തൻ്റെ ഒരേക്കർ തോട്ടത്തിലെത്തിയാൽ മാലോജി ചവാന് ആരുടേയും സഹായമാവശ്യമില്ല. കൂട്ടുകാരൻ സന്തോഷ് ഹിംഗ്മിരെയെ കൈവിട്ട്, കാഴ്ചശക്തിയേക്കാൾ നൈസർഗ്ഗികസിദ്ധിയുടെ സഹായത്തോടെയാവും പിന്നീട് അദ്ദേഹത്തിൻ്റെ ചലനങ്ങൾ. 31 വയസ്സുള്ള ഈ കർഷകന് കാഴ്ചപരിമിതിയുണ്ടെങ്കിലും തൻ്റെ ഭൂമിയുടെ കിടപ്പ് നന്നായറിയാം.
“ആ കൊമ്പ് കണ്ടോ?” ഒരു മുന്തിരിവള്ളിയെ താങ്ങിനിർത്തുന്ന ഇരുമ്പ് കമ്പി ചൂണ്ടിക്കൊണ്ട് അദ്ദേഹം ചോദിക്കുന്നു.
പെട്ടെന്ന് കാര്യം മനസ്സിലാവാതെ, ഞങ്ങൾ അത്ഭുതപ്പെടുന്നു, “ഏതിൻ്റെ കാര്യമാണ്?”
അതിൻ്റെ വിരോധാഭാസം മനസ്സിലാക്കിയ മട്ടിൽ പുഞ്ചിരിച്ച് മാലോജി മുന്നോട്ടാഞ്ഞ് പതുക്കെ, അറ്റത്ത് അഞ്ച് തളിരിലകളുള്ള ആ ഇളംതൈ ഉയർത്തി. അതിലൂടെ വിരലോടിച്ച് അദ്ദേഹം പറയുന്നു, “ഇത് നന്നായി വളർന്നിട്ടില്ല. കായകളുണ്ടായിട്ടില്ല. വേരുകളൊക്കെ ചീത്തയായി. മാസങ്ങളോളം വെയിൽ കിട്ടിയിട്ടില്ല.”
ആ ഒരൊറ്റ വള്ളി ആ ഒരേക്കർ മുന്തിരിത്തോട്ടത്തിൻ്റെ കഥ പറയുന്നുണ്ട്. രക്ഷിതാക്കളായ ധനാജിയുടേയും പുഷ്പാബായിയുടേയും ഉടമസ്ഥതയിലുള്ള, ജലസേചനമുള്ള അഞ്ചേക്കർ പാടത്തിറ്റെ ഭാഗമാണ് ആ മുന്തിരിത്തോട്ടം. ഈവർഷം മുന്തിരികൾ ഉണ്ടാവില്ല. പാടത്തുള്ള കരിമ്പിൻതൈകളും മറ്റ് ഫലവൃക്ഷങ്ങളും ചീയുകയാണ്. മൊത്തം ഒരു 10 ലക്ഷത്തിൻ്റെ നഷ്ടമുണ്ടാവുമെന്ന് ആ കുടുംബം കണക്കാക്കുന്നു. സാമ്പത്തികമായി അതവരെ ഒരു പതിറ്റാണ്ട് പിന്നിലേക്കാക്കും.
2025-ലെ വർഷക്കാലത്ത് നിലയ്ക്കാതെ ദിവസങ്ങളോളം പെയ്ത അതിശക്തമായ മഴയിലുണ്ടായ നാശനഷ്ടമാണ് അത്. ജാംഗാവിലും മഴ നിന്നില്ല. സോളാപ്പുർ ജില്ലയിലുടനീളവും മഴ തോരാതെ പെയ്തു. സമീപത്തെ മറാത്ത്വാഡാ ജില്ലയിലെ ബീഡിലും ധാരാശിവിലും ഇതുതന്നെയായിരുന്നു സ്ഥിതി. 2025 നവംബറോടെ സോയാബീൻ പാടവും മുന്തിരിത്തോട്ടവും തകർന്നുകിടന്നു. സാധാരണയായി, വർഷത്തിൽ മിക്കപ്പോഴും വരണ്ടുകിടക്കുന്ന അരുവികൾ ഈ വരൾച്ചാ സാധ്യതയുള്ള മേഖലയിലൂടെ അന്ന് നിറഞ്ഞൊഴുകുകയായിരുന്നു.
2025 മേയ് പകുതിമുതൽ ഒക്ടോബർവരെ, പടിഞ്ഞാറൻ മഹാരാഷ്ട്രയും മറാത്ത്വാഡ പ്രദേശവും തോരാത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു. സെപ്റ്റംബർ 19-നും 25-നുമിടയിൽ സ്ഥിതി രൂക്ഷമായി. മേഘവിസ്ഫോടനത്തിൻ്റേയും മിന്നൽപ്രളയത്തിൻ്റേയും ഒരു പരമ്പരതന്നെയുണ്ടായി. അതിൽ, നിലവിലുള്ള കൃഷിയിടങ്ങളും, പഴത്തോട്ടങ്ങളും, മണ്ണും, വളർത്തുമൃഗങ്ങളും ചില സ്ഥലങ്ങളിൽ മനുഷ്യജീവനുകളും നഷ്ടമായി. സോളാപ്പുർ ജില്ലയിലാകെ, 47,000 ഹെക്ടർ ഭൂമിയിലെ വിളവ്, പുനരുപയോഗിക്കാനാവാത്തവണ്ണം നഷ്ടമായതായി ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.













