സമയം രാവിലെ മൂന്നുമണിയായിരുന്നു. ഓറഞ്ച് നിറമുള്ള ഒരു ടർപ്പാളിൻ കുടിലിന്റെ വെളിയിലിരുന്ന് നന്ദിനി, അവളുടെ കൂട്ടുകാരി കാണിച്ചുകൊടുക്കുന്ന മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ, സ്വന്തം മുഖത്ത് ചായമിടുന്നു.
ലളിതമായ ഒരു പരുത്തിത്തുണി ധരിച്ച ആ 18 വയസ്സുകാരി ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവാഹിതയാവാൻ പോവുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അവളും അവളുടെ പ്രതിശ്രുതവരൻ 21 വയസ്സുള്ള ജയറാമും അവരുടെ കുടുംബക്കാരോടും സുഹൃത്തുക്കളോടുമൊപ്പം, ബംഗ്ലാമേടിൽനിന്ന് (ഔദ്യോഗികമായി ചെറുക്കനൂർ ഇരുളർ കോളനി) മാമല്ലാപുരത്തെത്തിയത്. ചെന്നൈയുടെ തെക്കുഭാഗത്തുള്ള കടൽതീരത്ത് താത്ക്കാലികമായി കെട്ടിയുയർത്തിയ കൂടാരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ഇരുള കുടുംബങ്ങളിലൊന്നാണ് തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽനിൻ വന്ന ഈ സംഘം.
ഹ്രസ്വകാലം മാത്രം നീണ്ടുനിൽക്കുന്ന തീരദേശ തമിഴ് നാട്ടിലെ തണുപ്പുകാലം വേനലിന് വഴിമാറുന്ന മാർച്ച് മാസങ്ങളിൽ മാമല്ലപുരത്തെ (പണ്ട് മഹാബലിപുരമെന്ന് അറിയപ്പെട്ടിരുന്ന സ്ഥലം) സ്വർണ്ണ മണൽത്തരികൾ വർണ്ണാഭമാകാറുണ്ട്. മരക്കൊമ്പുകളിൽ സാരികളും ടർപ്പാളിനുകളും ഞാത്തിക്കെട്ടിയ താത്ക്കാലിക കൂടാരങ്ങളെക്കൊണ്ട് ആ ദിവസങ്ങളിൽ കടൽത്തീരം നിറയും.
സാധാരണയായി നാട്ടിലും വിദേശത്തുമുള്ള വിനോദസഞ്ചാരികളെക്കൊണ്ട് നിറയാറുള്ള ഈ കടൽത്തീരം അപ്പോൾ ഇരുളസമുദായക്കാരെക്കൊണ്ട് നിറഞ്ഞുകവിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, മാസി മഗം ഉത്സവം ആഘോഷിക്കാൻ വരുന്നവരാണവർ. അതീവ ദുർബ്ബല ഗോത്രവിഭാഗക്കാരായ (പി.വി.ടി.ജി) ഇരുളരുടെ ജനസംഖ്യ 2 ലക്ഷത്തിനടുത്താണ് (2013-ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ് ഇൻ ഇന്ത്യ). തമിഴ് നാട്ടിലെ ഏതാനും ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി ചിതറിക്കിടക്കുകയാണ് ഈ വിഭാഗക്കാർ.


























