മിക്ക കുടുംബങ്ങളും ആദ്യം വളർത്തുമൃഗത്തെ വാങ്ങിയതിനുശേഷമാണ് അതിനുള്ള തീറ്റയെക്കുറിച്ച് ആശങ്കപ്പെടുക. എന്നാൽ ജസ്വിന്ദർ കൗർ, ഭർത്താവ് ജഗ്സീർ സിംഗ് എന്നിവരെക്കുറിച്ചാവുമ്പോൾ ഇത് നേരെ വിപരീതമാണ്.
തങ്ങൾക്ക് വാങ്ങാൻ കഴിവില്ലാത്ത ഒരു എരുമയ്ക്കുവേണ്ടിയുള്ള കാലിത്തീറ്റ സൂക്ഷിക്കാനുള്ള കുപ്പാണ് അവരുണ്ടാക്കുന്നത്. തൂരിയുടെ, (കന്നുകാലിത്തീറ്റയായി ഉപയോഗിക്കുന്ന അരിഞ്ഞ ഗോതമ്പ് കറ്റകൾ) വില ഈ വർഷം ഏകദേശം 75 ശതമാനത്തോളം കുറഞ്ഞു എന്നതാണ് അവരെ ഈ ജോലിക്ക് പ്രേരിപ്പിക്കുന്നത്. 2024-ൽ ഒരു ക്വിൻ്റൽ തൂരി 800-1,000 രൂപയ്ക്കാണ് വിറ്റുപോയിരുന്നത്. ഈ സീസണിൽ അത് 200-250 രൂപയായി കുറഞ്ഞു.
അതിനാൽ, എരുമയെ സംഗ്രൂർ ജില്ലയിലെ ചംഗ്ലിവാല ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് അതിനുള്ള തീറ്റ സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കാമെന്ന് ഈ ദമ്പതിമാർ തീരുമാനിച്ചു.
27 വയസ്സായ മകൻ വളർന്നുവരുന്ന ഒരു കബഡി ചാമ്പ്യനാണെന്നതിനാൽ എരുമപ്പാലിൽനിന്ന് കുറച്ചധികം പോഷകം അവന് കിട്ടണമെന്നും അവർ ആഗ്രഹിക്കുന്നു. “കുറച്ചുകൂടി പോഷകം, പ്രത്യേകിച്ചും, കബഡി കളിക്കുന്ന മകന്, കിട്ടട്ടെ എന്ന് കരുതി,” 50 വയസ്സുള്ള ജസ്വിന്ദർ പറയുന്നു. രണ്ട് പെണ്മക്കളുമുണ്ട് ആ ദമ്പതികൾക്ക്. ഒരാൾ വിവാഹം കഴിച്ച് ദൂരെ താമസിക്കുന്നു. മറ്റയാൾ 25 വയസ്സുള്ള ഗഗൻ ബിരുദാനന്തരബിരുദം കഴിഞ്ഞ്, വീട്ടുകാര്യങ്ങൾ നോക്കുന്നു. കുറച്ച് വർഷങ്ങൾക്കുമുമ്പ് അമ്മയ്ക്ക് സുഖമില്ലാതായതുമുതൽ.
കുപ്പ് നിർമ്മിക്കാൻ കുടുംബം തീരുമാനിച്ചപ്പോൾ അവർ ജഗ്സീറിൻ്റെ ഒരു സഹോദരബന്ധുവായ ഗുർമയിൽ സിംഗിനെ സമീപിച്ചു. കഴിഞ്ഞ 40 കൊല്ലത്തിനുള്ളിൽ 2,000 കുപ്പുകൾ താൻ ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് കണക്കുകൂട്ടുന്നു 60 വയസ്സ് കഴിഞ്ഞ ആ ബന്ധു. “ഗോതമ്പിൻ്റെ വിളവെടുപ്പിന് ശേഷമുള്ള മാസങ്ങളിൽ, ദിവസത്തിൽ രണ്ടെണ്ണംവീതം ഞങ്ങളുണ്ടാക്കാറുണ്ടായിരുന്നു.”
അർദ്ധവൃത്താകൃതിയിലുള്ള ചിലവ് കുറഞ്ഞ ഒരു താത്കാലിക നിർമ്മിതിയാണ് കുപ്പ്. കാലിത്തീറ്റകൾ സൂക്ഷിച്ചുവെക്കാനുള്ളത്. ഒരുകാലത്ത് പഞ്ചാബിൻ്റെ ഗ്രാമപ്രദേശങ്ങളുടെ അവിഭാജ്യഭാഗമായിരുന്ന അത് ഇപ്പോൾ കാണാനില്ല. ദില്ലിയിൽനിന്ന് പഞ്ചാബിലെ ചംഗ്ലിവാലയിലേക്കുള്ള തീവണ്ടിയിലിരുന്ന് നോക്കുമ്പോൾ വളരെ കുറച്ചുമാത്രമേ അത് കണ്ടുള്ളു.



















