“മുടിയില്‍ നിറം ഉപയോഗിക്കുന്നത് നിങ്ങളുടെ മുടി കൂടുതൽ വെളുപ്പിക്കുകയേയുള്ളൂ”, എന്ന് പുഷ്പവേണി പിള്ള പറഞ്ഞു. “ഇതു പോലെ”, വെള്ള-നീലയും ചേര്‍ന്ന ചതുരാകൃതിയിലുള്ള ഒരു ടൈലിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അവര്‍ ഊന്നിപ്പറഞ്ഞു. 60-കളുടെ അവസാനത്തിലുള്ള അവരുടെ തലയില്‍ ചാരനിറത്തിലുള്ള കുറച്ച് മുടിയിഴകൾ മാത്രമേയുള്ളൂ. “’ഒണ്‍ലി’ വെളിച്ചെണ്ണ, ലൈഫ്ബോയ് സോപ്പ്” - അതാണ് പ്രധാനം, ഇംഗ്ലീഷിലെ ‘ഒൺലി’ എന്നവാക്കിന് ഊന്നല്‍ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.

ടൈൽ പാകിയ ആ തറയിൽ ഇരുന്നുകൊണ്ട് ഒരു ദിവസം ഉച്ചകഴിഞ്ഞനേരത്ത് പോയ വർഷങ്ങളെയും ഇന്നത്തെ കാലത്തെയും കുറിച്ച് അവര്‍ സംസാരിച്ചു. “എന്‍റെ അമ്മയുടെ കാലത്ത് അവരുടെ അമ്മായിയമ്മ ഒരു കഷണം തേങ്ങ കൊടുക്കുമായിരുന്നു, കുളിക്കുമ്പോൾ അത് ചവച്ച് ഉച്ചിയില്‍ തേക്കും - അതായിരുന്നു അവരുടെ വെളിച്ചെണ്ണ.”

അവരുടെ അടുത്തിരുന്ന് വാസന്തി പിള്ള കാര്യമായി അതിനോട് യോജിച്ചു. രണ്ട് സ്ത്രീകളും (അവര്‍ അകന്ന ബന്ധുക്കളാണ്) ധാരാവിയില്‍ ഒരേ തെരുവിലെ ഒറ്റമുറികളിൽ 50 വർഷത്തോളം ചിലവഴിച്ചു. ഇരുവരും തങ്ങളുടെ ജീവിതത്തിലെ അപൂർവമായ സംതൃപ്തിയെക്കുറിച്ചാണ് സംസാരിച്ചത്. ദശാബ്ദങ്ങൾ നീണ്ട സൗഹൃദത്തിന്‍റെ കെട്ടുപാടുകളുള്ള ഇരുവരിലും മാറിയ ലോകത്തിന്‍റെ ഓർമ്മകൾ അവശേഷിക്കുന്നു.

14-15 വയസ്സുള്ളപ്പോഴാണ് പുഷ്പവേണി ചെറുപ്പക്കാരിയായ മണവാട്ടിയായി ധാരാവിയിൽ എത്തിയത്. അതേ തെരുവിലുള്ള ഒരു മൈതാനത്തെ മണ്ഡപത്തിലായിരുന്നു വിവാഹം. വരന്‍ ധാരാവിയിലായിരുന്നു താമസിച്ചത്. “അദ്ദേഹത്തിന് 40 വയസ്സായിരുന്നു”, അവര്‍ പറഞ്ഞു. അത്രയും പ്രായമോ? “അതെ, അദ്ദേഹം ഉയരം കുറഞ്ഞ ആളായിരുന്നു [അതുകൊണ്ട് ഞങ്ങളറിഞ്ഞില്ല]. അക്കാലത്ത് ആരും ഇതൊന്നും പരിശോധിച്ചില്ല. ചടങ്ങ്കഴിഞ്ഞ് സാമ്പാർ-ചോറും ഉണ്ടായിരുന്നു”, അവര്‍ ഓര്‍ത്തെടുത്തു. “പച്ചക്കറി മാത്രമായിരുന്നു.”

