായി പങ്കിടും.
“എൻ്റെ മൂന്ന് കൂട്ടുകാർ എന്നോടൊപ്പമുണ്ടായിരുന്നു. വീഴ്ചയ്ക്കുശേഷം ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ, പുറമിടിച്ച് വീണതിനാൽ നല്ല വേദനയുണ്ടായിരുന്നു. എല്ലുകൾ പൊട്ടിയിരുന്നു. അനങ്ങാൻ പറ്റിയില്ല. രാത്രിയായതിനാൽ കൂട്ടുകാർ മണിക്കൂറുകൾ എന്നോടൊപ്പം അവിടെ തങ്ങി. വന്യമൃഗങ്ങൾ വരാതിരിക്കാൻ തീകൂട്ടി. രാവിലെ ഗ്രാമീണർ വന്നപ്പോൾ, ഒരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു,” അരുൺ പറയുന്നു. സമീപത്തുള്ള വിവേകാനന്ദ് ട്രൈബൽ ഹെൽത്ത് സെൻ്ററിലാണ് (വി.ടി.എച്ച്.സി) എത്തിച്ചത്.

M. Palani Kumar
“അന്നത്തെ സംഭവത്തിനുശേഷം, വർഷങ്ങളായി ആശുപത്രി സന്ദർശനമാണ്,” അരുണിൻ്റെ അച്ഛൻ പറയുന്നു. അരയ്ക്ക് കീഴെ തളർന്നുവെന്ന് വി.ടി.എച്ച്.എസ്സിലെ ഡോക്ടർമാർ പറയുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. “അവരെന്നെ ചാമരാജനഗർ ഇൻസ്റ്റിട്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (സി.ഐ.എം.എസ്) അയച്ചു. എല്ലുകൾ കൂട്ടിമുട്ടിയിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു നാഡിയും മുറിഞ്ഞുപോയിരുന്നു. റിപ്പോർട്ടുകളൊക്കെ ആശുപത്രി വെച്ചു. ഞങ്ങൾക്ക് മരുന്നും കുത്തിവെപ്പും തന്നു,” എം. സന്നരംഗെ ഗൗഡ പറയുന്നു.
പൊട്ടിയ നട്ടെല്ലിൻ്റെ കശേരുക്കൾ ശരിയാക്കാനും നാഡികൾക്ക് കൂടുതൽ പരിക്കേൽക്കാതിരിക്കാനുമായി സീ.ഐ.എം.എസ്സിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം അരുൺ വി.ടി.എച്ച്.സി.യിലേക്ക് മടങ്ങി. അരുണിൻ്റെ ഭാര്യയടക്കം, അയാളെ പരിചരിക്കുന്നവർക്കുള്ള പരിശീലനം അവിടുത്തെ സ്റ്റാഫ് നൽകി.

M. Palani Kumar

M. Palani Kumar
വിവാഹം കഴിഞ്ഞ് വെറും ആറ് മാസം കഴിഞ്ഞപ്പോഴായിരുന്നു അപകടം. “ഭാര്യ അവനെ നന്നായി നോക്കിയിരുന്നു, ഒടുവിൽ...” വാചകം പൂർത്തിയാക്കാൻ കഴിയാതെ അരുണിൻ്റെ അമ്മ, 45 വയസ്സുള്ള മസാനമ്മ നിർത്തി. “ഞങ്ങൾ ദിവസം മുഴുവൻ കാട്ടിലായിരിക്കും. അവൻ വീട്ടിലുണ്ടാവും, മൊബൈലും നോക്കി. പണ്ട് വരാറുണ്ടായിരുന്ന കൂട്ടുകാർപോലും വരാതായി. ആകെ മുഷിഞ്ഞ അവൻ നിസ്സഹായനായി. എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ആശങ്കപ്പെടുകയല്ലാതെ,” അവർ പറയുന്നു.
“ഡോക്ടർമാർ എൻ്റെ അച്ഛനമ്മമാരോട് എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. നടക്കാൻ സാധിക്കുമെന്നാണ് അവർ എന്നോട് പറഞ്ഞത്. നടക്കാൻ ശ്രമിക്കണമെന്നും ഉപദേശിച്ചു. എന്നാൽ, താങ്ങാൻ ആരുമില്ലാത്തതിനാൽ ഞാനതിന് ശ്രമിച്ചില്ല,” അരുൺ പറയുന്നു. ചക്രക്കസേരയുടെ ഇടത്തേ കൈപ്പിടിയിൽനിന്ന് തൂങ്ങിക്കിടക്കുന്ന മൂത്രസഞ്ചിയുടെ പ്ലാസ്റ്റിക്ക് ട്യൂബിൽ വിരലുകൾകൊണ്ട് തിരുപ്പിടിച്ച് അരുൺ പറയുന്നു.
ശസ്ത്രക്രിയയ്ക്ക് പിന്നാൽ, അരുണിന് മൂത്രം പിടിച്ചുവെക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. വി.ടി.എച്ച്.സിയിലെ ഡോക്ടർമാരുടെ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അടിവയറ് വീർത്ത് വേദന അനുഭവപ്പെടാൻ തുടങ്ങി. 2024 ജൂണിൽ വീണ്ടും ആശുപത്രികളിലേക്കുള്ള യാത്ര തുടങ്ങി. ആദ്യം സി.ഐ.എം.എസ്, പിന്നെ മൈസൂരിലെ കെ.ആർ. ആശുപത്രിയിലെ യൂറോളജിസ്റ്റിൻ്റെ അടുത്ത്. കൂടുതൽ പരിശോധനകൾക്കായി അവിടെ അഡ്മിറ്റായി. അഞ്ചുദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോന്നു.

