“കൗഡി, കൗഡി, കൗഡി, കബഡി, കബഡി, കബഡി….”
മൺവൃത്തത്തിനുള്ളിൽ ആർപ്പുവിളികൾ ഉച്ചത്തിലായി - റേയ്ഡർമാരും സ്റ്റോപ്പർമാരും തമ്മിലുള്ള പോരാട്ടത്തിന്റെ രംഗം. ഡൽഹിക്ക് പുറത്തുള്ള സിംഗു, ടിക്രി അതിർത്തികളിൽ 2020-2021-ലെ കർഷകരുടെ പ്രതിഷേധമായിരുന്നു വേദി. കബഡി വിവരണവും മുദ്രാവാക്യങ്ങളും പ്രതിരോധ പ്രസംഗങ്ങളും കലർന്നിരുന്നു - മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്നതുവരെ ലക്ഷക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ പ്രതിഷേധത്തിൽ അണിനിരക്കുകയായിരുന്നു.
2021 സെപ്റ്റംബറിൽ ഒരാഴ്ച നീണ്ടുനിന്ന ടൂർണമെന്റിന്റെ അവസാനം, ഒരു പുതിയ കളിക്കാരൻ ഉയർന്നുവന്നു: ഹരിയാനയിലെ റോഹ്തക്കിൽനിന്നുള്ള ശിലു ബൽഹാര. പഞ്ചാബിൽനിന്നുള്ള കബഡി താരങ്ങളുടെ ലീഗിൽ അദ്ദേഹം ചേർന്നു. താഴ്ന്ന വരുമാനക്കാരും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലെ യുവാക്കളും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഈ കളിയെയാണ് ആശ്രയിക്കുന്നത്.
പഞ്ചാബിലെ ഗ്രാമങ്ങളിലെ ആൺകുട്ടികൾ ആദ്യം പഠിച്ചെടുക്കുന്ന കായികയിനങ്ങളിലൊന്നാണ് വൃത്തശൈലിയിലുള്ള കബഡി. ഇതിന്റെ ആകർഷണം ഇതിന്റെ ലാളിത്യത്തിലാണ്; ഇതിന് ഉപകരണങ്ങളൊന്നും ആവശ്യമില്ല - പലപ്പോഴും കളിക്കാർ പാദരക്ഷകൾപോലും ധരിക്കാറില്ല. ഇതിന്റെ നിയമങ്ങൾ ലളിതമാണ്, കൂടാതെ മണ്ണിലാണ് ഇത് കളിക്കുന്നത്.
ബലിഷ്ഠമായ ശരീരം കെട്ടിപ്പടുക്കുന്നതിൽ അഭിമാനിക്കുന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം, ഇത് അത്യന്തം ശാരീരികക്ഷമത ആവശ്യപ്പെടുന്ന ഒരു കളിയാണെന്നതുകൂടി, ഇതിന്റെ ഒരു ആകർഷണമാണ്. പഞ്ചാബ് ശൈലിയിലുള്ള കബഡി എന്നും അറിയപ്പെടുന്ന ഈ കളി മേളകൾ, സാമൂഹിക ഒത്തുചേരലുകൾ, പ്രാദേശിക ടൂർണമെന്റുകൾ എന്നിവയിൽ കളിക്കപ്പെടുന്നു.
പഞ്ചാബിലെ കബഡി സീസൺ കാർഷിക കലണ്ടറിനൊപ്പം നീങ്ങുന്നു. ഇത് ഒക്ടോബറിൽ വിത്തുപാകുന്ന സമയത്ത് തുടങ്ങി ഏപ്രിലിലെ വിളവെടുപ്പുകാലംവരെ തുടരും.




