അവരുടെ ഭർത്താവ് ചിന്നസാമി കുറച്ചുകാലം മുമ്പ് 500 രൂപയ്ക്ക് (അന്നത് വലിയ തുകയാണ്) വാങ്ങിയ മുറിയിലേക്ക് അവര്‍ നീങ്ങി. ശാസ്ത്രക്രിയാവശ്യങ്ങള്‍ക്കുള്ള നൂലുകളും ചരടുകളും നിർമ്മിക്കുന്ന ഒരു പ്രാദേശിക കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ 60 രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയില്‍നിന്നും 1990-കളുടെ മദ്ധ്യത്തിൽ വിരമിക്കുന്ന സമയത്ത് 25,000 രൂപയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിമാസ വരുമാനം.

Pushpaveni (left) came to Dharavi as a bride at the age of 14-15, Vasanti arrived here when she got married at 20
PHOTO • Sharmila Joshi

പുഷ്പവേണി (ഇടത്) 14-15 വയസ്സുള്ളപ്പോള്‍ വധുവായി ധാരാവിയിൽ എത്തിയതാണ് , വാസന്തി വിവാഹിതയായി എത്തിയത് 20-ാം വയസ്സിലും

ഏകദേശം 200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മുറി അടുത്ത 50 വർഷത്തേക്ക് അവരുടെ വീടായി മാറി. കുടുംബം വലുതായപ്പോൾ മദ്ധ്യഭാഗത്തെ നിലയോടുചേര്‍ത്ത് ഒരു മുറികൂടി പണിതു - “ഒരു കാലത്ത് ഞങ്ങൾ ഒമ്പത് പേരുണ്ടായിരുന്നു”.  ടി-ജംഗ്ഷനില്‍നിന്നും ധാരാവിയിലേക്ക് തിരിയുന്ന തെരുവില്‍ ടെമ്പോകളുടെയും ഓട്ടോറിക്ഷകളുടെയും തിരക്കുപിടിച്ച ഇടം കഴിഞ്ഞായിരുന്നു ഇത്. “ഞാൻ അവിടെ ജീവിക്കുമ്പോഴാണ് എന്‍റെ മൂന്ന് കുട്ടികൾ ജനിച്ചത്. ഞങ്ങൾ അവിടെ ആയിരിക്കുമ്പോൾ അവർ വിവാഹിതരായി, അവര്‍ക്ക് മക്കളും കൊച്ചുമക്കളുമായി. ഞാന്‍ അതേമുറിയില്‍ താമസിക്കുമ്പോഴായിരുന്നു ഇതൊക്കെ.”

ഇപ്പോൾ 60-കളുടെ മദ്ധ്യത്തിലുള്ള വാസന്തിയും 20-ാം വയസ്സിൽ വിവാഹത്തെ തുടര്‍ന്ന് അതേ തെരുവിലേക്ക് താമസം മാറിയതാണ്. വാസന്തിയുടെ അമ്മായിയമ്മയും പുഷ്പവേണിയുടെ ഭർത്താവും സഹോദരങ്ങളായിരുന്നു, അതിനാൽ വാസന്തി എത്തിയ സമയത്തുതന്നെ ധാരാവിയിൽ ഒരു കുടുംബമുണ്ടായിരുന്നു. “അന്നുമുതൽ ഈ ഗലി [തെരുവ്] വിട്ട് മറ്റെവിടെയും ഞാൻ താമസിക്കാൻ പോയിട്ടില്ല”, അവര്‍ പറഞ്ഞു.

