ശ്രദ്ധയ്ക്ക്: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗത്തെക്കുറിച്ച് വരാൻ പോകുന്ന പരമ്പരയിലെ ആദ്യത്തേതാണ് ഈ റിപ്പോർട്ട്
മലാജ്പുർ എന്ന് പേരുള്ള ചെറിയ കാർഷികഗ്രാമത്തിലെ രണ്ട് കൗമാരപ്രായക്കാർ - 17 വയസ്സുള്ള സാവി ധുർവെ, 15 വയസ്സുള്ള ആശ കോർകു (യഥാർത്ഥ പേരുകളല്ല) അസാധാരണമായ ഒരു ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഈ വർഷമാദ്യം ഒരു അമ്പലത്തിലെ മേളയിൽവെച്ചാണ് ഇവർ പരിചയപ്പെടുന്നത്. ‘ബാധ’ ഒഴിപ്പിക്കുന്നതിനുള്ള ഒരു ചടങ്ങിനായി അവരുടെ കുടുംബാംഗങ്ങൾ കൊണ്ടുവന്നതായിരുന്നു ആ കൂട്ടുകാരികളെ. ഒരു ഭൂതത്തിൻ്റെ സ്വാധീനത്തിൽ അവർ പെട്ടിരിക്കുന്നു എന്നാണ് രണ്ടുപേരുടേയും കുടുംബങ്ങൾ വിശ്വസിക്കുന്നത്.
“നിലത്ത് കിടന്ന് പിടയ്ക്കുകയും ബോധക്ഷയം വരികയുമൊക്കെ ചെയ്തിരുന്നു എനിക്ക്. വേദനകൊണ്ട് ഞാൻ പുളയും. ഉണരുമ്പോൾ ഒന്നും ഓർമ്മയുണ്ടാവുകയുമില്ല,” സാവി വിശദീകരിക്കുന്നു. “ഇവിടെയും അങ്ങിനെത്തന്നെയാണ്. എനിക്കൊന്നും ഓർമ്മയുണ്ടാവില്ല” സാവി പറഞ്ഞുതീരും മുമ്പ് ആശ ഇടയിൽക്കയറി പറഞ്ഞു.
അവരിരുവരും പരസ്പരം നോക്കി ചിരിക്കുന്നു..എന്തിനും എപ്പോഴും. കൗമാരപ്രായക്കാർക്കിടയിലുണ്ടാവുന്ന, ഒരുമിച്ച് ചേരുമ്പോഴുള്ള ഊർജ്ജമാണ് അവരുടേത്. കഷ്ടിച്ച് ഒരുമാസമായി ആ രണ്ട് പെൺകുട്ടികളും അമ്പലത്തിനകത്തെ വളപ്പിൽ താമസിക്കുകയാണ്. ആ സമയത്തിനുള്ളിൽ അവരുടെ സൗഹൃദം ദൃഢമായി. പിരിയാനാവാത്തവണ്ണം. ആരതിയുടെ സമയത്ത് അവർ തോളോടുതോൾ ചേർന്ന് ഇരുന്നു. ശ്രീകോവിലിന് ചുറ്റും വലംവെക്കുമ്പോൾ പരസ്പരം തമാശകൾ പങ്കിട്ടു. മറ്റയാളുടെ സംഭാഷണത്തിനിടയ്ക്ക് കയറിയും പരസ്പരവും അവർ സംസാരിച്ചു.
“അവൾക്ക് പെട്ടെന്ന് ബാധകയറും,” സാവി ആശയെ നോക്കി സ്നേഹത്തോടെ പറയുന്നു.
“..എനിക്കത് വിശദീകരിക്കാനാവില്ല -”
“ആരതിയുടെ സമയത്ത് നിങ്ങൾക്കത് കാണാം -”
“പക്ഷേ, ഇപ്പോൾ എനിക്ക് നല്ല ഭേദമുണ്ട് - ” ഒരുമാസം അമ്പലത്തിൽ താമസിച്ചപ്പോൾ രോഗം ഭേദമായി എന്നാണ് അവർ ഉദ്ദേശിച്ചത്.
മലാജ്പുർ ഭൂതമേള – ഭൂതങ്ങളുടെ മേള എന്ന് പ്രാദേശികമായി വിളിക്കുന്ന ചടങ്ങിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാഘപൂർണിമാ ദിവസമാണ് (ജനുവരി-ഫെബ്രുവരിയിലെ പൂർണ്ണചന്ദ്രൻ്റെ ദിവസം) തുടങ്ങുക. വസന്തപഞ്ചമിക്ക് (വസന്തത്തിൻ്റെ വരവോടെ) അവസാനിക്കുകയും ചെയ്യും. ബെതുൽ ജില്ലയിലെ ചിചോലി ബ്ലോക്കിൽ നടക്കുന്ന മേള ഗുരുസാഹബ് ബാബ, അഥവാ ദേവ്ജി മഹാരാജ് എന്ന ഒരു സന്ന്യാസിയുടെ സമാധിയെ കേന്ദ്രമാക്കിയാണ് നടക്കുന്നത്. ബാധ കയറിയവരെ ചികിത്സിക്കാനുള്ള അത്ഭുതവിദ്യകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് എന്നാണ് വിശ്വാസം. അമ്പലവളപ്പിലെ ആൽമരത്തിൻ്റെ ഇലകൾക്കുള്ളിൽ ഭൂതങ്ങൾ കുടുങ്ങും എന്ന് ഗ്രാമീണർ വിശ്വസിക്കുന്നു. മധ്യപ്രദേശിലെ എല്ലാ ഭാഗത്തുനിന്നും, ചത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുപോലും ആയിരക്കണക്കിന് തീർത്ഥാടകരും വിശ്വാസികളും അവിടെയെത്തുന്നു.












