“ഞങ്ങൾ പഠിക്കാനിരിക്കുമ്പോൾ മുകളിൽനിന്ന് വെള്ളം ചോർന്ന്, ബുക്കിലും പുസ്തകത്തിലും വീഴും. കഴിഞ്ഞ വർഷം (2022ൽ) ജൂലൈയിൽ വീടുപോലും പൊളിഞ്ഞുവീണു. ഇത് എല്ലാവർഷവും നടക്കുന്നതാണ്,” കല്ലും മുളയുംകൊണ്ട് നിർമിച്ച തന്റെ വീടിനെപ്പറ്റി പറയുകയാണ് എട്ടുവയസുകാരൻ വിശാൽ ചവാൻ.
അലെഗാവ് ജില്ലാ പരിഷത് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന വിശാലും കുടുംബവും മഹാരാഷ്ട്രയിലെ ബെൽദാർ ഗോത്രവിഭാഗത്തിൽപ്പെട്ട നാടോടിവിഭാഗത്തിൽപ്പെട്ടവരാണ്.
“മഴക്കാലമായാൽ കുടിലിനുള്ളിൽ കഴിയുക കൂടുതൽ ബുദ്ധിമുട്ടാകും, പലയിടുത്തും വെള്ളം ചോർന്നുകൊണ്ടിരിക്കും,” അവൻ കൂട്ടിച്ചേർത്തു. അതിനാൽത്തന്നെ ഷിരൂർ താലൂക്കിലെ അലെഗാവ് പാഗ ഗ്രാമത്തിലുള്ള തങ്ങളുടെ വീടിന്റെ ഏത് ഭാഗത്താണ് ചോർച്ചയില്ലാത്തതെന്ന പരിശോധനയിലാണ് വിശാലും ഒമ്പതുവയസുകാരി സഹോദരി വൈശാലിയും. എന്നിട്ടുവേണം അവർക്ക് പഠിക്കാൻ.
പഠനത്തിലുള്ള സഹോദരങ്ങളുടെ താത്പര്യത്തിലും കഴിവിലും അവരുടെ മുത്തശ്ശി ശാന്താഭായ് ചവാൻ ഏറെ അഭിമാനിക്കുന്നുണ്ട്. “ഞങ്ങളുടെ ഖാന്ധാനിലെ (കുടുംബം) ആരും ഇതുവരെ സ്കൂളിൽ പോയിട്ടില്ല,” ആ 80 വയസ്സുകാരി പറയുന്നു, “എങ്ങനെ വായിക്കണമെന്നും എഴുതണമെന്നും ആദ്യമായി പഠിച്ചത് എന്റെ കൊച്ചുമക്കളാണ്.”
പക്ഷേ, കൊച്ചുമക്കളെപ്പറ്റി സംസാരിക്കുമ്പോൾ അവരുടെ ചുക്കിചുളിഞ്ഞ മുഖത്ത് ദുഃഖം കലർന്ന അഭിമാനമാണ് നിഴലിച്ചത്. “അവർക്ക് സുഖമായിരുന്ന് പഠിക്കാൻ ഞങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീടില്ല. വെളിച്ചവുമില്ല,” അലെഗാവ് പാഗ വസ്തിയിലെ ടാർപ്പൊളിൻകൊണ്ട് മറച്ച കുടിലിലിലിരുന്ന് ശാന്താഭായ് പറഞ്ഞു.












