“ഇവിടെ പാഡിയൊന്നുമില്ല. പാഡുകൾ മാത്രം. ആൻഡമാനിൽ കുഴിച്ചുനോക്കിയാൽ നിങ്ങൾക്ക് പാഡുകൾ മാത്രമേ കണ്ടുകിട്ടൂ!” സീമയുടെ തമാശ കേട്ട് മറ്റ് നാല് സ്ത്രീകൾ ചിരിച്ച് വശംകെട്ടു.
വാണ്ടുർ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീട്ടിലും, പറമ്പിന്റെ ഒരു മൂലയിൽ, ഒരു (ചുവന്ന) മൂലയുണ്ടാവും. പ്രത്യേകം അടയാളമൊന്നും വേണ്ട അത് കണ്ടുപിടിക്കാൻ. വീട്ടിലെ എല്ലാ സ്ത്രീകൾക്കും ഭൂപടമില്ലാതതന്നെ അത് കണ്ടുപിടിക്കാനാവും. അവർ സാനിറ്ററി നാപ്കിനുകൾ കുഴിച്ചിടുന്ന സ്ഥലം. തങ്ങൾ ആ മാലിന്യം കുഴിച്ചിടുന്ന സ്ഥലം ഞങ്ങൾക്ക് കാണിച്ചുതരാൻ മണ്ടൽ കുടുംബത്തിലെ പെൺകുട്ടികൾക്ക് മടിയും ലജ്ജയുമായിരുന്നു.
“ഒരു മാസം ഞങ്ങൾ ആ പാഡുകൾ ശേഖരിച്ചുവെക്കും. പിന്നെ മണ്ണിൽ കുഴികുത്തി അതിൽ കുഴിച്ചിടും. എല്ലാവരും അവരവരുടെ മാലിന്യങ്ങൾ വീടിന്റെ ചുറ്റുമാണ് കുഴിച്ചിടുക. വീടിനടുത്ത് സ്ഥലമുണ്ടെങ്കിലും ഇപ്പോൾ അവിടെ ചളിയായതിനാൽ, ഞങ്ങളത് വീടിന്റെ മൂലയിൽ ശേഖരിച്ച് പിന്നീട് കുഴിച്ചിടും. ചിലപ്പോൾ അതേ കുഴിയിലിടും. മറ്റ് ചിലപ്പോൾ പുതിയ കുഴിയുണ്ടാക്കും,” അവർ പറയുന്നു.
തെക്കൻ ആൻഡമാൻ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗ്രാമത്തിലെ അടച്ചുറപ്പുള്ള വീടിന്റെ മുമ്പിലിരുന്ന്, ആർത്തവത്തെക്കുറിച്ചും, ആർത്തവമാലിന്യം കളയുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ആ അഞ്ച് സ്ത്രീകൾ. “എന്തിനാണതിനെക്കുറിച്ച് സംസാരിക്കുന്നത്? ഞങ്ങൾ ഇതിനെക്കുറിച്ചൊന്നും സംസാരിക്കാറില്ല,” മണ്ടൽ കുടുംബത്തിലെ 72 വയസ്സുള്ള ഏറ്റവും പ്രായം ചെന്ന ഊർമ്മിള ഞങ്ങളുടെ സംസാരത്തിൽ ഇടപെട്ട് പറയുന്നു. ബംഗാളി കുടിയേറ്റക്കാരുടെ കുടുംബങ്ങളിലൊന്നാണ് അവരുടേത്. വ്യത്യസ്ത സമുദായക്കാരായ അവരിൽപ്പലരും പല തലമുറകൾക്കുമുമ്പേ ഈ കേന്ദ്രഭരണ പ്രദേശത്ത് വന്ന് പാർപ്പുറപ്പിച്ചവരാണ്.













