ലക്ഷ്മൺ-ചന്ദ്രാവതി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായ രാജ്കുമാർ, കുടുംബത്തിന് സ്വന്തമായുള്ള അഞ്ച് ആടുകളെ പുല്ല് തീറ്റിക്കാൻ കൊണ്ടുപോയതാണ്. ആടുകളെ നോക്കേണ്ട ചുമതലയുണ്ടായിരുന്ന ആ 13 വയസ്സുകാരൻ പലപ്പോഴും അവയെ വീട്ടിൽനിന്ന് കഷ്ടി ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വാത്മീകി കടുവാസങ്കേതത്തിന് സമീപത്താണ് മേയാൻ വിട്ടിരുന്നത്.
എന്നാൽ 2022 മെയ് 14-ന് ആടുകളെ മേയ്ക്കുന്നതിനിടെ അവനെ ഒരു കടുവ (പന്തേര ടൈഗ്രിസ്) ആക്രമിച്ചു. സംഭവം കണ്ട ഒരു വഴിപ്പോക്കൻ ഗ്രാമത്തിൽ ഓടിയെത്തി വിവരമറിയിച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ചലനമറ്റ ശരീരം ഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെ ബഗാഹയിലുള്ള സബ് ഡിവിഷണൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അവിടെവെച്ച് മരണം സ്ഥിരീകരിച്ചു.
"കടുവ അവന്റെ വലത്തേ കൈയ്യും പുറവും വയറും കടിച്ചെടുത്തിരുന്നു," ചന്ദ്രാവതി ദേവി ഓർക്കുന്നു.
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയം നൽകുന്ന വിവരമനുസരിച്ച്, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ, വന്യജീവിസങ്കേതങ്ങളുടെ ചുറ്റുവട്ടത്ത് താമസിക്കുന്നവർക്ക് മരണം സംഭവിക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് ഈ തുക അനുവദിക്കുന്നത്. സങ്കേതങ്ങളുടെ കോർ മേഖലയിൽ മനുഷ്യരുടെ താമസമോ മറ്റ് പ്രവർത്തനങ്ങളോ നിരോധിച്ചിട്ടുള്ളതിനാൽ, കടുവയും മറ്റ് വന്യജീവികളും വിഹരിക്കുന്ന ഈ പ്രദേശത്ത് സംഭവിക്കുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ വ്യവസ്ഥയില്ല. 598.45 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് വാത്മീകി കടുവാസങ്കേതത്തിന്റെ കോർ മേഖല; ബഫർ പ്രദേശം 300.93 ചതുരശ്ര കിലോമീറ്റർ വരും.
"സങ്കേതത്തിന്റെ കോർ മേഖലയുടെ അതിർത്തി വ്യക്തമാക്കുന്ന ഭൗതിക അടയാളങ്ങൾ യാതൊന്നുമില്ല. അതിനാൽ, കോർ മേഖല എവിടെയാണ് തുടങ്ങുന്നതെന്ന് പ്രദേശവാസികൾക്ക് അറിയുകയുമില്ല," ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി വാത്മീകി കടുവാസങ്കേതത്തിൽ കടുവാ ട്രാക്കറായി പ്രവർത്തിക്കുന്ന ജുനൈദ് പറയുന്നു. "ആളുകൾ അബദ്ധത്തിൽ കോർ മേഖലയിൽ പ്രവേശിക്കുന്നത് പതിവാണ്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
13 വയസ്സുകാരനായ രാജ്കുമാറിന്റെ മൃതദേഹം കടുവ കോർ മേഖലയിലേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്ന് അവന്റെ കുടുംബം പറയുന്നു. അതാണ് എല്ലാം മാറ്റിമറിച്ചത്. "കുഞ്ഞിന്റെ മൃതദേഹം കോർ മേഖലയിൽനിന്നാണ് ലഭിച്ചതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ എന്നെ അറിയിച്ചു," ലക്ഷ്മൺ ഈ ലേഖകനോട് പറഞ്ഞു. "കോർ മേഖലയിൽ എന്റെ മകന്റെ മൃതദേഹം കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നതിനാൽ എനിക്ക് നഷ്ടപരിഹാരം കിട്ടിയില്ല."