1970-കളിൽ രണ്ട് സ്ത്രീകളും ധാരാവിയിൽ എത്തിയപ്പോൾ പ്രദേശം വ്യത്യസ്തമായിരുന്നു. “മുറികൾ ചെറുതായിരുന്നു, പക്ഷെ അവ ചിതറി കിടക്കുകയായിരുന്നു, അവയ്ക്കിടയിൽ ധാരാളം തുറസ്സായ സ്ഥലങ്ങളുണ്ടായിരുന്നു”, പുഷ്പവേണി പറഞ്ഞു. അവരുടെ വീട് ഒന്നാം നിലയിലായിരുന്നു - തെരുവിൽ നിന്ന് കുറച്ചുമാറി പൊതുശൗചാലയത്തോടുകൂടിയ എല്ലാസൗകര്യങ്ങളുമുള്ള ഒരു ചെറിയ മുറി. “ഇപ്പോൾ നിങ്ങൾക്ക് നടക്കാൻ പോലും കഴിയാത്തവിധം കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു”, ഇടുങ്ങിയതാണെന്ന് സൂചിപ്പിക്കാൻ തന്‍റെ കൈകൾകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. (ഉത്തര-മദ്ധ്യ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ധാരാവി കാലക്രമേണ ഒരു ദശലക്ഷത്തോളംവരുന്ന ആളുകളെ ഉൾക്കൊണ്ടുകൊണ്ട് വികസിച്ചു - ഒരു ചതുരശ്ര മൈലിലധികം സ്ഥലത്ത് ചേരികളും കെട്ടിടങ്ങളും കടകളും വർക്ക് ഷോപ്പുകളും വ്യാപിച്ചുകിടക്കുന്ന തരത്തില്‍.)

“ഈ സ്ഥലം ഒരു അരുവി ആയിരുന്നു, മുഴുവൻ കാടായിരുന്നു”, വാസന്തി ഓര്‍ത്തെടുത്തു. “മാഹിം അരുവിയിലെ വെള്ളം പോലീസ് ചൗക്കിലേക്ക് [ടി-ജംഗ്ഷനില്‍] എത്തുമായിരുന്നു. പിന്നീടവർ മണ്ണിട്ടിട്ട് നികത്തി [‘നിലം’ ഉണ്ടാക്കിയെടുത്ത്] മുറികൾ ഉണ്ടാക്കി.” ഇപ്പോൾ തൊട്ടടുത്ത്, ഉയരത്തിൽ ചിതറിക്കിടക്കുന്ന ബാന്ദ്ര-കുർള കോംപ്ലക്‌സ് കണ്ടൽക്കാടുകൾ നിറഞ്ഞ വിജനമായ ഒരു ചതുപ്പുനിലമായിരുന്നുവെന്ന് അവർ ഓർക്കുന്നു. “അടുത്തെവിടെയും പോകാൻ ഞങ്ങൾക്ക് ഭയമായിരുന്നു. ഇപ്പോഴത്തെ കാലാനഗർ ബസ് സ്റ്റോപ്പ് വരെ ഞങ്ങൾ സ്ത്രീകൾ ഒരുമിച്ചായിരുന്നു പോയിരുന്നത് - അവിടെ ഒരു പൈപ്പ് ലൈൻ ഉണ്ടായിരുന്നു, അവിടെ ഞങ്ങൾ വസ്ത്രങ്ങൾ കഴുകുമായിരുന്നു. അതെല്ലാം ഇപ്പോൾ മൂടിപ്പോയി.”

