"ഹരിയാനയും പഞ്ചാബുംതൊട്ട് ജയ്സാൽമർവരെയുള്ള എല്ലാ പ്രദേശങ്ങളും ഞങ്ങൾ അലഞ്ഞിട്ടുണ്ട്," ബാദർ ഭോപ്പ പറഞ്ഞു. വടക്കു-പടിഞ്ഞാറൻ രാജസ്ഥാനിലുള്ള തന്റെ വീടിനരികിലുള്ള മരച്ചുവട്ടിലിരുന്ന് സംസാരിക്കുകയായിരുന്നു ആ 65 വയസ്സുകാരൻ. "ഞങ്ങൾ കാണാത്ത ഇടങ്ങളില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലും രാജസ്ഥാനിലുമായി നാടോടിജീവിതം നയിക്കുന്ന ഭോപ്പ സമുദായാംഗമായ ബാദർ തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും രാവൺഹത്ത - മുളയും ചിരട്ടയും കൊണ്ടുണ്ടാക്കുന്ന ഒരു തന്ത്രിവാദ്യം - മീട്ടി രാജ്യമൊട്ടുക്ക് സഞ്ചരിക്കുകയായിരുന്നു. "ഓരോ സ്ഥലത്തും കുറച്ചുകാലം തങ്ങി, അവിടെയെല്ലാം പാടിനടന്ന് പിന്നീട് അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങുകയായിരുന്നു ഞങ്ങളുടെ പതിവ്, " അദ്ദേഹം പാരിയോട് പറഞ്ഞു.
ഒടുവിൽ, 11 വർഷങ്ങൾക്ക് മുൻപ്, ബാദറും അദ്ദേഹത്തിന്റെ അഞ്ച് ആൺമക്കളും ചുരു ജില്ലയിൽ താമസമുറപ്പിച്ചു. "നാടോടിജീവിതം മടുത്തതോടെയാണ് ഞാൻ ഈ ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയത്, " നിലവിൽ ധിർവാസ് ബഡയിൽ ജീവിക്കുന്ന ബാദർ പറഞ്ഞു. പലതവണ ഈ ഗ്രാമത്തിലൂടെ സഞ്ചരിച്ചിട്ടുള്ളതിനാലും ഇവിടത്തുകാർ സുപരിചിതരായതിനാലുമാണ് അദ്ദേഹം താമസിക്കാൻ ഈ പ്രദേശം തിരഞ്ഞെടുത്തത്. സംഗീതജ്ഞരായ ഭോപ്പ കുടുംബം പണ്ട് ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോയിരുന്നത് എന്റെ മുത്തച്ഛൻ ഇന്നും ഓർക്കുന്നു.
തങ്ങൾ (പട്ടികജാതിയായി കണക്കാക്കപ്പെടുന്ന) നായക് സമുദായത്തിന്റെ ഭാഗമാണെന്നാണ് ബാദർ കുടുംബം അവകാശപ്പെടുന്നതെങ്കിലും, രാജസ്ഥാനിൽ ഭോപ്പകളെ മറ്റ് പിന്നാക്ക വിഭാഗമായാണ് പരിഗണിക്കുന്നത്. നായക് സമുദായത്തിനും ഇക്കൂട്ടരെ തങ്ങളോടൊപ്പം ചേർക്കാൻ താത്പര്യമില്ല.
ധിർവാസ് ബഡയിൽ ഭൂമി വാങ്ങാൻ വലിയ പണച്ചിലവായിരുന്നതിനാൽ ആദ്യത്തെ രണ്ടുവർഷം ഭോപ്പകൾ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് താമസിച്ചത്. "പിന്നീട് ഞങ്ങൾ സർപഞ്ചിനെ സമീപിച്ചപ്പോൾ, അദ്ദേഹം ഞങ്ങളെ ഈ ഭൂമിയിൽ താമസിക്കാൻ അനുവദിക്കുകയായിരുന്നു," ബാദർ ഭോപ്പയുടെ മകൻ ബാവർ ലാൽ പറഞ്ഞു. "കഷ്ടി ഒരു ബീഗാ 3 വിശ്വ (0.75) ഏക്കർ ഭൂമിയാണ് ഞങ്ങൾക്ക് ലഭിച്ചത്."
ധിർവാസ് ബഡ ഗ്രാമത്തിലെ പ്രധാന ബസ് സ്റ്റാൻഡിൽനിന്ന് തെക്ക് ദിശയിൽ കൃഷിയിടങ്ങളിലൂടെ കടന്നുപോകുന്ന മൺറോഡിലൂടെ നടക്കുമ്പോൾ രണ്ടു ശ്മശാനങ്ങൾ കാണാം. ആദ്യത്തേത്, മറ്റ് പിന്നാക്ക വിഭാഗമായി പരിഗണിക്കപ്പെടുന്ന സ്വാമി സമുദായക്കാരുടേതാണ്; അൽപദൂരം അകലെയുള്ള രണ്ടാമത്തെ ശ്മശാനമാണ് പട്ടികജാതിക്കാർ ഉപയോഗിക്കുന്നത്. ശ്മശാനത്തിന് സമീപമുള്ള റോഡിനപ്പുറമാണ് ദളിത് മൊഹല്ല. അതും കടന്നുപോകുമ്പോൾ ചത്ത കന്നുകാലികളെ ഉപേക്ഷിക്കുന്ന പ്രദേശമായ ഹഡ്വാറിലെത്താം.
ഹഡ്വാറിന്റെ ഒരുഭാഗത്ത്, താത്കാലിക വീടുകൾ പണിതാണ് ബാദർ ഭോപ്പയും അദ്ദേഹത്തിന്റെ 50 അംഗ കുടുംബവും താമസിക്കുന്നത്. പഴയ നാടോടിജീവിതത്തിൽനിന്ന് വ്യത്യസ്തമായി, ഒരിടത്ത് സ്ഥിരതാമസമാക്കി ജീവിക്കാൻ അവർ ശീലിച്ചിരിക്കുന്നു.










