ഏഴ് പെൺകുട്ടികൾ, ആറ് ഗ്രാമങ്ങൾ, അഞ്ച് മാതൃഭാഷകൾ, രണ്ട് കളികൾ, കളിക്കാൻ ഒരു കളി!
12 വയസ്സുള്ള രഞ്ജൻ റാഠ്വ, 11 വയസ്സുള്ള ജ്യോതി ഭിൽ, 9 വയസ്സുള്ള ശാർമ്മിള ധയ്കി, 10 വയസ്സുള്ള കിഞ്ജൽ നായക, 10 വയസ്സുള്ള നിരാൽ റാഠ്വ എന്നിവർ അവരുടെ റസിഡൻഷ്യൽ പ്രൈമറി സ്കൂളായ വസന്ത ശാലയിലെ മൈതാനത്ത് ഒരു കളിയുടെ തിരക്കിലാണ്. ഗുജറാത്തിലെ ചോട്ടാവുദേവ്പുരിലെ തേജ്ഗഡിലെ ആദിവാസി ഗ്രാമമായ കോരജ് ഹില്ലിൻ്റെ താഴ്വരയിലാണ് ആ സ്കൂൾ.
അഡാകോദഡുകൊദഹിദഡുകോ
ശ്രാവൺ ഗാജെ പില്ലുപാകേ...
ഗുജറാത്തിലങ്ങോളമിങ്ങോളമുള്ള കുട്ടികൾ പാടാറുള്ള ബഡ് ബഡ് ഗീതോ, അഥവാ കുസൃതിക്കവിതകളുടെ വലിയ ശേഖരത്തിൽനിന്നുള്ള ഒരു പാട്ടായിരുന്നു അത്. എന്നാൽ, ആ കവിതയിലുപയോഗിച്ചിട്ടുള്ള ഭാഷ, ആ സംഘത്തിലെ ആരുടേയും മാതൃഭാഷയായിരുന്നില്ലെന്നതാണ് ഏറ്റവും കൗതുകമുണർത്തുന്ന ഒരു കാര്യം. സ്കൂളിൽനിന്ന് 30-50 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന തങ്ങളുടെ കുടുംബാംഗങ്ങളോട് ആ അഞ്ച് കുട്ടികൾ സംസാരിക്കാറുള്ളത്, അവരുടേതായ ആദിവാസി ഭാഷകളിലാണ്. റാഠ്വി, ധാൻകി, ഡുംഗര ഭിലി, നായകി എന്നീ ഭാഷകളിലൊന്നിൽ. എന്നാൽ ഈ ആദിവാസി അക്കാദമിയിലെ ക്യാമ്പസ്സിൽ അവരെ തമ്മിൽത്തമ്മിൽ കൂട്ടിയിണക്കുന്ന ഭാഷ മുഖ്യധാരയിലെ ഗുജറാത്തിയാണ്, അവരുടെ സ്കൂളും ഹോസ്റ്റലുമൊക്കെ ആ ക്യാമ്പസ്സിനകത്താണുള്ളത്.





