"ഞാൻ വാസ്തവത്തിൽ ഭാഗ്യവാനാണ്," റോഷൻ സദാശിവ് കുലെ പാരിയോട് പറഞ്ഞു. ജീവനോടെ അവശേഷിക്കുന്നതിൽ ഭാഗ്യവാൻ. സ്വന്തം വീട്ടിൽ തിരികെയെത്താൻ കഴിഞ്ഞതിൽ ഭാഗ്യവാൻ.
അണുവർഷം മുൻപ്, മിന്തൂർ ഗ്രാമത്തിൽനിന്നുള്ള, 34 വയസ്സുകാരനായ ഈ ചെറുകിട കർഷകൻ തന്റെ 12 ജേഴ്സി പശുക്കൾക്ക് ചർമ്മ മുഴ രോഗം ബാധിച്ചതായി തിരിച്ചറിയുന്നതാണ് സംഭവങ്ങളുടെ തുടക്കം. അന്ന്, 2021 മാർച്ചിൽ, കോവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തുടനീളം ആഞ്ഞടിക്കുന്നതിനിടെ, മഹാരാഷ്ട്രയിലുടനീളം കന്നുകാലികൾ രോഗബാധിതരായി മരിച്ചുവീണുകൊണ്ടിരുന്നു.
"ഞാൻ പശുക്കളുടെ ചികിത്സയ്ക്ക് ഒരുപാട് പണം ചിലവഴിച്ചു," റോഷൻ ഓർത്തെടുക്കുന്നു. "പക്ഷെ അവയുടെ ആരോഗ്യം ഒട്ടും മെച്ചപ്പെട്ടില്ല."
റോഷൻ പരിപാലിച്ചിരുന്ന പശുക്കളിൽ ആറെണ്ണം ചത്തതോടെ പാൽ ഉത്പാദനവും അതിൽനിന്നുള്ള വരുമാനവും സ്തംഭിച്ചു. എന്നിട്ടും ചിലവുകൾ ഒട്ടും കുറഞ്ഞില്ല. ചന്ദ്രാപൂരിലെ വനനിബിഢമായ നാഗ്ഭീഡ് തെഹ്സിലിൽനിന്നുള്ള ഈ ചെറുകിട കർഷകന് ക്രമേണ തന്റെ ശേഷിക്കുന്ന ആറ് പശുക്കൾക്ക് മരുന്നുകൾ വാങ്ങാനോ കുത്തിവയ്പ്പുകൾ എടുക്കാനോ സാമ്പത്തികശേഷി ഇല്ലാത്ത സ്ഥിതിയായി.
മഹാമാരിയുടെ സമയത്ത് പണലഭ്യത കുറഞ്ഞതോടെ ബാങ്കിൽനിന്ന് വായ്പ ലഭിക്കുക ദുഷ്കരമായി മാറിയിരുന്നു. അങ്ങനെയിരിക്കെ, ബാങ്ക് കറസ്പോണ്ടൻ്റായി ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ച്, സമീപത്തുള്ള പട്ടണമായ ബ്രഹ്മപുരിയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്വകാര്യ പലിശക്കാരന്റെ അടുക്കൽനിന്ന് റോഷൻ 1 ലക്ഷം രൂപ അനൗദ്യോഗികമായി വായ്പയെടുത്തു.
തത്കാലത്തേക്ക് തന്റെ പ്രശ്നങ്ങളെല്ലാം ഒതുങ്ങിയെന്നാണ് റോഷൻ ധരിച്ചത്.
"അതോടെയാണ് എന്റെ പ്രശ്നങ്ങൾ ആരംഭിച്ചത്," അദ്ദേഹം ഓർത്തെടുക്കുന്നു.
2021 മാർച്ചിൽ, തന്റെ പശുക്കൾക്ക് ജീവൻരക്ഷാ മരുന്നുകൾ വാങ്ങാനായി റോഷൻ 1 ലക്ഷം രൂപ വായ്പയെടുത്തത് പതിയെ വളർന്ന് അനധികൃത പണമിടപാടുകാരിൽനിന്ന് 50 ലക്ഷം രൂപ കടം വാങ്ങുന്നതിലേയ്ക്കും പിന്നീട് ഒരുപടികൂടി കടന്ന്, ആ ക്ഷീര കർഷകൻ നിയമവിരുദ്ധ അവയവ കൈമാറ്റസംഘത്തിന്റെ വലയിൽ കുടുങ്ങി ഒരു വൃക്ക വിൽക്കുന്നതിലേയ്ക്കുംവരെ ചെന്നെത്തി. ഒരു അന്താരാഷ്ട്ര സൈബർ കുറ്റവാളിസംഘത്തിന്റെ പിടിയിലകപ്പെട്ട അദ്ദേഹം ലാവോസ് എന്ന രാജ്യത്ത് കുടുങ്ങിപ്പോകുകയായിരുന്നു.