M. Palani Kumar

Pratishtha Pandya
ജൂലായിലും ഓഗസ്റ്റിലും പ്രശ്നങ്ങൾ ആവർത്തിച്ചു. ഓരോ തവണയും അരുണിനെ കുറച്ച് ദിവസം മൈസൂരിൽ, യൂറോളജിസ്റ്റിൻ്റെ ചികിത്സയിൽ പ്രവേശിപ്പിച്ചു. പല തവണ അണുബാധയുണ്ടായി. അപ്പോഴെല്ലാം ആൻ്റി ബയോട്ടിക്കുകൾ ആവശ്യം വന്നു. ചില സമയങ്ങളിൽ രക്താതിസമ്മർദ്ദം കൂടുതലായി. അതിന്, സമ്മർദ്ദം കുറയ്ക്കാനുള്ള ചികിത്സ ആവശ്യമായി. പരിചരണം കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറി.
“മൂത്രാശയ പ്രശ്നങ്ങൾ ഉയർന്നപ്പോൾ, മൈസൂരിൽ പല തവണ പോകേണ്ടിവന്നു,” അരുണിൻ്റെ അച്ഛൻ പറയുന്നു. “സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണ്. എന്നാൽ, വാഹനവാടക 3,000 രൂപയായിരുന്നു ചാമരാജനഗറിലേക്ക് എത്താൻ. മൈസൂരിലേക്ക് 5,000 തവണയും. അതിനുപുറമെയാണ് ഭക്ഷണവും താമസവും..ഓരോ തവണ പോകാനും, ചുരുങ്ങിയത് 10,000 രൂപ ചിലവ് വന്നു.”
അരുണിനെപ്പോലുള്ളവർക്കുവേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഡോ. മദെഗൗഡ പറയുന്നു. “കടുവ കൊന്നാലും, ആനകൾ ആക്രമിച്ചാലും 20 ലക്ഷം രൂപവരെ കിട്ടും. ലാർജ് ഏരിയ മൾട്ടിപർപ്പസ് സൊസൈറ്റികൾ പോലുള്ള സംഘടനകൾപോലും ഗുരുതരമായ അപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇൻഷുറൻസ് പോളിസികൾ നൽകുന്നുണ്ട്. എന്നാൽ, തേനെടുക്കുമ്പോൾ മരത്തിൽനിന്ന് വീണാൽ, ഇൻഷുറൻസുമില്ല, നഷ്ടപരിഹാരവുമില്ല.” ഇന്ത്യയിലെ കാടുകളിൽനിന്ന് വിഭവങ്ങൾ ശേഖരിക്കുന്നവരെല്ലാം ഈ പ്രശ്നങ്ങൾ നേരിടുന്നു. ബി.ആർ.ഹില്ലിലും സ്ഥിതി വ്യത്യസ്തമല്ല. “അരുണിന് മുമ്പ്, കെരെഡിംബ പോഡുവിലെ മറ്റൊരു കുട്ടിയും മരത്തിൽനിന്ന് വീണ് കാൽ നഷ്ടപ്പെട്ടു.” കോപ്പറേറ്റീവ് സൊസൈറ്റികൾ 2,000-3,000 രൂപ നഷ്ടപരിഹാരം കൊടുക്കാറുണ്ട്. പക്ഷേ ആ തുക ഒന്നിനും തുകയില്ല.

