തൂഫാനിയും സംഘവും രാവിലെ ആറരമണിമുതൽ പണി തുടങ്ങും. ഒരു ദിവസം 12 ഇഞ്ച് എന്ന കണക്കിന് 2x6 അടിയുള്ള ഗലീച്ച (പരവതാനി) പൂര്‍ത്തിയാക്കാൻ 40 ദിവസങ്ങളാണ് ആ നാല്‍വർ സംഘം എടുക്കുന്നത്.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടര ആകുമ്പോള്‍ തൂഫാനി ബിന്ദ് വിശ്രമത്തിനായി ഒരു തടിബഞ്ചിലിരിക്കും. ഉത്തർപ്രദേശിലെ പുർജാഗീർ മുജെഹാര ഗ്രാമത്തിലുള്ള അദ്ദേഹത്തിന്റെ പണിശാലയായ തകരപ്പുരയില്‍, അദ്ദേഹത്തിന് പിന്നിൽ, ഒരു തടി ചട്ടത്തില്‍ വെളുത്ത പരുത്തി നാരുകൾ തൂങ്ങിക്കിടക്കുന്നു. മുഗളന്മാർ മിർസാപൂരിൽ കൊണ്ടുവരികയും പിന്നീട് ബ്രിട്ടീഷുകാർ വ്യവസായവൽക്കരിക്കുകയും ചെയ്ത, സംസ്ഥാനത്തെ പരവതാനി നെയ്ത്ത് വ്യവസായത്തിന്റെ കേന്ദ്രമാണിത്. 2020-ലെ അഖിലേന്ത്യാ കൈത്തറി സെന്‍സസ് അനുസരിച്ച് രാജ്യത്ത് ആകെ ഉത്പാദിപ്പിക്കുന്നതിന്റെ പകുതി (47 ശതമാനം) ഉത്പാദിപ്പിച്ചുകൊണ്ട് ചെറു തറവിരിപ്പുകള്, പായ, പരവതാനി എന്നിവയുടെ നിര്‍മ്മാണത്തിലൽ യു.പി. മേധാവിത്തം പുലര്‍ത്തുന്നു.
മിര്‍സാപൂർ നഗരത്തിൽനിന്നും പുര്ജാഗിർ മുജേഹര ഗ്രാമത്തിലേക്കു പോകുമ്പോള്‍ ഹൈവേയിൽനിന്നും തിരിയുന്നതുമുതൽ റോഡ് ഇടുങ്ങിയതാകുന്നു. ഇരുവശത്തും മികച്ച ഒറ്റനില വീടുകളും അതുപോലെതന്നെ മേല്‍ക്കൂര മേഞ്ഞ സാധാരണ വീടുകളും കാണാം. അന്തരീക്ഷത്തില്‍ ചാണകത്തിൽനിന്നുള്ള പൊടി ഉയരുന്നുണ്ട്. പകല്‍ ആണുങ്ങങ്ങളെ വീടിന് പുറത്ത് അപൂര്‍വ്വമായേ കാണാറുള്ളൂ. എന്നാല്‍, ഹാന്ഡ്പമ്പിനു കീഴിൽ തുണിയലക്കുന്നതുപോലുള്ള വീട്ടുജോലികള്‍ ചെയ്തുകൊണ്ടും പച്ചക്കറിയും ഫാഷന്‍ സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാരോട് സംസാരിച്ചുകൊണ്ടും സ്ത്രീകളെ പുറത്ത് കാണാം.
ഇത് നെയ്ത്തുകാരുടെ പ്രദേശമാണെന്ന ഒരു അടയാളവും ദൃശ്യമല്ല – പ്രദേശവാസികള്‍ ഗലീച്ച എന്നുവിളിക്കുന്ന പരവതാനി പുറത്ത് തൂങ്ങിക്കിടക്കുന്നതോ കൂട്ടിയിട്ടിരിക്കുന്നതോ കാണാനില്ല. പരവതാനി നെയ്യുന്നതിനായി വീടുകളില്‍ അധികമായി ഒരു സ്ഥലമോ മുറിയോ ഉണ്ടെങ്കില്‍പോലും, നെയ്ത്ത് കഴിഞ്ഞാല്‍ കഴുകുന്നതിനായോ വൃത്തിയാക്കുന്നതിനായോ ഇടനിലക്കാര്‍ അവ കൊണ്ടുപോകും.
“ഞാനിത് [അലങ്കാര നെയ്ത്ത്] പഠിച്ചത് അച്ഛനില്‍നിന്നാണ്, 12-13 വയസ്സുള്ളപ്പോള്‍ മുതല്‍ ഞാനിത് ചെയ്തുകൊണ്ടിരിക്കുന്നു”, വിശ്രമസമയത്ത് പാരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തൂഫാനി പാരിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബം ബിന്ദ് സമുദായത്തില്‍ (സംസ്ഥാനത്ത് മറ്റ് പിന്നാക്കവിഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നു) ഉൾപ്പെടുന്നു.























