താനും കൂട്ടുകാരോടൊപ്പം ടെൻഡു (Diospyros melanoxylon) ഇലകൾ ശേഖരിക്കാൻ അധൗരയിലെ കനത്ത കാടുകളിലേക്ക് കടക്കുമ്പോഴുണ്ടായിരുന്ന നിശ്ശബ്ദത ഇന്നും ഓർക്കുന്നുണ്ട് ശ്രീനാഥ് സിങ് ഖർവാർ. അധികം വൈകാതെ ആ നിശ്ശബ്ദതയ്ക്ക് പകരം അവരുടെ സംസാരവും പാട്ടും കൊണ്ട് അന്തരീക്ഷം നിറയും. “വീട്ടിൽനിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവരുമായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചും പാട്ടുപാടിയും ഇരിക്കുമ്പോൾ കാടിന് ജീവൻ വെക്കുന്നതുപോലെയായിരുന്നു,” ആ സന്തോഷകരമായ ഓർമ്മകൾ ശ്രീനാഥ് പങ്കുവെക്കുന്നു.
47-കാരനായ ശ്രീനാഥ് ഓർക്കുന്നത് ഏകദേശം ഇരുപത്തഞ്ച് വർഷം മുൻപുള്ള ജീവിതമാണ്. അധൗര മലനിരകളിലേക്ക് പോകുന്ന ബസിൽ അടുത്തടുത്താണ് ഞങ്ങൾ ഇരിക്കുന്നത്. ബിഹാറിന്റെ തെക്കൻ ജില്ലയായ കൈമൂരിലെ ഭഭുവ പട്ടണത്തിൽനിന്ന് അന്ന് അതിരാവിലെ ഉറക്കമുണരുന്നതിന് മുമ്പേ ബസ് പുറപ്പെട്ടിരുന്നു. സഹയാത്രികരിൽ ഭൂരിഭാഗവും ജോലി തേടി പുറത്തേക്ക് കുടിയേറിയ ആദിവാസികളാണ്; അവർ ഇപ്പോൾ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയാണ്.
ശ്രീനാഥ് തന്റെ ഗ്രാമമായ ചൻപുരയിലേക്കാണ് പോകുന്നത്. ഇപ്പോൾ അയൽസംസ്ഥാനമായ ജാർഖണ്ഡിലെ പത്രാതുവിലുള്ള ഒരു സിമന്റ് ഫാക്ടറിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അതിന് മുമ്പ് അതിലും ദൂരെ ഡൽഹിയിലും മഹാരാഷ്ട്രയിലുമുള്ള ഫാക്ടറികളിലും ജോലി ചെയ്തിട്ടുണ്ട്. “ഡൽഹിയിലോ മഹാരാഷ്ട്രയിലോ ആയിരുന്നാൽ വീട്ടിലെത്താൻ പ്രയാസമാണ്. പത്രാതുവിൽനിന്ന് അത്ര ബുദ്ധിമുട്ടില്ല,” ശ്രീനാഥ് പറയുന്നു.
ബസ് പതിയെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ അധൗര മലനിരകൾ കയറിത്തുടങ്ങുമ്പോൾ സൂര്യൻ ഉയർന്നുകഴിഞ്ഞിരുന്നു. ഉഷ്ണമേഖലയിലുള്ള, വരണ്ട മിശ്ര ഇലപൊഴിയും വനങ്ങളും സാൽ മരക്കാടുകളും നിറഞ്ഞ ഈ പ്രദേശത്ത്, മരങ്ങളെല്ലാം മഞ്ഞ നിറത്തിലുള്ള ഇലകൾ പൊഴിച്ച് ഒഴിഞ്ഞ ശാഖകളോടെ നിൽക്കുന്നു. മല കയറിത്തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ മൊബൈൽ നെറ്റ്വർക്ക് അപ്രത്യക്ഷമാകുന്നു. ഇനി ഇവിടെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) നെറ്റ്വർക്ക് മാത്രമാണ് പ്രവർത്തിക്കുക.


















