മനോർ ജംഗ്ഷനിലെ മരം കോച്ചുന്ന തണുപ്പിൽ, കെട്ടടങ്ങുന്ന തീക്കുണ്ഡത്തിൻ്റെ ചാരത്തിന് ചുറ്റുമിരുന്ന് ചൂട് കായുകയായിരുന്നു കർഷകർ. തലേന്ന് രാത്രി അതിശൈത്യമായിരുന്നു. രാവിലെയും സ്ഥിതിയിൽ മാറ്റമില്ല. “മഴ പെയ്യുന്നതുപോലെ തോന്നി, ശരീരത്തിൽ തണുത്ത വെള്ളം വീഴുന്നതുപോലെ” എന്നാണ് ലക്ഷ്മി ദത്തു ബോബ തണുപ്പിനെക്കുറിച്ച് പറഞ്ഞത്.
കൊടുംശൈത്യമായിരുന്നെങ്കിലും, അതിനേക്കാളും തീവ്രമായിരുന്നു ആ 46-കാരിയുടെ ദേഷ്യം. ഭൂമിയും വെള്ളവും, എല്ലാറ്റിലുമുപരിയായി കൂലിയേയുംകുറിച്ചുള്ള അവരുടെ ദൈന്യത. അവരെപ്പോലെ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരാണ് അവരുടെ ദീർഘനാളത്തെ ആവശ്യങ്ങളുന്നയിച്ച് പാൽഘർ ജില്ലയിലെ കളക്ടറേറ്റിലേക്ക് പ്രകടനം നടത്തിയത്. ഭൂമി ക്രമപ്പെടുത്തുക, കുടിവെള്ളം ഉറപ്പുവരുത്തുക, ഏറ്റവും പ്രധാനമായി, കൂലിപ്പണി ഉറപ്പ് വരുത്തുക, ഇതായിരുന്നു അവരുടെ ആവശ്യങ്ങൾ. അന്തസ്സുള്ള ജീവിതത്തിന് അവശ്യം വേണ്ട ഏറ്റവും ചുരുങ്ങിയ കാര്യങ്ങൾ.
“മുഴുവൻ വർഷം പോയിട്ട്, തൊഴിലുറപ്പ് പ്രകാരം ഒരുദിവസത്തെ തൊഴിലുപോലും ഞങ്ങൾക്ക് കിട്ടുന്നില്ല,” മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എം.ജി.എൻ.ആർ.ഇ.ജി.എ) സൂചിപ്പിച്ചുകൊണ്ട്, ദേഷ്യത്തോടെ ലക്ഷ്മി പറയുന്നു. കേന്ദ്രസർക്കാർ ഈയിടെ അതിനെ ഘടനാപരമായി മാറ്റി വീക്ഷിത് ഭാരത് – ജി റാം ജി ആക്ട് (വിബി-ജി റാം ജി) എന്ന് പുനർനാമകരണം ചെയ്തിരുന്നു. അതിലൂടെ, ആ പദ്ധതിയുടെ സാമ്പത്തികബാധ്യത മുഴുവൻ സംസ്ഥാനത്തിൻ്റെ ചുമലിലേക്ക് മാറ്റുകയും ചെയ്തു.
സി.പി.ഐ.(എം), ഓൾ ഇന്ത്യാ കിസാൻ സഭയുടെ മഹാരാഷ്ട്ര ഘടകം എന്നിവർ ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധമാർച്ചിൽ പങ്കെടുത്ത പതിനായിരക്കണക്കിനാളുകളുടെ മറ്റൊരു പ്രധാന ആവശ്യം, 600 രൂപ കൂലിയിൽ വർഷത്തിൽ 200 ദിവസത്തെ തൊഴിലുറപ്പ് എന്നതായിരുന്നു. 2026 19-ന് തുടങ്ങിയ സമരം അവസാനിച്ചത്, ഈ ആവശ്യങ്ങൾ സമ്മതിച്ച് ജില്ലാ കളക്ടർ ജനുവരി 21-ന് നൽകിയ ഉറപ്പോടെയാണ്.