Pratishtha Pandya
“ഡോക്ടർമാർക്ക് അരുണിൻ്റെ പ്രശ്നം ഭാഗികമായേ പരിഹരിക്കാൻ സാധിച്ചുള്ളു” എന്ന് അച്ഛൻ പറയുന്നു. വലിയ സൗകര്യങ്ങളുള്ള സ്ഥലത്ത് ചികിത്സ വേണമെന്നാണ് കെ.ആർ. ഹോസ്പിറ്റൽ പറയുന്നത്. ഞങ്ങളുടെ കൈയ്യിൽ പണമില്ല. ഇപ്പോൾ ഓരോ മൂന്ന് മാസം കൂടുമ്പോഴും, ഒരു വി.ടി.എച്ച്.സി. ഡോക്ടർ വന്ന്, മൂത്രസഞ്ചി മാറ്റും. പൈസയൊന്നും വാങ്ങാതെ. കാര്യമായ തടസ്സം തോന്നുമ്പോൾ ചാമരാജനഗറിലേക്ക് പോകണം,” അദ്ദേഹം തുടർന്നു.
അരുണിൻ്റെ ദിവസങ്ങളുടെ താളം പൂർണ്ണമായും തടസ്സപ്പെട്ടു.
“ഞാൻ ഇവിടെ രാവിലെമുതൽ ഇരിക്കും. ചിലപ്പോൾ ഗേറ്റുവരെ ചക്രക്കസേര തനിയെ തള്ളിനീക്കും. അല്ലെങ്കിൽ, കുറച്ചുനേരം വെയിലത്തിരിക്കും. പിന്നെ മുറിയിലേക്ക് മറ്റങ്ങും. മുമ്പൊക്കെ എല്ലാവരും, വീട്ടിൽ ഒരുമിച്ചിരിക്കാറുണ്ടായിരുന്നു. അപകടത്തിനുശേഷം ആരുമില്ല. ഞാൻ മൊബൈലിൽ എന്തെങ്കിലും നോക്കി സമയം കളയും. ഈ ഷെഡ്ഡ് മുമ്പ് നിർമ്മിച്ചതാണ്. കറങ്ങിനടക്കാൻ ഇതാണല്ലോ നല്ലത് എന്ന് കരുതി ഞാൻ ഇങ്ങോട്ട് മാറിയതാണ്. ആരും സഹായിക്കാനില്ല. എൻ്റെ അവസ്ഥ കഷ്ടമാണ്.”
“ഭാര്യ പോലും എന്നെ ഉപേക്ഷിച്ചു. നന്നായി പരിചരിച്ചിരുന്നു. ഭേദമാവുന്നില്ലെന്ന് കണ്ടപ്പോൾ അവൾ പോയി. ഒരിക്കൽ എന്നെ വിളിച്ച്, ‘നിങ്ങൾക്ക് ഭേദമായാൽ ഞാൻ തിരിച്ചുവരും’ എന്ന് പറഞ്ഞു. അവൾ പോയിട്ട് മൂന്ന് മാസമായി,” അരുണിൻ്റെ ശബ്ദം, അയാളുടെ ശരീരംപോലെത്തന്നെ ക്ഷീണിതമാണ്.

M. Palani Kumar

M. Palani Kumar
“ഞാൻ അവന് പ്രാതലും, അത്താഴവും കൊടുക്കും. കുളിപ്പിക്കുകയും ചെയ്യും. കക്കൂസ് പോകാനും മറ്റും അച്ഛനും സഹായിക്കും,” അരുണിൻ്റെ അമ്മ പറയുന്നു. വലിയവർക്ക് ഉപയോഗിക്കാവുന്ന ഡയപ്പറിൻ്റെ ഒരു സഞ്ചി ഞാൻ അവിടെ കണ്ടു. “എല്ലാ മാസവും അതിന് 1,500 രൂപ വേണം,” അച്ഛൻ പറയുന്നു.
“അവൻ്റെ പെങ്ങന്മാർ ദിവസവും 5-10 മിനിറ്റ് അവനോട് സംസാരിക്കും. അവർക്ക് കൊളേജിലും പോണം. ചെറുതായി നടക്കാനും, സ്വന്തം കാര്യങ്ങൾ ചെയ്യാനും പറ്റിയാൽ മതി അവന്. അത്രയേ ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളു,” അരുണിൻ്റെ അമ്മ പറയുന്നു.
“അതിന് വലിയ ആശുപത്രികളിൽ പോകണം,” അച്ഛൻ ഇടയിൽ കയറി പറയുന്നു.
“ഇനി അവനെ അഡ്മിറ്റാക്കാൻ ഞാൻ സമ്മതിക്കില്ല. കഴിഞ്ഞ തവണ ചെയ്തിട്ട് ഒരു ഗുണവുമുണ്ടായില്ല. വീണ്ടും അതൊക്കെ ചെയ്യാൻ ഞാൻ തയ്യാറല്ല,” അമ്മ തീർത്ത് പറയുന്നു.
“എൻ്റെ ഭാര്യയ്ക്ക് ആശുപത്രികൾ ഇഷ്ടമല്ല, അതുകൊണ്ടാണ്..” ഗൗഡ വിശദീകരിക്കാൻ നോക്കുന്നു.

