“പഠിക്കാൻ അച്ഛൻ എന്നെ അനുവദിച്ചിരുന്നെങ്കിൽ ഞാനൊരു പൊലീസുദ്യോഗസ്ഥയാവുമായിരുന്നു,” ഒട്ടുന്ന എച്ചിൽപ്പാത്രങ്ങൾ നിറഞ്ഞ അഴുക്കുവെള്ളത്തൊട്ടിയിലേക്ക് മുഖം തിരിച്ച് അവർ പറയുന്നു. രാവിലെ 9 മണിയായിരുന്നു സമയം. സമ്പന്നർ താമസിക്കുന്ന അടച്ചുറപ്പുള്ള വാസകേന്ദ്രത്തിലെ മറ്റ് വീടുകളിലേക്ക് പോകാനുള്ള സമയമാവുന്നു. വീട്ടിലേക്ക് തിരികെ പോവുന്നതിനുമുമ്പ്, അഞ്ച് വീടുകളിലെ ജോലികൾകൂടി തീർക്കേണ്ടതുണ്ട്, അനിതാ ദീദി എന്ന് കോളണിക്കാർ വിളിക്കുന്ന അവർക്ക്. വടക്കു-പടിഞ്ഞാറൻ ഹൈദരബാദിലെ നല്ലഗണ്ട്ള എന്ന, ആർഭാടമന്ദിരങ്ങളുള്ള പ്രദേശത്തുനിന്ന്, സംഗറെഡ്ഡി ജില്ലയിലെ പട്ടാഞ്ചെരു എന്ന സ്ഥലത്തെ അവരുടെ വീട്ടിലേക്ക് 10 കിലോമീറ്റർ ദൂരമുണ്ട്.
തെലങ്കാനയിൽ പട്ടികഗോത്രമായി അടയാളപ്പെടുത്തിയിട്ടുള്ള ലംബാഡി സമുദായക്കാരിയാണ് നാല് കുട്ടികളുടെ അമ്മയും 25 വയസ്സുമുള്ള അനിത റാത്തോഡ്. ഹൈദരബാദിലെ അടച്ചുറപ്പുള്ള വാസകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന നിരവധി കുടിയേറ്റത്തൊഴിലാളികളിലൊരാളാണ് അവർ - രാജ്യത്ത്, ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ ആകർഷിക്കുന്ന മുന്തിയ അഞ്ച് നഗരങ്ങളിലൊന്നാണ് ഹൈദരബാദ്. ദീർഘമായ മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്നതിനാൽ, ചല്ലഗിഡ്ഡതാണ്ടയിലുള്ള ബന്ധുക്കളെ വിട്ട്, മക്കളെ മൈനേലിയിലുള്ള തൻ്റെ അച്ഛനമ്മമാരുടെയടുത്താക്കി, സ്വന്തം സ്വപ്നങ്ങളും കൈയൊഴിഞ്ഞാണ് അവർ ഈ ജോലിക്ക് പോകേണ്ടിവരുന്നത്.
എന്നും രാവിലെ 4 മണിക്ക് അവരുടെ ദിവസം ആരംഭിക്കും. പാചകം ചെയ്യലും തുണി തിരുമ്പലും വീട് വൃത്തിയാക്കലും. 5.30-ന് അവർ ബസ്സിൽ കയറി രംഗ റെഡ്ഡി ജില്ലയിലെ ലിംഗംപള്ളിയിലേക്ക് പോകും. അവിടെനിന്ന് 20 രൂപ ഓട്ടോക്കൂലി കൊടുത്ത് 6 മണിയോടെ നല്ലഗണ്ട്ള ഗേറ്റഡ് കമ്യൂണിറ്റിയിലെത്തും. 2023-ൽ തെലുങ്കാന സർക്കാർ സ്ത്രീകൾക്ക് സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ബസുകളിൽ മഹാലക്ഷ്മി പദ്ധതി എന്ന പേരിൽ സൗജന്യയാത്ര അനുവദിച്ചതുകൊണ്ട്, യാത്രാക്കൂലിയിനത്തിൽ അവർക്ക് കുറച്ച് ലാഭമുണ്ട്.














