“ഞാനെന്താണ് ഇവിടെ ചെയ്യുന്നതെന്നോ? അതോ, ഞാനിവിടെ അടുത്താണ് താമസിക്കുന്നത്”, ഒരു 200 മീറ്റർ അകലെയുള്ള തന്റെ വീടിന്റെ ഭാഗത്തേക്ക് കൈവീശി അയാൾ പറയുന്നു. മുതുമുത്തച്ഛനായ തനിക്ക് അറുപത് കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് അയാളുടെ ഊഹം. ഒരു മരത്തിന്റെ നേരിയ തണലിൽ, റോഡരുകിലുള്ള ഒരു കല്ലിന്മേൽ ഇരിക്കുകയായിരുന്നു അയാൾ. അയാളുടെ ചുറ്റും കിടക്കുന്ന സാധനങ്ങളായിരുന്നു ഞങ്ങളുടെ ചോദ്യത്തിനുള്ള കാരണമായത്.
ഏകദേശം 20 ലിറ്റർ ഉൾക്കൊള്ളുന്ന വലിയൊരു സ്റ്റീലിന്റെ ജാറിൽ വെളുത്ത ദ്രാവകം നിറച്ചുവെച്ചിരുന്നു. അതിനരികിലായി, ഏതാണ്ട് പൊളിയാറായ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ബക്കറ്റിൽ - കഴിഞ്ഞ പതിറ്റാണ്ടിലെപ്പൊഴോ പെയിന്റ് നിറച്ചിരുന്നതാണെന്ന് തോന്നുന്നു - വെള്ളം നിറച്ചുവെച്ചിരുന്നു. വിവിധ നിറങ്ങളിലുള്ള കോപ്പകൾ ആ ബക്കറ്റിലെ വെള്ളത്തിൽ പൊങ്ങിക്കിടന്നു. നിലത്ത് കിടക്കുന്ന ഒരു ചുവന്ന പ്ലാസ്റ്റിക് ഗ്ലാസിന് പുറമേ, ഉപഭോക്താക്കൾക്കുവേണ്ടി അടയാളപ്പെടുത്തിയപോലെ, പ്രത്യേക നിറങ്ങളിലുള്ള രണ്ട് മഗ്ഗുകളുമുണ്ടായിരുന്നു അവിടെ. മാഞ്ഞുതുടങ്ങിയ പിങ്ക് നിറത്തിലുള്ള ഒരു മഗ്ഗ്, ജെറി കാനിന്റെ മുകളിലും, ഇളംനീല നിറമുള്ള മറ്റൊന്ന്, ഒലീവ് പച്ച നിറമുള്ള ആ കാലഹരണപ്പെട്ട ബക്കറ്റിന്റെ മുകളിലും.
ചത്തീസ്ഗഢിലെ നാരായൺപുർ ജില്ലാതലസ്ഥാനത്തുനിന്ന്, ബസ്തറിന്റെ അഭുജ്മാഡ് മേഖലയിലേക്ക് വണ്ടിയോടിച്ച് വരുമ്പോൾ കാണുന്ന രണ്ടാമത്തെ ഗ്രാമമായ കൊഡോലിയാണ് ഇത്.
താൻ എന്താണ് ചെയ്യുന്നതെന്ന്, അല്പം അക്ഷമയോടെ വിശദീകരിക്കാൻ ശ്രമിക്കുകയാണ് സുഖ്റാം. ഞങ്ങളുടെ സംഘത്തിൽ, അത് മനസ്സിലായിട്ടില്ലാത്ത ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു.
“സാൽഫി, സാൽഫി,” എന്റെ അജ്ഞതയ്ക്കുനേരെ കണ്ണുരുട്ടിക്കൊണ്ട് അയാൾ പറയുന്നു. ഞങ്ങൾ രണ്ടുപേരുടെ കൈയ്യിലിരിക്കുന്ന ക്യാമറയിലേക്ക് ഞാൻ കണ്ണയച്ചു. പക്ഷേ അയാൾ ഞങ്ങളെ സെൽഫിയെടുക്കാൻ വിളിക്കുകയായിരുന്നില്ല.