M. Palani Kumar

M. Palani Kumar
“അവനെ ആരാണ് അവിടെ നോക്കുക?” ഭർത്താവിനെ പറയാൻ സമ്മതിക്കാതെ മസനമ്മ ചോദിക്കുന്നു. “ആരുമില്ല. ഞങ്ങൾ പോയാൽ, ഇവിടത്തെ കാര്യമൊക്കെ ആര് നോക്കും. ഞങ്ങൾക്ക് പറ്റില്ല. അതൊക്കെ ബുദ്ധിമുട്ടാണ്.” അവർ പെട്ടെന്ന് എഴുന്നേറ്റ് തോട്ടത്തിലെ പണി നോക്കാൻ പോയി. ഒരുപക്ഷേ ആ ജോലിയായിരികാം അവരെ സങ്കടങ്ങൾ മറക്കാൻ സഹായിക്കുന്നത്.
അരുണിന് ജോലിക്ക് തിരിച്ച് പോകാനാവില്ല. ഇനിയും കാത്തിരിക്കണം. സഹായിക്കാൻ ആരെങ്കിലും വരുന്നത് കാത്തിരിക്കണം. സമയം പോകാൻ കാത്തിരിക്കണം.

M. Palani Kumar

M. Palani Kumar

M. Palani Kumar
മാർച്ച് മാസം വന്നാൽ ജാമുൻ മരങ്ങൾ വീണ്ടും പൂക്കും. ദേശാടനക്കാരായ ഭീമൻ തേനീച്ചകൾ, ആ മഞ്ഞപ്പൂക്കളുടെ തേൻ തേടി വീണ്ടും മലകളിലേക്ക് വരും. ബി.ആർ. ഹില്ലിലെ കാടുകളിൽ മറ്റൊരു തേൻ വിളവെടുപ്പ് കാലം വരും. അരുണിൻ്റെ കൂട്ടുകാർ വലിയ മരങ്ങൾ തേടി പോവും. വീണ്ടും ഒരിക്കൽക്കൂടി ജേനുകുയ്യോഹാഡു കാടുകളിൽ പ്രതിദ്ധ്വനിക്കും:
അയാളെ വിളിക്കൂ, അയാളെ വിളിക്കൂ, സോദരാ
ഇലക്കാടുകളുടെ ആളെ വിളിക്കൂ
തൂങ്ങിയാടുന്ന കൂടുകളിൽ തേനുണ്ട്
തൂങ്ങിയാടുന്ന കൂടുകളിൽ തേനുണ്ട്
തൂങ്ങിനിൽക്കുന്ന തേൻ, കട്ടിയുള്ള തേൻ
തൂങ്ങിനിൽക്കുന്ന തേൻ, കട്ടിയുള്ള തേൻ
അയാളെ വിളിക്കൂ, അയാളെ വിളിക്കൂ, സോദരാ
അരുണിന് അന്ന് ഈ പാട്ട് അറിയില്ലായിരുന്നു; അയാളിനി അത് പാടാനും പോവുന്നില്ല..

M. Palani Kumar

M. Palani Kumar

M. Palani Kumar

M. Palani Kumar
അരുൺ, അരുണിൻ്റെ കുടുംബം, ബംഗളൂരുവിലെ, വിവേകാനന്ദ ഗിരിജന കല്യാണ കേന്ദ്ര ബി.ആർ. ഹിൽസ് ആൻഡ് ഇൻസ്റ്റിട്യൂറ്റ് ഓഫ് പബ്ലിക്ക് ഹെൽത്തിലെ ഡോ. താന്യ ശേഷാദ്രി, ഡോ. സംഗീത വി, കരണ കെതെഗൗഡ, മഹാദേവമ്മ കുംബെഗൗഡ എന്നീ സാമൂഹികപ്രവർത്തകർ, ഡോ. പ്രഥമേഷ് എന്നിവരുടെ ആത്മാർത്ഥമായ പിന്തുണയ്ക്കും ഈ റിപ്പോർട്ട് യാഥാർത്ഥ്യമാക്കാൻ അവർ നൽകിയ സഹകരണത്തിനും, കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ റിപ്പോർട്ടിൻ്റെ വിവിധ ഘട്ടങ്ങളിൽ പരിഭാഷയ്ക്ക് സഹായിച്ച ഡോ. ശോഭന കിരൺ, ശങ്കർ കെഞ്ചനൂർ, ദീപ എന്നിവരോടും നന്ദി അറിയിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/the-broken-winged-bird-of-br-hills-ml

