“പുളിപ്പിച്ച അരിവെള്ളമല്ലാതെ മറ്റെന്തുണ്ട് ഞങ്ങൾക്ക് കഴിക്കാൻ?” ചോറിന് കൂടുതൽ രുചിചേർക്കാൻ ചുവന്ന മുളകും ഉപ്പും അരച്ചുകൊണ്ട് ബാതോ മല്ലിക് ചോദിക്കുന്നു.
വൈകുന്നേരമാണ്. ബാത്തോയും ഭർത്താവ് യോഗെൻ മല്ലിക്കും അടുത്തുള്ള കാട്ടിൽനിന്ന് മടങ്ങിയെത്തിയതേയുള്ളു. കോളണിയിലെ മറ്റ് ഗോത്രകുടുംബങ്ങളെപ്പോലെ അവരും ദിവസം മുഴുവൻ, സാലമരത്തിൻ്റെ ഇലകൾ തപ്പി കാട്ടിലലയും. ആഴ്ചച്ചന്തയിൽ കൊണ്ടുപോയി അവ വിൽക്കാൻ.
പശ്ചിമബംഗാളിലെ ഝാർഗ്രാം ജില്ലയിലെ ബെനഷുലി ഗ്രാമത്തിലാണ് അവരുടെ വീട്. കൂടുതലും സബർ ആദിവാസികളാണ് (പശ്ചിമബംഗാളിൽ സവർ എന്ന് പട്ടികപ്പെടുത്തിയവർ) അവിടെ ഭൂരിഭാഗവും. രാജ്യത്തെ ഏറ്റവും ദരിദ്രരും നിസ്വരുമായ ഗോത്രസമുദായക്കാരാണ് അവർ. പട്ടിണിയുടേയും പോഷകദാരിദ്ര്യത്തിൻ്റേയും വക്കിലുള്ളവർ.
വർഷങ്ങളായി ഞാൻ ഈ സബർ സമുദായക്കാരെ അടയാളപ്പെടുത്തുന്നതിനായി ഇവിടം സന്ദർശിക്കുന്നു. ‘കുറ്റവാളി ഗോത്രങ്ങൾ’ എന്ന് ബ്രിട്ടീഷുകാർ അടയാളപ്പെടുത്തിയ അവരെ ആ ചാപ്പയിൽനിന്ന് വിമുക്തരാക്കിയത് 1952-ലാണ്. വളരെ കുറച്ചുപേർകക്കേ ഭൂമിയുള്ളു. കാടിനെ ആശ്രയിച്ചാണ് ജീവിതം. വായിക്കാം: ആളിക്കത്തുന്ന വിശപ്പ്
ഓരോ തവണ തിരിച്ചുവരുമ്പോഴും, അവരുടെ അവസ്ഥയിൽ പുരോഗതിയൊന്നും വന്നതായി കണ്ടിട്ടില്ല. വർഷങ്ങളായി, പതിറ്റാണ്ടുകളായി, ഒരു മാറ്റവുമില്ല. വിശപ്പിൽനിന്ന് രക്ഷപ്പെടാനായി ഭക്ഷണത്തിന് പകരം അവർ മഹുവ (മധുക ലോംഗിഫോളിയ) വാറ്റി കിട്ടുന്ന മദ്യം കുടിക്കുന്നു. അത് എല്ലായിടത്തും സുലഭവുമാണ്. അത് കഴിച്ചാൽ വയർ നിറഞ്ഞതുപോലെ തോന്നും. വർദ്ധിച്ചുവരുന്ന ഈ മദ്യാസക്തികാരണം ഒട്ടുമിക്ക വീടുകളിലും പോഷകാഹാരക്കുറവും വിളർച്ചയും സാധാരണയാണ്.























