“നിങ്ങൾ ഒരു ഘുംഘു ധരിച്ച് കാട്ടിലേക്ക് പോയാൽ, ഒരിക്കലും ഇടിമിന്നൽ ഏൽക്കില്ല,” ജാർഘണ്ടിലെ ഗുംല ജില്ലയിലെ കുജാം ഗ്രാമവാസിയായ ശുഖനി അസുർ പറയുന്നു. പ്രദേശത്ത് എല്ലായിടത്തും കാണുന്ന മാലൂ (ഫനെരവാഹിലി) എന്ന വള്ളിയുടെ ഇലകൾകൊണ്ട് തുന്നിയ ഒരു കുടയാണ് ഘുംഘു.
വർഷം മുഴുവൻ ഉപയോഗിക്കും ഘുംഘു. വേനൽക്കാലത്ത് അത് ചുടുകാറ്റിൽനിന്ന് രക്ഷിക്കും. തണുപ്പുകാലത്ത് ശീതക്കാറ്റിൽനിന്നും, മഴക്കാലത്ത് മഴയിൽനിന്നും. മകുടത്തിൻ്റെ ആകൃതിയിലുള്ള ഘുംഘു തലയിൽ ധരിക്കാവുന്നതാണ്. രണ്ട് കൈകൊണ്ടും ജോലി തുടരുകയും ചെയ്യാം.
കുട്ടിക്കാലത്ത് അമ്മയിൽനിന്നാണ് അതുണ്ടാക്കാൻ ശുഖനി പഠിച്ചത്. “മുമ്പൊക്കെ എല്ലാവരും കാട്ടിൽ വളരുന്ന ഈ ചെടിയുടെ ഇലകൾ പറിച്ച് കൊണ്ടുവരുമായിരുന്നു. ഘുംഘു ഉണ്ടാക്കാൻ,” 56 വയസ്സുള്ള അവർ പറയുന്നു. “ഇപ്പോൾ ചുരുക്കം ആളുകളേ അതുപയോഗിക്കുന്നുള്ളു. അതിലും കുറവാണ്, അതുണ്ടാക്കുന്നവർ.”
അസുർ സമുദായക്കാരിയാണ് ശുഖനി. സംസ്ഥാനത്ത് ഈ സമുദായത്തെ പട്ടികപ്പെടുത്തിയിരിക്കുന്നത്, പർട്ടിക്കുലർലി വൾനെറബിൽ ട്രൈബൽ ഗ്രൂപ്പ്സ് (അതീവ ദുർബ്ബല ഗോത്രസമുദായം – പി.വി.ടി.ജി) എന്ന വിഭാഗത്തിലാണ്. സ്വന്തമായുള്ള 10 ഏക്കർ ഭൂമിയിൽ അവരുടെ കുടുംബം, നെല്ലും അരിച്ചോളവും ചെറുധാന്യങ്ങളും കൃഷി ചെയ്യുന്നു.
ശുഖനിയുടെ മൂന്ന് മുറികളുള്ള മൺവീടിൻ്റെ 500 മീറ്റർ ദൂരെനിന്നാന് ബിഷൺപുർ ഫോറസ്റ്റ് റേഞ്ച് ആരംഭിക്കുന്നത്. 12 അംഗങ്ങളുള്ള കുടുംബം ആ വീട്ടിലാണ് താമസം. വിറക്, പഴങ്ങൾ, മേച്ചിൽപ്പുറം തുടങ്ങിയവയ്ക്കായി കുജം ഗ്രാമത്തിലെ ആളുകൾ ആശ്രയിക്കുന്നത് വനത്തെയാണ്. “ഞങ്ങളുടെ ഉപജീവനവും നിലനിൽപ്പും എല്ലാം അവിടെയാണ്,” അവർ പറയുന്നു.
