ആദ്യകാലങ്ങളിൽ ഏതാണ്ടെല്ലാ സാധനങ്ങളും അവർ പണം കൊടുത്തായിരുന്നു വാങ്ങിയത്. പുഷ്പവേണി പൂനെയിലെ തന്‍റെ കുട്ടിക്കാലം ഓർക്കുന്നു. അച്ഛൻ ഖഡ്കി അവിടെ ഒരു ആയുധ നിര്‍മ്മാണശാലയില്‍ പാക്കറായി ജോലി ചെയ്യുകയായിരുന്നു. (അവരുടെ അമ്മ 80-കളിലുള്ള വീട്ടമ്മ ഇപ്പോഴും പൂനെയിൽ താമസിക്കുന്നു.) “ഒരു പൈസയ്ക്ക് ഞങ്ങൾക്ക് ഒരുപിടി പീസ് ലഭിക്കുമായിരുന്നു”, അവര്‍ പറഞ്ഞു. മാറിമാറിവരുന്ന അവരുടെ ഓര്‍മ്മകളില്‍ വില ഒരുപക്ഷെ പൂര്‍ണ്ണമായും കൃത്യമായിരിക്കണമെന്നില്ല. പക്ഷെ പോയ സമയത്തെക്കുറിച്ചുള്ള അവരുടെ ധാരണ കൃത്യമാണ്. “സ്വർണ്ണവില തോലയ്ക്ക് 50 രൂപയായിരുന്നു, അന്നും ഞങ്ങൾക്കത് താങ്ങാൻ കഴിയുമായിരുന്നില്ല. ഒരു നല്ല കോട്ടൺ സാരിക്ക് 10 രൂപ ആകുമായിരുന്നു. എന്‍റെ അച്ഛന്‍റെ തുടക്കത്തിലെ ശമ്പളം 11 രൂപയായിരുന്നു, എന്നിട്ടും അദ്ദേഹം ഒരു കുതിരവണ്ടി നിറയെ റേഷൻ കൊണ്ടുവരുമായിരുന്നു.”

'I’d not left this galli [lane] and gone to live anywhere else' until October this year, says Vasanti
PHOTO • Sharmila Joshi

‘ഈ വർഷം ഒക്ടോബർ വരെ ഈ തെരുവ് വിട്ട് മറ്റെവിടെയും ഞാന്‍ താമസിക്കാൻ പോയിട്ടില്ല’, വാസന്തി പറയുന്നു

“ഞങ്ങൾ ഞങ്ങളുടെ ലോകം [അസ്തിത്വം] കൈകാര്യം ചെയ്തത് വളരെ ചെറിയ തുകയ്ക്കാണ് - ഒരു ദിവസം ഒരു രൂപ വീതം. 20 പൈസയ്ക്ക് പച്ചക്കറി, 10 പൈസയ്ക്ക് ഗോതമ്പ്, 5 പൈസയ്ക്ക് അരി“, വാസന്തി ഓർമ്മിക്കുന്നു. “ഈ ദൈനംദിന ചെലവുകളിൽ നിന്ന് 10 പൈസയെങ്കിലും ലാഭിക്കാന്‍ അപ്പോഴും ഞങ്ങളുടെ അമ്മായിയമ്മമാർ പറയുമായിരുന്നു.”

അവര്‍ ധാരാവിയിലേക്ക് നീങ്ങിയ സമയത്ത് വിലയേറിയ ലൈഫ്ബോയ് സോപ്പിന്‍റെ വില വെറും 30 പൈസയായിരുന്നു. “അത് വളരെ വലുതായിരുന്നു, നിങ്ങൾക്കത് കൈയിൽ പിടിക്കാൻ പോലും പറ്റുമായിരുന്നില്ല. ചിലപ്പോൾ ഞങ്ങൾ 15 പൈസയ്ക്ക് പകുതി വാങ്ങുമായിരുന്നു“, വാസന്തി പറഞ്ഞു.

നഗരത്തിലെമ്പാടുമുള്ള സൈറ്റുകളിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന അവരുടെ വരുമാനം 1980-കളുടെ മദ്ധ്യത്തോടെ പ്രതിദിനം 15 രൂപയായി. “എവിടെ ജോലി കിട്ടിയാലും ഞാനങ്ങോട്ട് ഓടുമായിരുന്നു”, അവര്‍ പറഞ്ഞു. സേലത്ത് നിന്ന് മുംബൈയിലേക്ക് 17-ാം വയസ്സിൽ ഒരു ആന്‍റിയുടെ കൂടെ താമസിക്കാൻ വന്നതിനുശേഷമുള്ള ആദ്യ കുറച്ച് വർഷങ്ങളിൽ വാസന്തി സെവ്രിയിലെയും ചാകാലയിലെയും സോപ്പ് ഫാക്ടറികളിൽ ജോലി ചെയ്തിരുന്നു. “ഞാൻ സോപ്പ് പാക്ക് ചെയ്യുമായിരുന്നു, പ്യൂരിറ്റി എന്നുപേരുള്ള ഒരെണ്ണം അന്നുണ്ടായിരുന്നു”, അവര്‍ പറഞ്ഞു. പിന്നീടവര്‍ക്ക് മസ്ജിദ് ബന്ദറിലെ ഒരു മീൻ പാക്കിംഗ് യൂണിറ്റിൽ ജോലി ലഭിച്ചു. തുടർന്ന് അര ഡസനോളം വീടുകളിൽ വർഷങ്ങളോളം വീട്ടുജോലിക്കാരിയായി ജോലിചെയ്തു.

