ലതെഹ്റ ടോലയിൽ റോഡിന്റെ ഇരുവശത്തുമായി ഏതാണ്ട് രണ്ടു ഡസൻ ആദിവാസി വീടുകളുണ്ട്. ചില വീടുകൾ കോൺക്രീറ്റ് ഉപയോഗിച്ചും മറ്റുള്ളവ മണ്ണുപയോഗിച്ചും ഓലമേഞ്ഞുമാണ് നിർമ്മിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തിലെ ഒരു ഉച്ചതിരിഞ്ഞ നേരം, മഴ നിലച്ച് ആകാശം ഏതാണ്ട് തെളിഞ്ഞിരിക്കുന്നു. ചില മുതിർന്ന സ്ത്രീകൾ റോഡരികിൽ വീടുകളുടെ തണലിലിരുന്ന് കുശലം പറഞ്ഞ് സമയം ചെലവഴിക്കുകയാണ്.
ഫൂൽമണിയുടെ പ്രായാധിക്യം, അവരുടെ പുറത്തുള്ള കൂനും ആഴത്തിലുള്ള ചുളിവുകളും കണ്ടാലറിയാം. ഒരു വടിയിലൂന്നി അവർ എന്റെയടുത്തേക്ക് വന്നു. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഫൂൽമണിക്ക് വെറും മൂന്നുവയസ്സായിരുന്നു പ്രായം. ജമൂയി ജില്ലയിലെ ലതെഹ്റ ടോലയിൽനിന്നുള്ള ഈ സന്താൾ ആദിവാസി തന്റെ 21 -ാം വയസ്സുമുതൽ സ്ഥിരമായി വോട്ടർപ്പട്ടികയിലുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ മാസം അവരുടെ പേര് വോട്ടർപ്പട്ടികയിൽനിന്നും ഒഴിവാക്കപ്പെട്ടു. ഇപ്പോൾ 80-കളുടെ തുടക്കത്തിലെത്തിയ ഫൂൽമണി, തന്റെ ഇനിയുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നോർത്ത് ആശങ്കപ്പെടുന്നു - വോട്ട് ചെയ്യാനായില്ലെങ്കിൽ, തന്നെപ്പോലുള്ള പ്രായമായ സ്ത്രീകൾ അവർക്ക് അത്യന്താപേക്ഷിതമായ സർക്കാർ പദ്ധതികളിൽനിന്നും പുറന്തള്ളപ്പെടുമെന്ന് അവർ ഭയപ്പെടുന്നു.
ദുബരത്തിരി ഗ്രാമത്തിലെ കനാർ ആദിവാസി ടോലയിലെ യോഗ്യരായ വോട്ടർമാരുടെ പട്ടികയിൽനിന്ന് വിഷ്ണുദേവ് ഹൻസ്ദയുടെ പേരും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ രാജു കിസ്കുവിൻ്റെയും, കൂടാതെ ഫൂൽമണിയുടെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളുടെയും പേരുകളും. അവരെല്ലാം ബൂത്ത് നമ്പർ 14, ഉത്ക്രമിത് മധ്യവിദ്യാലയ്, ഖിർഭോജ്നക്ക് (ഈസ്റ്റ്) കീഴിലാണ് വരുന്നത്. മൊത്തം അമ്പത് പേരുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഞാൻ പരിശോധിച്ചപ്പോൾ ഇവരിൽ 50 ശതമാനവും ആദിവാസികളായിരുന്നു. പുനരവലോകനത്തിനുശേഷമുള്ള അന്തിമപട്ടികയിൽ 661 വോട്ടർമാരെയാണ് ഈ ബൂത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2025 ജൂലൈയിൽ ബിഹാറിൽ നടന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്. ഐ. ആർ) 'മരണം', 'സ്ഥലം മാറ്റം' എന്നിവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടി 66 ലക്ഷത്തിലധികം വോട്ടുകളാണ് ഇല്ലാതാക്കിയത്. വായിക്കുക: ബിഹാറിൽ 'അന്തരിച്ച' ആദിവാസികൾ അവരുടെ കഥകൾ പറയുന്നു.
ഈ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽത്താഴെയാണ് ആദിവാസികളുടെ എണ്ണമെങ്കിലും, അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ എസ്.ഐ.ആറിൽ ഉയർന്ന തോതിൽ ഒഴിവാക്കപ്പെട്ടവരിൽ അവരും ഉൾപ്പെടുന്നു. ഇവിടുത്തെ ഗോത്രവർഗക്കാർ അവരുടെ ഗാർഹിക ചിലവുകൾക്കായി അടുത്തുള്ള കുന്നുകളിലുള്ള ചെറിയ വനവിഭവങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അവർ ദിവസം മുഴുവൻ കാട്ടിൽനിന്ന് ഉണങ്ങിയ തടി ശേഖരിച്ച്, വൈകുന്നേരം അവ അടുത്തുള്ള വിപണിയിൽ വിറ്റ് ഏകദേശം 150-200 രൂപ സമ്പാദിക്കുന്നു. ഇതിനുപുറമെ അവർ കൃഷിയിടങ്ങളിലും, എം.എൻ.ആർ.ഇ.ജി.എ.യിലും, ജോലി ലഭിക്കുന്ന മറ്റെല്ലായിടത്തും ദിവസവേതന തൊഴിലാളികളായി ജോലി ചെയ്യുന്നു.
















