“ഞാൻ ജനിച്ചത് ഇവിടെയാണ്. ഈ കാട്ടിലും മലയിലുമാണ് ഞാൻ അലഞ്ഞുനടന്നത്,” ഈ റിപ്പോർട്ടറെ തൻ്റെ കോളണിയിൽ പരിചയപ്പെടുത്തുമ്പോൾ, യെമ സോംഗാലിൻ്റെ മുഖത്തെ പുഞ്ചിരി ഒരിക്കൽപ്പോലും മാഞ്ഞില്ല. ചുവന്ന കളിമണ്ണിൻ്റെ ഓടുകൾ പാകിയ മേൽക്കൂരയുള്ള വീടുകൾക്ക് ചുറ്റും ഇടതൂർന്ന ഹരിതാഭമായ സഹ്യാദ്രിയായിരുന്നു – പ്രകൃതിയുടേയും മനുഷ്യവാസകേന്ദ്രത്തിൻ്റേയും നിർമ്മലമായ ഒരു സമ്മേളനം. പക്ഷേ ആ സ്ഥലം, ലോകത്തെ ഏറ്റവും ജൈവവൈവിദ്ധ്യമുള്ള എട്ട് സുപ്രധാന സ്ഥലങ്ങളിൽ ഒന്നാണെന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു.
നിർഭാഗ്യകരമെന്ന് പറയട്ടെ, അതിലെ ഏകദേശം 280 ഹെക്ടർ സ്ഥലം താമസിയാതെ വെള്ളത്തിനടിയിലാവും.
“ഞങ്ങളുടെ പാടം അതിൻ്റെ പിന്നിലാണ്,” മഹാരാഷ്ട്രയിലെ ലാദെവാഡി കോളണിയിലെ (കാൽഭോണ്ടേ ഗ്രാമപഞ്ചായത്ത്) തൻ്റെ വീടിൻ്റെ മുറ്റത്ത് നിന്നുകൊണ്ട്, ഒരു കുന്നിനുനേരെ വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ആ ചെറിയ പാടത്ത്, കവാഡപ്പുല്ല് ചെറുധാന്യം കൃഷി ചെയ്യാൻ ഒരു മണിക്കൂർ നടക്കണം, 70 കഴിഞ്ഞ ആ ആദിവാസി ദമ്പതികൾക്ക്. ഭാര്യ സുലിയോടൊപ്പമാണ് യാത്ര. “മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്. 5-6 ചാക്ക് (ക്വിൻ്റൽ) ധാന്യം കിട്ടും.” ഒരേക്കറിന് താഴെയുള്ള പാടത്തുനിന്ന് ആകെ കിട്ടുന്ന ആ വിളവിൽനിന്നുവേണം, അടുത്ത കൊല്ലത്തെ വിളവുകാലംവരെ, ആ 15 അംഗ കുടുംബത്തിന് പുലരാൻ - യെമ, സുലി, നാല് ആണ്മക്കൾ, മൂന്ന് മരുമക്കൾ, ആറ് പേരക്കുട്ടികൾ - എന്നിവർക്ക്. കൃഷിയെ എന്നപോലെ കാടിനേയും ആശ്രയിക്കുകയാണ് ഈ കുടുംബം.
“കാടും ഞങ്ങളെ പോറ്റുന്നുണ്ട്. പഴങ്ങൾ, കിഴങ്ങുകൾ, പച്ചക്കറികൾ, പനിക്കും, തണുപ്പിനും, മുട്ടുവേദനയ്ക്കുമുള്ള ഔഷധസസ്യങ്ങൾ എന്നിവ തന്നുകൊണ്ട്.” യെമയ്ക്കും, താനെ ജില്ലയിലെ സഹാപുർ താലൂക്കിലെ പട്ടികവർഗ്ഗക്കാരായ മാ താക്കൂർ സമുദായത്തിലെ 97 കുടുംബത്തിനും നിലനിൽക്കാൻ കാടിൻ്റെ സഹായവും അത്യന്താപേക്ഷിതമാണ്. “ഞങ്ങൾ മരം മുറിക്കാറില്ല. വീണുകിടക്കുന്ന മരക്കൊമ്പുകളാണ് ഇന്ധനത്തിന് ഉപയോഗിക്കുന്നത്. ചളി, ഇഷ്ടിക, മരം എന്നിവ ഉപയോഗിച്ചാണ് ഞങ്ങൾ പക്കാ വീടുകൾ നിർമ്മിക്കുന്നത്. പതിറ്റാണ്ടുകളോളം അവ നിലനിൽക്കും.”




















