“ഞങ്ങളുടെ വീടുകൾ പൊളിക്കാൻ അവർക്ക് ആനകളെ കൊണ്ടുവരേണ്ടിവന്നു.” ഭരത്ജോയ് റിയാംഗ് പറയുന്നു.
“ആനകൾ വന്നിട്ടും അവർക്ക് പൊളിക്കാനായില്ല. ഒടുവിൽ അവർ ഞങ്ങളുടെ ടോംഗുകൾക്ക് തീയിട്ടു,” അസമിലെ ശ്രീഭൂമി (മുമ്പ് കരിംഗഞ്ച്) ജില്ലയിലെ വീട്ടിൽനിന്ന് വനംവകുപ്പുദ്യോഗസ്ഥർ ബലം പ്രയോഗിച്ച് അദ്ദേഹത്തേയും ഭാര്യയേയും കുട്ടികളേയും ഇറക്കിവിട്ടത് 75 വയസ്സായ റിയാംഗ് ആദിവാസി ഓർത്തെടുക്കുന്നു. 1980-കളിലായിരുന്നു അത്. അദ്ദേഹം പറയുന്ന വീടുകൾ ടോംഗ് ഘർ അഥവാ ഗൈരിംഗ്നോക്ക് എന്ന് പ്രാദേശികഭാഷയിൽ പറയുന്നത് ഒരുതരം പാർപ്പിടങ്ങളാണ്. ഭരത്ജോയിയുടെ സ്വന്തം സമുദായമടക്കം ത്രിപുരയിലെ വിവിധ ഗോത്രസമൂഹങ്ങൾ പൊതുവായി താമസിക്കുന്നത് അത്തരം വീടുകളിലാണ്.
“ഞങ്ങളുടെ മലനാട്ടുകാർ ഒരിക്കലും മണ്ണുകൊണ്ടും ഇഷ്ടികകൊണ്ടുമുള്ള വീടുകളിൽ താമസിച്ചിട്ടില്ല. ഞങ്ങൾക്കിഷ്ടം ടോംഗുകളാണ്. വടക്കൻ ത്രിപുര ജില്ലയിലെ ഒരു പാരയിലെ (വാസകേന്ദ്രം) സ്വന്തം വീട് കാണിച്ചുതന്നുകൊണ്ട് അദ്ദേഹം പറയുന്നു. നിലത്തുനിന്ന് ഒരടി പൊങ്ങി മുളങ്കാലുകളിൽ നിൽക്കുന്ന മുളകൊണ്ടുള്ള പുരകളാണ് അവ. പരമ്പരാഗതമായി അവയ്ക്ക് ഓലകൊണ്ടുള്ള മേൽക്കൂരയാണെങ്കിലും ഭാരത്ജോയിയുടേതിൽ തകരഷീറ്റുകളാണുള്ളത്. ബഗ്ബാസയിൽനിന്ന് വരുന്നതും സൈതാംഗ് ഗ്രാമത്തിലെ ടോംഗ്ചെര പാരയിലെത്തുന്നതുമായ നീണ്ട, കല്ലുകൾ പാകിയ ഒരു വഴിയുടെ ഓരത്താണ് അത് അപകടകരമായി സ്ഥിതി ചെയ്യുന്നത്.
പച്ച പുതച്ച മലനിരകളുടേയും തെളിമയാർന്ന ജലാശയങ്ങളുടേയും മടിയിൽ വിശ്രമിക്കുന്ന ഈ ജനവാസകേന്ദ്രത്തിലേക്ക് വരുമ്പോൾ ആദ്യം നിങ്ങളെത്തുന്ന വീടുകളിലൊന്നാണ് ഭാരത്ജോയിയുടേത്. അതീവദുർബ്ബല ഗോത്രങ്ങളെന്ന് (പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ് – പി.വി.ടി.ജി) വിശേഷിപ്പിക്കപ്പെടുന്ന റിയാംഗ് (റായിംഗ് എന്നും വിളിക്കുന്നു) ഗോത്രക്കാരുടെ 150 കുടുംബങ്ങൾ താമസിക്കുന്ന ഈ സ്ഥലം ത്രിപുരയിലെ ധർമനഗർ നഗരത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരത്താണ്.


















