ഗ്രാമീണ ഹരിയാനയിലെ എല്ലാ ഒത്തുകൂടലിൻ്റേയും മുഖ്യസ്ഥാനത്ത് ഹുക്കയുണ്ടായിരിക്കും. “പഞ്ചായത്ത് നടക്കുന്നതുതന്നെ ഹുക്കയുടെ സഹായത്തോടെയാണ്,” ജനിച്ചുവളർന്ന കാലത്തെ ഗ്രാമക്കാഴ്ചകൾ ഓർമ്മിച്ചുകൊണ്ട് റോഹ്ത്താസ് പറയുന്നു.
“ചായയും വെള്ളവും ദിവസം മുഴുവൻ നീണ്ടുനിൽക്കില്ല. എന്നാൽ, ഹുക്കയ്ക്ക് അത് സാധിക്കും. അതിൽ പുകയില നിറച്ച്, ഒരുതവണ തീകൊടുത്താൽ മതി, അത് പുകഞ്ഞുകൊണ്ടേയിരിക്കും. അഞ്ചോ പത്തോ ആളുകൾക്ക് ഒരുമിച്ചിരുന്ന് മണിക്കൂറുകളോളം ഒരു ഹുക്ക പങ്കിടാൻ കഴിയും. സമയം കളയാനും നല്ലതാണ് അത്,” റോഹ്ത്താസ് (ഓമനപ്പേരാണ് അയാൾ ഉപയോഗിക്കുന്നത്) പറയുന്നു.
“ഇപ്പോൾ എല്ലാ വീടും ഗ്രാമചത്വരമായിട്ടുണ്ട്. ഓരോ വീടിനും അവരുടെ ഹുക്കയുണ്ട്,” 40 വയസ്സുള്ള ആ ഹുക്ക നിർമ്മാതാവ് പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. ജോലിക്കിടയിലെ ഇടവേളയിൽ പാരിയോട് സംസാരിക്കുമ്പോൾ അയാൾ ഒരു പുകയെടുത്തു – 12 വർഷം മുമ്പ് ഈ ജോലി തുടങ്ങുമ്പോൾ തുടങ്ങിയ ഒരു ശീലമാണ് അയാൾക്കത്.
വടക്കേന്ത്യയിൽ, 16-ആം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലാണ് ഹുക്കയുടെ ആരംഭമെന്ന് വിശ്വസിക്കപ്പെടുന്നു. ചില കഥകളനുസരിച്ച്, മൂന്നാമത്തെ മുഗൾ രാജാവായ അക്ബറാണത്രെ ഇത് ആദ്യം ഉപയോഗിച്ചത്. എന്നാൽ മറ്റ് ചില ചരിത്രരേഖകൾപ്രകാരം, ഇതിൻ്റെ ഉത്ഭവം അതിനും മുമ്പ്, മദ്ധ്യ-പശ്ചിമേഷ്യയിലാണെന്നുവരെ സൂചിപ്പിക്കുന്നു.
അതെന്തായാലും, ഹരിയാനയിലെ ജനതയുടെ ദൈനംദിന ജീവിതത്തിൻ്റെ പ്രിയപ്പെട്ട പാരമ്പര്യമാണ് ഇത്. “ഇത് ഞങ്ങളുടെ സംസ്കൃതിയുടെ ഭാഗമാണ്” എന്ന് പറയുന്നു ധരംബീർ. “വലിയ തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഹുക്ക വലിച്ചുകൊണ്ടാണ്.”




