തമിഴ്‌നാട്ടിൽ അവരുടെ അച്ഛൻ ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു. വാസന്തിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പത്താം ക്ലാസ് വരെ പഠിച്ച അവര്‍ക്ക് എല്ലാ കാര്യങ്ങളും നല്ല ഓർമ്മയുണ്ട്. കഴിഞ്ഞകാലത്ത് കഴിച്ച “അസ്‌ലി മാൽ” [യഥാർത്ഥ സാധനങ്ങള്‍] ആണ് അതിന് കാരണമെന്നവര്‍ പറഞ്ഞു. “വീടിനടുത്തുള്ള പാടത്തുനിന്ന് ഞങ്ങള്‍ കരിമ്പ് നേരിട്ട് പറിച്ച് കഴിക്കുമായിരുന്നു, പീസ്‌, പുളി, നെല്ലിക്ക എല്ലാം പാടത്തുനിന്നും നേരെ കഴിക്കും. കയർ എറിഞ്ഞ് പുളി പറിച്ചെടുത്ത് ഉപ്പുംമുളകും കൂട്ടി കഴിക്കും. തന്‍റെ വ്യക്തമായ ഓര്‍മ്മയ്ക്കുള്ള ഭക്ഷണരീതി അതായിരുന്നുവെന്ന് അവര്‍ പറഞ്ഞു, കറുത്ത മുടി നിലനിർത്താനുള്ള തേങ്ങാ സോപ്പ് പ്രയോഗത്തെക്കുറിച്ച് പുഷ്പവേണി പറഞ്ഞതുപോലെ.

ചാകാലയിലെ സോപ്പ് ഫാക്ടറിയിൽ വച്ചാണ് പിന്നീട് തന്‍റെ ഭർത്താവായ യുവാവിനെ വാസന്തി പരിചയപ്പെടുന്നത്. “അത് പ്രണയമായിരുന്നു, പിന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹവും”, അവര്‍ പറഞ്ഞു. അവരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. “ആരാണ് തന്‍റെ ചെറുപ്പത്തിൽ പ്രണയിക്കാത്തത്? പിന്നീട് ആന്‍റി ആവശ്യമായ എല്ലാ അന്വേഷണങ്ങളും നടത്തുകയും മൂന്ന് വർഷത്തിന് ശേഷം 1979-ൽ അത് ഒരു ‘അറേഞ്ച്ഡ്’ വിവാഹത്തിലേക്ക് നീങ്ങുകയും ചെയ്തു.

The lane leading to Pushpaveni's room, wider than many in Dharavi.
PHOTO • Sharmila Joshi
At the end of this lane is the T-Junction
PHOTO • Sharmila Joshi

ഇടത്: പുഷ്പവേണിയുടെ മുറിയിലേക്കുള്ള തെരുവ് ധാരാവിയിലെ മറ്റു പലതിനേക്കാളും വീതിയുള്ളതാണ്. വലത്: ഈ പാതയുടെ അവസാനമാണ് ടി-ജംഗ്ഷൻ

