പള്ളിയോട് ചേർന്ന തന്റെ ഒറ്റമുറി വീടിന്റെ പൂപ്പൽ പിടിച്ച ചുമരിൽ, ആദ്യത്തെ തളിരില പ്രത്യക്ഷപ്പെട്ടപ്പോൾ, ആമിന പുഞ്ചിരിച്ചു. അത് പറിച്ചുകളയാൻ അവൾക്ക് മനസ്സ് വന്നില്ല. ഈയിടെയായി അവൾ പുറത്ത് പോകാറില്ല. കൂടുതൽ സമയവും, ഒറ്റമുറിയിൽ ദിവസങ്ങൾ ചിലവഴിക്കും. ഒറ്റയ്ക്ക്. കൂടുതൽ ദൌർഭാഗ്യകരമായ മറ്റൊന്നിൽനിന്നുണ്ടായ ഗർഭച്ഛിദ്രത്തിൽനിന്ന് ഭേദപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളു അവൾ. ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന അവൾക്ക് പോകാൻ ഒരിടവുമുണ്ടായിരുന്നില്ല. പുതിയ പച്ചപ്പോടെ, ഹൃദയത്തിന്റെ രൂപത്തിലുള്ള ആ കുഞ്ഞില മാത്രമാണ് ആ ദിവസങ്ങളിൽ അവളുടെയടുത്തുണ്ടായിരുന്ന ഒരേയൊരു തളിർ.
അത്ഖിബ്ലയുടെ ഭാഗത്തേക്ക് വളരുന്നുത് – അപ്രസക്തമായ ഒരു യാഥാർത്ഥ്യമാണോ, അതോ, അർത്ഥഗർഭമായ ഒരു അടയാളമാണോ? അവൾക്ക് ഒരു തീരുമാനത്തിലെത്താനായില്ല.
ഒരുമാസത്തിനുള്ളിൽ, ചുവരിലെ ആ വിടവ് വലുതാവുന്നതും, പടരുന്നതും, ചെടിയുടെ തണ്ടിന് വലിപ്പം വെക്കുന്നതും, ദുർബ്ബലമായ ശാഖകളിൽനിന്ന് കൂടുതൽ ഇലകൾ വരുന്നതും അവൾ ശ്രദ്ധിച്ചു. അത് അപ്പോഴും അവളെ അലട്ടിയതേയില്ല. സ്വാസ്ഥ്യം തിരിച്ചുകിട്ടുന്നതുപോലെ തോന്നി അവൾക്ക്. കലാപങ്ങൾ അവസാനിച്ചിരുന്നു. തെരുവുകൾക്ക് പഴയ താളം കിട്ടിയിരുന്നു. വീട്ടിലിരുന്ന്, പ്രതിഫലം വാങ്ങി, അലങ്കാരത്തുന്നൽപ്പണി ചെയ്യുന്നുണ്ടായിരുന്നു ആമിന. വീട്ടുപണിക്കിടയ്ക്ക്, ആരോടോ സംസാരിക്കുന്നതുപോലെ - താനനുഭവിച്ച മാനസികസംഘർഷങ്ങൾക്കും ദുരിതങ്ങൾക്കും സാക്ഷിയായ ആരോ ഒരാൾ കേൾക്കാനുണ്ടെന്ന മട്ടിൽ - അവൾ സ്വയം സംസാരിക്കുക പതിവായിരുന്നു.
മറ്റ് വിഭാഗക്കാർ താമസിക്കുന്ന തെരുവിലേക്ക് മുഖാമുഖം നോക്കുന്ന ചുമരിന്റെ മറുപുറത്ത് ഒരു അരയാൽ സമൃദ്ധമായി വളരുന്നത് അവൾ അറിഞ്ഞതേയില്ല. ഈയിടെയായി, ആ തെരുവിലെ മനുഷ്യരുമായി, അവൾക്ക് പറയത്തക്ക ഒരിടപാടുകളുമില്ലായിരുന്നു. മതിലിന്റെ പിൻഭാഗത്ത്, ചിലർ ചേർന്ന് ഏതാനും കല്ലുകൾ വെച്ചതും, ആ മരത്തിനോട് ചേർന്ന് മറ്റൊരു ആരാധനാലയം നിർമ്മിക്കാൻ പണപ്പിരിവ് തുടങ്ങിയതും എപ്പോഴായിരുന്നു എന്ന് അവൾക്കറിയില്ല. തന്റെ പിന്നിൽ നിന്ന്, ആൽമരം ഏതോ ഗൂഢാലോചനയിൽ പങ്കാളിയാവുകയായിരുന്നതായി അവൾക്ക് തോന്നി. ദിവ്യമായ ആ അവതാരം പിഴുതുകളയുന്ന കാര്യം ആലോചിക്കാൻപോലും സാധിച്ചില്ല. അതിനെച്ചൊല്ലി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ – അതോ ബ്രഹ്മാവിന്റെയോ? - വാസസ്ഥലമായ വേരുകളുള്ള ഈ പ്രത്യേക മരം, ഇതേ സ്ഥലത്തുതന്നെ പ്രത്യക്ഷപ്പെട്ടത് മറ്റെന്തിനായിരുന്നു എന്ന മട്ടിലുള്ള ഊഹാപോഹങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ടായിരുന്നു ചുറ്റും. നോട്ടീസ് വായിക്കുമ്പോൾ, സ്വന്തം അജ്ഞതയെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവൾ...


