ഇരുമ്പിൻ്റെ ഷീറ്റിൽ നീളമുള്ള ചുറ്റികകൊണ്ട് രഘുവീർ വിശ്വകർമ്മ ‘തഡ്, തഡ്, തഡ്’ എന്നിങ്ങനെ താളത്തിൽ ആഞ്ഞടിക്കുന്നു. അതിനുപിന്നാലെ, മറ്റൊരു ചെറിയ ചുറ്റികകൊണ്ടുള്ള ശബ്ദവും കേൾക്കാം. ലോഹത്തകിട് എവിടെയും മുഴച്ചുനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സൂക്ഷ്മമായി അടിക്കുന്നതിൻ്റെ ശബ്ദമാണ് അത്. ഒരു കുടമണി തീർക്കുകയായിരുന്നു അദ്ദേഹം.
“ഇത്, കന്നുകാലിയുടെ ആഭരണമാണ്. സ്വർണ്ണപ്പണിക്കാർ ആളുകൾക്കുവേണ്ടി ആഭരണങ്ങളുണ്ടാക്കുന്നതുപോലെ, കന്നുകാലികൾക്കുള്ള ആഭരണമാണ് ഞങ്ങളുണ്ടാക്കുന്നത്.” ഒട്ടൊരു അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
ജാർഘണ്ടിലെ പലാമു ജില്ലയിലെ ബരാംവ് ഗ്രാമത്തിലെ രാംഘഡ് തോലയിൽ, കുടമണികളുണ്ടാക്കുന്ന ഏറ്റവും പ്രായംചെന്ന കരകൗശലവിദഗ്ദ്ധനാണ് 76 വയസ്സുള്ള അദ്ദേഹം. ഒരു വലിയ ഫാക്ടറിപോലെയാണ് തോല (ഒരു ഗ്രാമത്തിലെ ചേരിയാണ് തോല. ഇവിടെ, കൊല്ലപ്പണിക്കാരുടെ ചേരിയാണ്) പ്രവർത്തിക്കുന്നത്. ഇവിടെ എല്ലാവരും കുടമണികളുണ്ടാക്കുന്നവരാണ്.
“എൻ്റെ അച്ഛനും മുത്തച്ഛനുമൊക്കെ ഈ പണിയാണ് ചെയ്തിരുന്നത്. എനിക്ക് പഠിപ്പൊന്നുമില്ല. തള്ളവിരലുകൊണ്ടാണ് ഞാൻ ഒപ്പിടുക എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല,” അഞ്ചാം തലമുറയിലെ ആ കൈത്തൊഴിലുകാരൻ പറയുന്നു.
തണുത്ത വെളുപ്പാൻകാലത്ത്, തൻ്റെ മൺകുടിലിൻ്റെ പുരത്ത്, ഒരു ചണച്ചാക്കിൻ്റെ മുകളിൽ കുന്തിച്ചിരിക്കുകയായിരുന്നു രഘുവീർ. ഇടതുകൈകൊണ്ട് ലോഹത്തകിട് ബലമായി പിടിച്ച്, വലതുകൈകൊണ്ട് ചുറ്റിക മേടുകയായിരുന്നു അദ്ദേഹം.
കന്നുകാലികളുടെ ആഭരണമായിട്ടാണ് കുടമണികളെ കസ്രുതുന്നത്. ലോകമെമ്പാടും, ഗ്രാമീണസമുദായക്കാർക്ക്, ഈ കുടമണികൾ വെറുമൊരു അലങ്കാരം മാത്രമല്ല. കാട്ടിൽ അലയുന്ന തങ്ങളുടെ കന്നുകാലികളെ കണ്ടെത്താനുള്ള ഉപയോഗംകൂടി ഇവയ്ക്കുണ്ട്.
യന്ത്രങ്ങളുടെ കടന്നുവരവോടെ, ഒരുകാലത്ത് ഗ്രാമീണജീവിതത്തിൻ്റെ സമൃദ്ധിയുടെ അടയാളമായിരുന്ന ഈ കുടമണികളുടെ ശബ്ദവും നേർത്തുനേർത്ത് ഇല്ലാതായി.



















