മൊബൈൽ ഫോൺ ശബ്ദിക്കാൻ തുടങ്ങിയപ്പോഴേക്കും, 20 വയസ്സുള്ള കിരിത് തൻ്റെ ഡെസ്ക്ടോപ്പിനടുത്തെത്തി, ഹെഡ്ഫോൺ ചെവിയിൽ വെച്ച്, പേനയും ഡയറിയുമെടുത്ത് തയ്യാറായി.
“നമസകാരം, ശിവാർ ഹെൽപ്പ്ലൈൻ,” ശാന്തവും സമചിത്തതയുമുള്ള ശബ്ദത്തിൽ അയാൾ മറുപടി പറയുന്നു.
മറുവശത്തുള്ളത്, മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്നുള്ള പാർവതി എന്ന മദ്ധ്യവയസ്കയായ കർഷകയായിരുന്നു.
“ഞാൻ എങ്ങിനെയാണ് സഹായിക്കേണ്ടത്?” മറാത്തിയിൽ കിരിത് ചോദിക്കുന്നു. പുണെയിലെ ഒരു കൊളേജിലെ ബി.എ.സൈക്കോളജി വിദ്യാർത്ഥിയായ അവൻ, പർഭാനി ഗ്രാമത്തിലാണ് താമസം.
പാർവ്വതി ഒന്ന് സംശയിച്ചു. അവരുടെ ശബ്ദം വിറച്ചു.
“മഴ ഞങ്ങളുടെ വിളവ് മുഴുവൻ നശിപ്പിച്ചു. സോയാബീൻ, തുവര..എല്ലാം..ആടുകളെയും നഷ്ടപ്പെട്ടു. ഇപ്പോൾ ഒരു തൊഴിലുമില്ല.” കുടുംബത്തിൻ്റെ പിൻബലം മുഴുവൻ - കൃഷി, വളർത്തുമൃഗങ്ങൾ, കൂലിവേലകൾ - എല്ലാം മഴയിൽ ഒലിച്ചുപോയിരുന്നു. വായ്പകൾ തിരിച്ചടയ്ക്കാനാവാതെ ബാക്കിയായി. പ്രതീക്ഷ മുഴുവൻ നശിച്ചു. വരുന്ന റാബി സീസണിലേക്ക് ചെറുപയർ വിത്തുകൾ കിട്ടുമോ എന്നറിയാൻ വിളിച്ചതായിരുന്നു അവർ.
“വിത്തുകൾ കിട്ടിയാൽ, ചുരുങ്ങിയത് വേനൽവരെയെങ്കിലും പിടിച്ചുനിൽക്കാം,” അവർ വിശദീകരിച്ചു.

