അവര്‍ തന്‍റെ ഭർത്താവിന്‍റെ പേര് പറയാതെ അത് ഉറക്കെ പറയാൻ പുഷ്പവേണിയോട് ആവശ്യപ്പെട്ടു. പിന്നീട് ആ പേരിന്‍റെ ഓരോ അക്ഷരങ്ങളും ഉപയോഗിച്ചുകൊണ്ട് അവര്‍ തന്നെ അത് എന്നോട് പറയാന്‍ ഒരു വഴി ആവിഷ്കരിച്ചു: ആശൈ തമ്പി എന്ന്. “ അദ്ദേഹം ഒരുനല്ല മനുഷ്യന്‍ ആയിരുന്നു”, അവര്‍ പറഞ്ഞു. ആ സ്നേഹം ഇപ്പോഴും ഉണ്ട്. “ഇത്ന സോനാ ആത്മി”, ശാന്തനും സൗമ്യനും. “ഞങ്ങളൊരുമിച്ച് സന്തോഷത്തോടെ ജീവിച്ചു.” കൂടാതെ, എന്‍റെ ഭര്‍തൃകുടുംബത്തില്‍ [ചെന്നൈയിലെ] പോലും എനിക്ക് ഒന്നിനും കുറവില്ലായിരുന്നു”, അവര്‍ കൂട്ടിച്ചേർത്തു. എന്‍റെ ഭർത്താവ് മാത്രമായിരുന്നില്ല നല്ല മനുഷ്യൻ, എന്‍റെ അമ്മായിയമ്മയും നല്ല വ്യക്തിയായിരുന്നു. വേണ്ടതെല്ലാം എനിക്കുണ്ടായിരുന്നു.“

ആശൈ തമ്പി 2009-ൽ അന്തരിച്ചു. “അദ്ദേഹം കുടിക്കുമായിരുന്നു, ശ്വാസതടസ്സമുണ്ടായിരുന്നു”, വാസന്തി ഓർക്കുന്നു. “പക്ഷെ ഞങ്ങളൊരുമിച്ച് സന്തോഷത്തോടെ ജീവിച്ചു... ഏതാണ്ട് 35 വർഷത്തോളം ഞാൻ അദ്ദേഹത്തോടൊപ്പം ജീവിച്ചു, ഇപ്പോഴും കരയാതെ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല.” കണ്ണീര്‍ അടക്കിനിർത്തുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു.

അവർക്കുണ്ടായിരുന്ന ഒരേയൊരു കുട്ടി, ഒരു ആൺകുട്ടി, ജനിച്ചയുടനെ മരിച്ചു. “ഞാൻ ആശുപത്രിയിൽ നിന്ന് മടങ്ങിവരുന്നതിനുപോലും മുമ്പ്”, അവര്‍ പറഞ്ഞു. “ഞാൻ ഇതൊന്നും അധികം സംസാരിക്കാറില്ല. പുഷ്പവേണിയുടെ മക്കള്‍ എന്‍റേതുകൂടിയാണ്. ഇപ്പോൾ അവരിൽ നിന്നകന്ന് നലസോപാരയിൽ താമസിക്കുന്നതിനെക്കുറിച്ചാലോചിക്കുമ്പോൾ എന്‍റെ ഹൃദയം പട പട ഇടിക്കുകയാണ്.

വാസന്തി തന്‍റെ ധാരാവിയിലെ മുറി ഈ വർഷം ഒക്ടോബറിൽ വിറ്റു, പുഷ്പവേണി അവരുടെ മുറി ഏതാനും മാസങ്ങൾ മുമ്പ് മെയ് മാസത്തിലും. ഭൂമിക്കും താമസ സ്ഥലത്തിനും മുംബൈയിൽ ഉയർന്ന വിലയുള്ളതിനാല്‍ ഇരുവർക്കും നിരവധി ലക്ഷങ്ങൾ നേടാൻ കഴിഞ്ഞു. പക്ഷെ വന്‍ചിലവുള്ള ഒരു നഗരത്തിൽ ആ തുക മാഹിം അരുവിയിലെ ഒരു തുള്ളിയായി അവശേഷിക്കുന്നു.

