പുതിയ പട്ടണത്തിലെ പെണ്ണുങ്ങളാണ് ഞങ്ങൾ രാജാവേ
നെഞ്ചും വിരിച്ച് അഹങ്കാരത്തോടെ എങ്ങോട്ട് പോകുന്നു?
ഞങ്ങൾ ഏഴ് സഹോദരന്മാർ അവിവാഹിതരാണ്
ഹേ, നെഞ്ചും വിരിച്ച് അഹങ്കരിച്ച് എങ്ങോട്ട് പോകുന്നു?
ഏത് തരം പെണ്ണിനെയാണ് മോഹിക്കുന്നത് രാജാവേ?
നെഞ്ചും വിരിച്ച് അഹങ്കാരത്തോടെ എങ്ങോട്ട് പോകുന്നു?
കറുത്ത നിറമുള്ള പെണ്ണിനെയാണ് ഞങ്ങൾക്ക് വേണ്ടത് രാജാവേ
നെഞ്ചും വിരിച്ച് അഹങ്കാരത്തോടെ എങ്ങോട്ട് പോകുന്നു?
1970-ൽ, സോൺ കൻസാരി എന്ന പേരിലുള്ള ഗുജറാത്തി സിനിമ പുറത്തുവന്നതോടെ, വിവാഹവേളകളിൽ പാടുന്ന ഗുജറാത്തി നാടൻപാട്ടുകൾക്ക് ഒരു പരിണാമം സംഭവിച്ചു. സോൺ കൻസാരിയുടേയും രഖയാത്ത് ബബാരിയയുടേയും ദുരന്ത പ്രേമകഥയായിരുന്നു സിനിമയുടെ ഇതിവൃത്തം. പുരുഷന്മാരുടേയും സ്ത്രീകളുടേയും ഓരോ സംഘങ്ങൾ പാട്ടിലൂടെ പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ പറയുകയും ചെയ്യുന്ന രീതിയിലായിരുന്നു ആ പാട്ടുകൾ. സൗന്ദര്യം, അഭിലാഷങ്ങൾ, വിവാഹം തുടങ്ങിയ സങ്കല്പങ്ങളിൽ ഊന്നിയ ചോദ്യോത്തരങ്ങൾ. ഇതേ ഗണത്തിലുള്ളതാണെങ്കിലും ഇവിടെ കൊടുത്തിരിക്കുന്ന ഈ നാടൻപാട്ട് ലിംഗപരമായ സ്ഥാനങ്ങളെ തിരിച്ചിടുകയാണ് ചെയ്യുന്നത്. ആധുനികമായ അവബോധത്തിലേക്ക് വളർന്ന ഗ്രാമീണസ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുകയാണ് ഈ പാട്ടിൽ. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനും, ഭൂമിയുടേയും സ്വത്തിൻ്റേയും ഉടമസ്ഥാവകാശത്തിനുമായുള്ള അവകാശങ്ങൾ. തങ്ങളുടെ സാംസ്കാരിക പൈതൃകം ഏറ്റെടുക്കുന്നതോടൊപ്പം ഭൗതികമായ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു.
ചെറുത്തുനിൽപ്പുമായി ബന്ധപ്പെട്ട പാട്ടുകൾ എങ്ങിനെയാണ് ചൂഷിതരുടെ സ്വാതന്ത്യാന്വേഷണത്തിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നത് ചരിത്രത്തിലുടനീളം കാണാം. മറ്റ് സ്ത്രീകളോടൊപ്പം ചേർന്നുകൊണ്ട്, നഖത്രാണ ജില്ലയിലെ നന്ദുബ ജഡേജ തൻ്റെ ഗംഭീരമായ ശബ്ദത്തിൽ ആലപിച്ച ഈ ഗാനം കച്ച് മഹിള വികാസ് സംഘടനയോടൊപ്പം 2017 മുതൽ പ്രവർത്തിച്ചുവരുന്ന സ്ത്രീകളിൽ വലിയൊരു നവ സാമൂഹിക അവബോധമാണ് സൃഷ്ടിച്ചത്.


