തൻ്റെ ശിഷ്യയുടെ തോളുകളിലെ ചെരിവ് ആദ്യം ശ്രദ്ധിച്ചത് സെബന്തി റോയുടെ നൃത്താദ്ധ്യാപികയാണ്. വളർന്നുവരുന്ന ആ നർത്തകിയുടെ ചലനങ്ങൾക്ക് ഒരംഭംഗി. അധികം താമസിയാതെ, ആ 13 വയസ്സുകാരിക്ക് സ്കോളിയോസിസുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടു. “ആദ്യം എനിക്കത് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്. കാരണം, കുട്ടിക്കാലംതൊട്ടേ എൻ്റെ ആരാധ്യപുരുഷനായ ഋതിക് റോഷനും (നൃത്തത്തിന് പേരെടുത്ത പ്രശസ്ത സിനിമാതാരം) ഇതേ രോഗമുണ്ടായിരുന്നു,” സെബന്തി ചിരിക്കുന്നു.
റോഷൻ്റെ സ്കോളിയോസിസ് കണ്ടുപിടിച്ചത് അദ്ദേഹത്തിന് 21 വയസ്സുള്ളപ്പോഴായിരുന്നു. ഒരിക്കലും നൃത്തം ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയും ചെയ്തു. ഈ രോഗം, നട്ടെല്ലിന് വളവുണ്ടാക്കുന്നു. നട്ടെല്ലിൽ എല്ലാവർക്കും വളവുണ്ടാകാം. എന്നാൽ, ഈ രോഗം പിടിപെടുന്നവരുടെ നട്ടെല്ല് അസാധാരണമായ വിധത്തിൽ, ‘എസ്’, ‘സി’ എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ആകൃതിയിൽ വളഞ്ഞിരിക്കും.
അഡോളസെൻ്റ് ഇഡിയോപാതിക് സ്കോളിയോസിസ് (എ.ഐ.എസ്) ശസ്ത്രക്രിയ ചെയ്യാൻ, കൗമാരക്കാരിയായ സെബന്തി, കൊൽക്കൊത്തയിലെ സൗത്ത് 24 പർഗാനാസിലെ തൻ്റെ വീട്ടിൽനിന്ന് കൊൽക്കൊത്തയിലേക്ക് യാത ചെയ്തു. നട്ടെല്ലിൽ രണ്ട് ദണ്ഡുകളും 14 സ്ക്രൂകളും സ്ഥാപിക്കുന്ന പ്രക്രിയയാണ് ഇത്.
“ഇപ്പോൾ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല,” 12 വർഷത്തിനുശേഷം അവർ പറയുന്നു. “ജീവിതം സാധാരണമാണ്. ഇതുമായി പൊരുത്തപ്പെട്ട് സാധാരണ നിലയിലേക്ക് മടങ്ങാൻ ഞാൻ പഠിച്ചു. ഡയമണ്ട് ഹാർബറിലുള്ള അവരുടെ മുത്തച്ഛൻ്റെ വീടിൻ്റെ മട്ടുപ്പാവിലിരിക്കുകയായിരുന്നു ഞങ്ങൾ. ഹുഗ്ലി നദി ബംഗാൾ ഉൾക്കടലിലേക്ക് പതിക്കുന്നത് പശ്ചിമ ബംഗാളിലെ ഈ പട്ടണപ്രദേശത്തുവെച്ചാണ്.
സെബന്തിയുടെ സ്കോളിയോസിസ് അവർക്ക് അല്പം അസൗകര്യപ്രദമായിരുന്നുവെങ്കിൽ, ദശലക്ഷക്കണക്കിന് മറ്റ് രോഗികൾക്ക്, ഈ രോഗം അസഹനീയമായ വേദനയും, ഹൃദയസംബന്ധമായ പ്രശ്നങ്ങളും, ശ്വാസതടസ്സവുമുണ്ടാക്കുന്നു. രോഗം കണ്ടുപിടിക്കുക എന്നതുതന്നെ ഗ്രാമപ്രദേശത്തെ രോഗികൾക്ക് വെല്ലുവിളിയാവുന്നു.


