രണ്ട് സ്ത്രീകളും ധാരാവിയിലെ വൻകിട നിർമ്മാണകേന്ദ്രത്തിലെ ചില വസ്ത്ര നിര്‍മ്മാണശാലകളില്‍ പീസ്-റേറ്റില്‍ ജോലി ചെയ്യുന്നു. കറുത്ത ജീൻസിന്‍റെ കുടുക്കുകളിൽ നിന്നും കാലുകളിൽ നിന്നും നൂലുകള്‍ മുറിക്കുന്നതിന് ഒരെണ്ണത്തിന് 1.50 രൂപ അവര്‍ക്ക് ലഭിക്കും. ഒരുദിവസം 2-3 മണിക്കൂറുകള്‍ ഇരുന്നാല്‍ 50-60 എണ്ണം അവര്‍ക്ക് മുറിക്കാന്‍ കഴിയും. അതല്ലെങ്കില്‍ അവര്‍ ഷെര്‍വാണി കുര്‍ത്തകളില്‍ ഹൂക്കുകള്‍ തയ്ക്കുകയും നീലയും വെളുപ്പും ചേര്‍ന്ന ആ തറയിൽ വസ്ത്രങ്ങൾ വിരിച്ചുചെയ്യുന്ന മറ്റ് പീസ്‌ വര്‍ക്കുകള്‍ ഉച്ചകഴിഞ്ഞ് ചെയ്യുകയും ചെയ്യുന്നു.

Both women take on piece-rate work from some of the many garments’ workshops in the huge manufacturing hub that is Dharavi – earning Rs. 1.50 per piece cutting threads from the loops and legs of black jeans
PHOTO • Sharmila Joshi

രണ്ട് സ്ത്രീകളും ധാരാവിയിലെ വൻകിട നിർമ്മാണകേന്ദ്രത്തിലെ ചില വസ്ത്ര നിര്‍മ്മാണശാലകളില്‍ പീസ്-റേറ്റില്‍ ജോലി ചെയ്യുന്നു. കറുത്ത ജീൻസിന്‍റെ കുടുക്കുകളിൽ നിന്നും കാലുകളിൽ നിന്നും നൂലുകള്‍ മുറിക്കുന്നതിന് ഒരെണ്ണത്തിന് 1.50 രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്

പുഷ്പവേണി തന്‍റെ മുറി വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ധാരാവിയിൽ പഗ്ഡി അടിസ്ഥാനത്തിൽ (സഹഉടമസ്ഥാവകാശത്തിലുള്ള വാടക സംവിധാനം) രണ്ട്മുറി എടുത്തു - ഓരോന്നും തന്‍റെ പുത്രന്മാര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമുള്ളതാണ്. ഓട്ടോറിക്ഷാ ഡ്രൈവറും 47-കാരനുമായ മൂത്ത മകനും ഭാര്യയ്ക്കും അവരുടെ മൂന്ന് കുട്ടികൾക്കുമൊപ്പമാണ് പുഷ്പവേണി താമസിക്കുന്നത്. (പുഷ്പവേണിയുടെ ഭർത്താവ് 1999-ൽ മരിച്ചു). താഴത്തെ നിലയിലെ ഈ മുറി ഒരു ചെറിയ അടുക്കളയും ഒരു ചെറിയ ശൗചാലയവും ചേര്‍ന്നതാണ്.

അവരുടെ മറ്റൊരു മകൻ (42) ധാരാവിയുടെ മറ്റൊരു ഭാഗത്ത് താമസിക്കുന്നു. അദ്ദേഹം “സ്പോർട്സിൽ” ജോലി ചെയ്യുകയാണെന്ന് അവര്‍ എന്നോട് പറഞ്ഞു - പ്രാദേശിക വ്യവസായ രംഗത്തെ കയറ്റുമതി രംഗത്ത് അത് മാറിക്കൊണ്ടിരിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് അദ്ദേഹത്തിന് ആ ജോലി നഷ്‌ടപ്പെട്ടു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്ന അദ്ദേഹം ഇപ്പോൾ ജോലി അന്വേഷിക്കുന്നു. 51-കാരിയായ പുഷ്പവേണിയുടെ മകൾക്ക് നാല് പേരക്കുട്ടികളുണ്ട്. “അതിനാൽ ഞാനൊരു മുതുമുത്തശ്ശിയാണ്”, അവര്‍ പറഞ്ഞു.

