2025 സെപ്റ്റംബർ മാസം, 24 വയസ്സുള്ള വീണാ റാണി തെല്ലും ഉറങ്ങിയിട്ടില്ല. കയറ്റുകട്ടിലിൽ മണിക്കൂറുകളോളം ഉറങ്ങാതെ കിടക്കും, കണ്ണടച്ച്. കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തിൽ കുടുംബത്തിൻ്റെ കൃഷിയിടങ്ങളെ മുക്കിക്കളഞ്ഞ്, വീട്ടിനകത്ത് കയറിയ വെള്ളത്തെക്കുറിച്ചോർത്ത്. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ വല്ലെ ഷാ ഉത്താർ ഗ്രാമത്തിലെ വീട്ടിൽ.
“മുമ്പത്തേക്കാളും ഭേദമാണ്,” രാത്രിയിലെ മരുന്ന് വിഴുങ്ങിക്കൊണ്ട് അവർ പറയുന്നു. പ്രധാന ഗ്രാമത്തിന് പുറത്തുള്ള അവരുടെ മൂന്ന് മുറി വീട്, സത്ലജിൻ്റെ നദീമുഖത്താണ്. വീട്ടിൽനിന്ന് നോക്കുമ്പൊൾ ശാന്തമായി തോന്നുമെങ്കിലും നദീമുഖത്തിന് എട്ടടി ആഴമുണ്ട്. അതിനപ്പുറത്താണ് അവരുടെ നാലേക്കർ പാടം.
“അവൾ ചിരിക്കാതായി,” വീണയുടെ സഹോദരി, 26 വയസ്സുള്ള കൈലാശ് റാണി പറയുന്നു. എഴുന്നേറ്റിരിക്കാൻ പറഞ്ഞാൽ അവൾ കരഞ്ഞുതുടങ്ങുമെന്ന്, അച്ഛൻ 52 വയസ്സുള്ള ജർണേൽ സിംഗ് പറയുന്നു.
“വിളവ് നഷ്ടപ്പെട്ട സ്ഥിതിക്ക് എങ്ങിനെ ഞങ്ങൾക്ക് പൈസ കിട്ടും, എത്രകാലം വെള്ളം താഴാതെ നിൽക്കും, അടുത്ത സീസണിൽ ഗോതമ്പ് വിതയ്ക്കാൻ പറ്റുമോ, ഇതൊക്കെ മാത്രമായി എൻ്റെ മനസ്സിൽ,” വീണ പറയുന്നു. സ്നേഹിതർ വിളിച്ച് അന്വേഷിക്കുമ്പോൾ മറുപടി പറയാൻ അവർ ബുദ്ധിമുട്ടി. “തലയിൽ എന്തോ ഘനം ഇരിക്കുന്നതുപോലെ തോന്നിയിരുന്നു.”
ഗ്രാമത്തിലെ എല്ലാവരും ഈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചിരുന്നു. ഇത് കടന്നുപോകുമെന്ന് വീണ കരുതി.
അതുണ്ടായില്ല. അവർ കൂടുതൽക്കൂടുതൽ ഉൾവലിയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, കുടുംബം അവരെ 50 കിലോമീറ്റർ അകലെ, അഭോറിലെ ഒരു മനശ്ശാസ്ത്രജ്ഞനെ കൊണ്ടുപോയി കാണിച്ചു. പരിശോധനയിൽ അവർക്ക് വിഷാദരോഗം കണ്ടെത്തുകയും അഞ്ച് മാസത്തെ മരുന്ന് കുറിച്ചുകൊടുക്കുകയും ചെയ്തു.
ക്ലിനിക്കിൽ ചെല്ലുമ്പോഴും അവർ കരയുകയായിരുന്നു. “എൻ്റെ തലയിലെ നാഡികൾക്ക് ബലം കുറഞ്ഞു,” അവർ പറയുന്നു.
















