പാരിയുടെ ഫിലിം ഡിവിഷന് ഈ വർഷം ചാരിതാർത്ഥ്യത്തിന്റേതായിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളിലെ മനുഷ്യരെക്കുറിച്ചുള്ള വീഡിയോകളും, ഡോക്യുമെന്ററികളും, ഹ്രസ്വ ക്ലിപ്പുകളും ഫീച്ചർ ഫിലിമുകളുമെല്ലാം ചേർന്ന ഒന്ന്.
ഒരു ഓൺലൈൻ മാധ്യമം എന്ന നിലയ്ക്ക്, നമുക്ക് ചുറ്റുമുള്ള വാർത്തകൾക്കും സംഭവങ്ങൾക്കും നേരെ സൂക്ഷ്മമായി നോക്കുന്ന സിനിമകളെയാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ബിഹാറിലെ ബിഹാർഷെറീഫ് എന്ന പട്ടണത്തിലെ 113 വർഷം പഴക്കമുള്ള ഒരു വായനശാലയെ വർഗ്ഗീയതയുടെ അഗ്നിക്കിരയാക്കിയതിനെക്കുറിച്ചുള്ള സിനിമയാണ് മദ്രസ അസീസിയ. പുനരുപയോഗോർജ്ജം ഉത്പാദിപ്പിക്കാനുള്ള സംരംഭത്തിന് ജയ്സാൽമറിലെ ഒറാനെന്ന കന്യാവനങ്ങൾ കൈയ്യേറുകയും ആ ലക്ഷ്യം നിർവ്വഹിക്കാനായി, കുറ്റിക്കാടുകളെ ‘തരിശുഭൂമി’യായി തരംതിരിച്ച് സൌര, കാറ്റാടി ഊർജ്ജ പ്ലാന്റുകൾക്ക് വിൽക്കുന്നതിനെക്കുറിച്ചുള്ളതായിരുന്നു മറ്റൊരു സിനിമ.
അസമിലെ ബ്രഹ്മപുത്രയിൽ എരുമകളെ മേയ്ക്കുന്ന ഒരു ആദിവാസി ഇടയൻ പാടുന്ന മനോഹരമായ പ്രണയഗാനത്തോടെയാണ് കഴിഞ്ഞുപോയ വർഷത്തിന് ഞങ്ങൾ തുടക്കമിട്ടത്. പശ്ചിമ ബംഗാൾ, ചത്തീസ്ഗഢ്, കർണ്ണാടക, രാജസ്ഥാൻ തുടങ്ങി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാട്ടുകളും നൃത്തങ്ങളും ഞങ്ങൾ ഞങ്ങളുടെ ശേഖരത്തിൽ ഉൾച്ചേർക്കുകയുണ്ടായി.
ഈ വർഷം ഞങ്ങൾ അവസാനിപ്പിക്കുന്നതാകട്ടെ, പാരിയുടെ ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ടിനെക്കുറിച്ചുള്ള ഒരു സിനിമയോടെയാണ്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരസാധാരണ ശേഖരണ പ്രക്രിയയുടെ കഥയാണ് ഞങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ വർഷം ഞങ്ങൾ ഒരു സുപ്രധാന സിനിമ, ‘വർത്ത്’ (മൂല്യം) ചേർത്തിട്ടുണ്ട്. പുനെയിലെ ശുചീകരണത്തൊഴിലാളികളായ സ്ത്രീകളുടെ ശബ്ദം നിങ്ങൾക്കതിൽ കേൾക്കാം. “മാലിന്യങ്ങൾ ഉണ്ടാക്കുന്നത് നിങ്ങളാണെന്നിരിക്കേ, ഞങ്ങളെങ്ങിനെയാണ് ‘മാലിന്യത്തൊഴിലാളികൾ’ ആവുക? എന്നാണ് അവർ ചോദിക്കുന്ന ചോദ്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ഞങ്ങളുടെ സിനിമകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അൽഫോൺസാ മാങ്ങയെക്കുറിച്ചുള്ള ഒരു സിനിമയാണ്. കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ആ മാങ്ങാക്കർഷകരെക്കുറിച്ചുള്ളത്.
സമൂഹങ്ങളെക്കുറിച്ചുള്ള സിനിമകളുടെ ശേഖരത്തിലേക്ക് ഈ വർഷം മുഴുവൻ ഞങ്ങൾ പുതിയ കഥകൾ ചേർത്തുകൊണ്ടിരുന്നു. മേദപുരത്തെ മഡിഗ സമൂഹത്തിന്റെ ഉഗാദി ആഘോഷത്തെക്കുറിച്ചുള്ള കഥ, പുതിയൊരു ദളിത് ആചാരത്തിന്റെ നിറവും ശബ്ദവും കാണിച്ചുതരുന്നു. മലബാർ പ്രദേശത്തെ വിവിധ ജാതിക്കാരും സമുദായക്കാരും നിർവ്വഹിച്ചുകൊണ്ടിരിക്കുകയും നിലനിന്നുപോരാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന തോൽപ്പാവക്കൂത്ത് എന്ന കലയെക്കുറിച്ചുള്ള ദീർഘമായ സിനിമ, പാവകളിയിലൂടെ പറഞ്ഞുതരുന്നത് വിവിധ സംസ്കാരങ്ങളെക്കുറിച്ചുള്ള കഥയാണ്. അയൽസംസ്ഥാനമായ കർണ്ണാടകയിലെ, ഭൂതാരാധനയെക്കുറിച്ചുള്ള സിനിമയിൽ, ആ ആചാരവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു നാദസ്വര കലാകാരന്റെ ജീവിതത്തിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം. മെഴുക് വാർപ്പുപയോഗിച്ച് ലോഹരൂപങ്ങളുണ്ടാക്കിയിരുന്ന, പശ്ചിമ ബംഗാളിൽനിന്നുള്ള അപ്രത്യക്ഷമായ ഡോക്ര കലയെക്കുറിച്ചുള്ള സിനിമയും ശ്രദ്ധേയമാണ്
ഈ സിനിമകൾ കാണുക!