“എന്‍റെ രണ്ടു പുത്രന്മാരും എന്നെ നന്നായി നോക്കുന്നു”, അവര്‍ കൂട്ടിച്ചേർത്തു. “എന്‍റെ മരുമക്കളും എനിക്ക് നല്ലവരാണ്. എനിക്ക് മാനസികവിഷമങ്ങളില്ല, പരാതിയില്ല. എന്നെ നന്നായി നോക്കുന്നു. എനിക്കിപ്പോൾ ഇത് ആശ്വാസകരമായ ഒരു ജീവിതമാണ്.”

ധാരാവിയിലെ തന്‍റെ മുറി വിറ്റവകയില്‍ ലഭിച്ച തുകയുടെ കുറച്ചുഭാഗം 60 കിലോമീറ്റർ അകലെയുള്ള നലസോപാരയില്‍ ഒരു മുറിവാങ്ങാന്‍ വാസന്തി ഉപയോഗിച്ചു. അത് പണിയുന്ന സമയത്ത് താന്‍ അവിടെ ഒരു വാടക മുറിയില്‍ താമസിക്കുകയോ അല്ലെങ്കിൽ ഇടയ്ക്ക് പുഷ്പവേണിയോടും കുടുംബത്തോടുമൊപ്പം ധാരാവിയിൽ താമസിക്കുകയോ ചെയ്തുവെന്ന് അവര്‍ പറഞ്ഞു. “എന്‍റെ മുറി ഒരുങ്ങുകയാണ്, സമീപത്തായിരിക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നു”, അവര്‍ പറഞ്ഞു. “അടുത്തുണ്ടെങ്കില്‍ എന്ത് തരം അലങ്കാരമാണ് (സാധനങ്ങൾ സൂക്ഷിക്കാനുള്ള കറുത്ത ചുണ്ണാമ്പുകല്ല് ഷെൽഫ് പോലെയുള്ള) വേണ്ടതെന്ന് എനിക്ക് പറയാം. ഇല്ലെങ്കില്‍ അവര്‍ എന്തെങ്കിലുമൊക്കെ പണി ചെയ്യും.”

തറനിരപ്പിലെ മുറി തയ്യാറായിക്കഴിഞ്ഞാൽ ബിസ്‌ക്കറ്റും ചിപ്‌സും സോപ്പും മറ്റ് സാധനങ്ങളുമൊക്കെ വിൽക്കുന്ന ഒരു ചെറിയ കട അവിടെ തുടങ്ങണമെന്ന് വാസന്തിക്കുണ്ട്. അതായിരിക്കും അവരുടെ വരുമാനമാർഗം. “ഇനിയെനിക്ക് വീട്ടുജോലി ചെയ്യാൻ കഴിയില്ല,” അവര്‍ പറഞ്ഞു. “എനിക്ക് പ്രായമാവുകയാണ്. പക്ഷെ, ദരിദ്രയാണെങ്കിലും എന്‍റെ ജീവിതം സന്തോഷം നിറഞ്ഞതാണ്. എനിക്ക് കഴിക്കാൻ ഭക്ഷണമുണ്ട്, ധരിക്കാന്‍ വസ്ത്രമുണ്ട്, താമസിക്കാനൊരു മുറിയുണ്ട്. ഒന്നിനുമെനിക്ക് കുറവില്ല, എനിക്ക് ദുഃഖങ്ങളില്ല, കൂടുതലൊന്നും എനിക്കുവേണ്ട.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.