ഗുജറാത്തിയിൽ റാൻ എന്ന് വിളിക്കുന്ന മരുഭൂമിയുടെ അറ്റത്തുള്ള ഒരു ഗ്രാമം. എന്റെ മുന്നിൽ ഒരാൾ നിൽക്കുന്നുണ്ട്. കോങ്കണ്ണും, നരച്ച തലമുടിയും, പരുപരുത്തതും വിണ്ടുകീറിയതുമായ കാൽമടമ്പുകളും, ചൂടിന്റെ കാഠിന്യമറിഞ്ഞ ചർമ്മവും,ഒരേ നിറമുള്ള കവിളുകളും ചുണ്ടുകളും, ഉപ്പ് വിതറിയ ബലിഷ്ഠമായ ശരീരവുമുള്ള ഒരാൾ. ഒറ്റനോട്ടത്തിൽ, ദൂരെനിന്നുതന്നെ, ആർക്കും അയാളെ തിരിച്ചറിയാനാവും. ഇതാ ഒരു അഗരിയ, ഉപ്പുപാടത്തെ തൊഴിലാളി.
ഘരഗോഢയിലെ മരുഭൂമിയിൽ മണലില്ല. ഉപ്പുരസമുള്ള കളിമണ്ണ് മാത്രമേയുള്ളു ചുറ്റും. മഴക്കാലത്ത് അത് വെള്ളത്തിൽ മുങ്ങിയിട്ടുണ്ടാവും. അത് കഴിഞ്ഞാൽ കളിമണ്ണ് മാത്രവും. ഓരോ ദിവസവും ചൂട് തലേന്നത്തേക്കാൾ കൂടുതലാവും. ഉണങ്ങിയ കളിമണ്ണ് മാത്രമേ മരുഭൂമിയിൽ നിങ്ങൾക്ക് കാണാനാവൂ. ചക്രവാളത്തോളം ഒരു വൃക്ഷംപോലുമുണ്ടാവില്ല്. അവിടവിടെയായി കുറ്റിക്കാടുകൾ മാത്രം. അവയെക്കുറിച്ച് കേൾക്കുമ്പൊഴേ ക്ഷീണിക്കും. എങ്കിൽ, അവിടെ ജോലി ചെയ്യുന്നത് ഒന്ന് സങ്കൽപ്പിച്ചുനോക്കുക! നടന്നാലും നടന്നാലും എവിടെയുമെത്തില്ല. എന്നാലും നടക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല.
“ഈ വഴി അപരിചിതമല്ലെങ്കിലു-
മീ മരുഭൂവിൽ ഞാനൊറ്റപ്പെട്ടു
എന്റെ പൂർവ്വികർ നടന്ന വഴി ഞാനെടുത്തു
എന്നിട്ടും മരുഭൂവിലൊറ്റപ്പെട്ടു”
ഉപ്പുപാടത്തൊഴിലാളികളുടെ പരമ്പരാഗത ജീവിതത്തിന്റെ ദുരിതം സൂചിപ്പിച്ചുകൊണ്ട്, റാനിന്റെ കവിയായ 65 വയസ്സുള്ള ഡി.കെ.വണിയ തുടർന്നു, “ഈ പ്രദേശത്തുള്ള 99 ശതമാനം അഗരിയകളും, ചുംവാലിയ കോലി എന്ന ഡീനോട്ടിഫൈഡ് ഗോത്രവിഭാഗക്കാരാണ് (പണ്ട്, കുറ്റവാളി ഗോത്രങ്ങളായി ബ്രിട്ടീഷുകാരാൽ മുദ്രകുത്തപ്പെട്ട്, സ്വാതന്ത്ര്യാനന്തരം ആ പട്ടികയിൽനിന്ന് പുറത്തുവന്നവർ). അഹമ്മദാബാദ് ജില്ലയുടെ ഉപഡിവിഷനായ വിരാംഗത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ചുംവാൽ പ്രദേശത്തുനിന്ന് വരുന്നതുകൊണ്ടാണ് ചുംവാലിയ എന്ന പേര് കിട്ടിയത്. ഗുജറാത്തിയിൽ ചുംവാലീസ് എന്നാൽ, 44 എന്നാണർത്ഥം. പ്രദേശത്തെ 44 ഗ്രാമങ്ങളെ സൂചിപ്പിക്കുന്ന വാക്കാണ്.































