മീനിൻ്റെ വില ചൊല്ലൂ നീ എന്നോട്, പെണ്ണേ – വിവാഹാവസരങ്ങളിൽ അവതരിപ്പിക്കാറുള്ള ഈ പരമ്പരാഗത ഗാനത്തിൽ ലീനമായിരിക്കുന്നത്, ആ പാട്ടുരീതിയുടെ സാർവകാലികതയും അനുരൂപത്വവുമാണ് മുന്ദ്ര താലൂക്കിലെ മുക്കുവനായ ജുമ വാഗർ ആലപിച്ച ഈ ഗാനം സാധാരണയായി സന്തോഷപ്രദമായ അവസരങ്ങൾക്കുവേണ്ടിയുള്ളതാണ്. എന്നാൽ ഇന്ന് ആ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, അവയ്ക്ക് നിരവധി സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥതലങ്ങളാണുള്ളത്.
ഈ മേഖലയിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്ന വാഗർ എന്ന ന്യൂനപക്ഷസമുദായത്തിന് കച്ച് ഉൾക്കടലുമായി നൂറ്റാണ്ടുകൾ നീളുന്ന ബന്ധമാണുള്ളത്. ഉൾനാടൻ ഗ്രാമങ്ങളിലുള്ള ഈ മത്സ്യബന്ധന സമുദായത്തിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും, ഉപജീവനാർത്ഥം, വർഷത്തിൽ 8-9 മാസം മുന്ദ്ര പട്ടണത്തിനടുത്തുള്ള മത്സ്യമേഖലയിലേക്ക് താമസം മാറ്റും. തീരത്തിനടുത്തുള്ള താത്ക്കാലിക കുടിലുകളിലായിരിക്കും ആ സമയത്ത് അവരുടെ താമസം. പുരുഷന്മാർ മീൻ പിടിച്ച് കരയിൽ കൊണ്ടുവരും, സ്ത്രീകൾ അവയെ തരംതിരിച്ച്, ഉണക്കി വിൽക്കും.
എന്നാൽ 2000-ത്തോടെ തീരപ്രദേശത്ത് സ്വകാര്യവത്ക്കരണവും വ്യവസായവത്ക്കരണവും സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ചു. എണ്ണശുദ്ധീകരണ ശാലകൾ, സിമൻ്റ്, വളം ഫാക്ടറികൾ, ഉപ്പളങ്ങൾ, ധാതുഖനികൾ, ഷിപ്പിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ വർദ്ധിച്ച തോതിൽ ആരംഭിച്ചതോടെ ഈ സമുദായത്തിൻ്റെ ജൈവപരിസ്ഥിതിയിൽ ഗുരുതരമായ മാറ്റങ്ങൾ സംഭവിച്ചു.
നിർമ്മാണങ്ങളും മലിനീകരണവും മൂലം മത്സ്യബന്ധന നിലങ്ങൾ നശിക്കാൻ തുടങ്ങി; തീരദേശത്തിൻ്റെ പരിസ്ഥിതി സംവിധാനവും തിരകളുടെ സ്വാഭാവികഗതിയും തടസ്സപ്പെട്ടു. മത്സ്യങ്ങളുടെ വലിപ്പത്തിലും എണ്ണത്തിലും ലഭ്യതയിലും കുറവുകൾ വന്നതോടെ, വാഗറുകൾക്ക് സാരമായ വരുമാനനഷ്ടമുണ്ടായി. തന്മൂലം മത്സ്യസമ്പത്ത് ലഭിക്കാൻ ആഴക്കടലിലേക്ക് പോകാൻ ആ മുക്കുവർ നിർബന്ധിതരായി. അതോടൊപ്പംതന്നെ, പഗാഡിയ മീൻപിടുത്തംപോലുള്ള പരമ്പരാഗത വിജ്ഞാനരീതികൾ സമുദായത്തിന് നഷ്ടമാവുകയും ചെയ്തു.
തങ്ങളുടെ ഉപജീവനത്തെ തകർക്കുന്ന ഒരു വൻ കൽക്കരി പ്ലാൻ്റിന് സഹായധനം നൽകിയ ലോകബാങ്കിൻ്റെ സ്വകാര്യനിക്ഷേപ ഏജൻസിയായ ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനെതിരേ (ഐ.എഫ്.സി.) ഒരു പതിറ്റാണ്ട് മുമ്പ്, മേഖലയിലെ മുക്കുവർ യു.എസ്. ഫെഡറൽ കോടതിയിൽ ഒരു നിയമഹരജി ഫയൽ ചെയ്തിരുന്നു. സോഷ്യലി ആൻഡ് എഡ്യുക്കേഷണലി ബാക്ക്വേഡ് ക്ലാസ്സുകളുടെ (എസ്.ഇ.ബി.സി – സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വർഗ്ഗങ്ങൾ) ഓരത്ത് നിൽക്കുന്ന ഈ സമുദായത്തെ കൂടുതൽ ദുർബ്ബലമാക്കുകയാണ്, പ്രദേശത്തിൻ്റെ ‘വികസന സങ്കല്പങ്ങൾ.



