ഈ വസ്ത്രം, എത്ര മനോഹരം, എത്ര മനോഹരം
രാമനാമത്തിൽ മുങ്ങിയത്.
ഈ വസ്ത്രം എത്ര മനോഹരം
എട്ട് മടക്കുകളുള്ള ചർക്കയിൽ നൂറ്റ നൂലും
പഞ്ചഭൂതങ്ങളുടെ അസംസ്കൃത നാരുകളും
ഒമ്പത് മാസത്തെ നെയ്ത്തും,
എന്നിട്ട്,
നീയതിനെ നശിപ്പിക്കുന്നോ, വിഡ്ഡീ?
നെയ്തുതീർന്ന ഈ വസ്ത്രം എത്ര മനോഹരം
ഹാർമ്മോണിയത്തിൽ വിരൽ മീട്ടി, ശ്രുതിയും ഭാവവും ഇഴകലർത്തി, കബീറിൻ്റെ വരികൾ ശ്രുതിമധുരമായി പാടുന്നു നെഹ്രു ദാസ്ജി. ഒരുകാലത്ത് ആ വിരലുകൾ തറിയന്ത്രത്തിൽ പണിയെടുത്തിരുന്നത് സങ്കൽപ്പിക്കാൻ എളുപ്പമാണ്. എന്നാലിന്ന്, നെയ്ത്തിനേക്കാൾ അദ്ദേഹത്തിൻ്റെ പ്രകൃതം ഗാനത്തിനാണ് യോജിക്കുക. നെയ്ത്തുജോലി തൻ്റെ രണ്ട് ആണ്മക്കൾക്ക് അദ്ദേഹം കൈമാറിക്കഴിഞ്ഞു. എന്നാൽ, പാട്ടും തൊഴിലും തമ്മിലുള്ള ബന്ധത്തെ വെളിവാക്കാൻ ഒരു കബീർ പന്ഥിയായ (15-ആം നൂറ്റാണ്ടിലെ ഭക്തകവി കബീറിൻ്റെ അനുയായി) അദ്ദേഹത്തിന് വലിയ താത്പര്യമാണ്.
“ഈ ശരീരം നെയ്യാൻ ഈശ്വരൻ സമയമെടുക്കുന്നതുപോലെ, ഒരമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തുവരാൻ ഒരു കുഞ്ഞ് ഒമ്പത് മാസമെടുക്കുന്നു. “നെയ്ത്തിൻ്റെ ഉദാഹരണം സൂചിപ്പിച്ചുകൊണ്ടാണ് നമ്മുടെ കബീർ സാബ് ഈ ലോകത്തിൻ്റെ യാഥാർത്ഥ്യം വിശദീകരിക്കുന്നത്.” ബൈഗചക്കിലെ ഏറ്റവും പ്രായമുള്ള നെയ്ത്തുകാരൻ താനാണെന്ന് 78 വയസ്സുള്ള നെഹ്രു ദാസ് അവകാശപ്പെടുന്നു.






















