സുടലൈ കാളി, അഥവാ ശ്മശാനദേവതയ്ക്കുള്ള ബലിയായി കോഴിത്തല പല്ലുകൊണ്ട് മുറിച്ചുമാറ്റി, ആടിന്റെ കരൾ പല്ലുകൊണ്ട് കടിച്ചുപിടിച്ച്, ഇടതുകൈയ്യിൽ അരിവാൾ ചുഴറ്റി അവർ താളാത്മകമായി ചുവടുവെക്കുന്നു. കറുത്ത സാരി ധരിച്ച ഐശ്വര്യ പമ്പയുടേയും പറയുടേയും കൊട്ടിനനുസരിച്ച് ചുവടുവെച്ച് ദേവി പുത്രു പൂങ്കാവനത്ത് അമ്മൻ ക്ഷേത്രത്തിൽനിന്ന് തിരുവല്ലം പട്ടണത്തിലെ പൂനൈ നദിയിലേക്കുള്ള തിരക്കുള്ള വഴിയിലൂടെ നൃത്തം ചെയ്യുകയായിരുന്നു. നദിയുടെ വരണ്ട തീരത്തെത്തിയപ്പോഴേക്കും, ഘോഷയാത്രയെ നയിച്ചിരുന്ന ആ തിരുനങ്കൈ ക്ഷീണിച്ച് വീണു. സ്വന്തമായി ഒരു നാടകക്കമ്പനി ഈ 37-കാരി നടത്തുന്നുണ്ടെങ്കിലും, ഇവിടെ നടന്നത് കേവലം ഒരു ‘അഭിനയ’മായിരുന്നില്ല. ആ ദിവസത്തിന്റെ അവസാനമാണ് നാടകം അരങ്ങേറുക.
തമിഴ് മാസമായ മാസിയിലെ (മാർച്ച്) അമാവാസി നാളിൽ (കറുത്ത വാവ്) തമിഴ് നാട്ടിലെ വെല്ലൂർ ജില്ലയിലെ ദളിത് സമുദായങ്ങൾ ആഘോഷിക്കുന്ന മായണ കൊള്ളൈയിൽ (ശ്മശാനക്കൊള്ള ഉത്സവം) പങ്കെടുക്കുകയായിരുന്നു ഐശ്വര്യ. സംസ്ഥാനത്ത് പട്ടികജാതിക്കാരായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ചക്ലിയാർ സമുദായക്കാരിയായ ഐശ്വര്യ കഴിഞ്ഞ രണ്ട് ദശാബ്ദമായി ഈ ക്ഷേത്രത്തിന്റെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു
“ആ ഉന്മാദത്തിൽ നൃത്തം ചെയ്തത് ഞാനായിരുന്നില്ല. എനിക്കൊന്നും ഓർമ്മയില്ല. അമ്മൻ എന്നെ ബാധിച്ചതാണ്,” അവർ പറയുന്നു. കാളിയുടെ അവതാരമായി വിശ്വസിക്കപ്പെടുന്ന അമ്മൻ, അവരുടെ സമുദായം ആരാധിക്കുന്ന നാടൻ ദേവതയാണ്. അനുഷ്ഠാനങ്ങളെല്ലാം കഴിഞ്ഞാൽ, 10 മണിയോടെ അവസാനത്തെ അവതരണം ആരംഭിക്കും.
രാത്രിയിൽ മറ്റൊരു രംഗമാണ് കാണാനാവുക. ശക്തി വീണ്ടെടുത്ത ഐശ്വര്യ തെരുവിന്റെ നടുവിലുള്ള 10 x 12 അടിവലിപ്പമുള്ള വേദിയിൽ ഓടിനടന്ന് സംഘാടകർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നു. ബാനർ വെക്കേണ്ട സ്ഥലം, 500 വാട്ടിന്റെ രണ്ട് ലൈറ്റുകൾ വെക്കേണ്ട കൃത്യമായ സ്ഥലം എന്നിവയൊക്കെ. “ആ രണ്ടെണ്ണം സ്റ്റേജിലേക്ക് തിരിച്ചുവെക്കണം, കുറച്ചുകൂടി കോണോടുകോണായി,” അവർ കൽപ്പിക്കുന്നു. സ്റ്റേജ്, വേഷവിധാനം, വെളിച്ചം എന്നിവയുടെ രൂപകല്പന, സംവിധാനം, തിരക്കഥ, ട്രൂപ്പിന്റെ ചുമതലക്കാരി തുടങ്ങിയ വിവിധ റോളുകൾ അവർ കൈകാര്യം ചെയ്യുന്നു. അശോക നാടക മന്ത്രം എന്ന് പേരുള്ള ഒരു നാടകസംഘത്തെ ചലിപ്പിക്കുന്ന ഒറ്റയാൾപ്പട്ടാളമാണ് അവർ. സ്റ്റേജിൽ വെച്ചിട്ടുള്ള വലിയ ബാനറിൽ ട്രൂപ്പിന്റെ പേർ വലിയ അക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്.



