ഈയാഴ്ച ചൊവ്വാഴ്ച ഉണ്ടായ മഴ മൂലം മദ്ധ്യ മുംബൈയിലെ ശിവാജി പാർക്ക് നടക്കാൻ പറ്റാത്ത വിധം ചെളിക്കടലും വഴുക്കലുള്ളതും സുരക്ഷിതമല്ലാത്തതുമായി മാറി. സഖുബായ് ഖോരേ അവിടെ വീണ് കാലിനു പരിക്കേറ്റു. പക്ഷേ നഷ്ടപ്പെട്ട ഭൂരിഭാഗം പല്ലുകൾക്കിടയിലൂടെ ചിരിച്ചുകൊണ്ട് അവർ അപ്പോഴും പറഞ്ഞു, “എന്‍റെ ദേവന്‍റെ [ദൈവം] പാദത്തിൽ സ്പർശിക്കുവാനാണ് ഞാനിവിടെ വന്നിട്ടുള്ളത്. എനിക്കു പറ്റുന്നതുവരെ ഞാനിവിടെ വരും, എന്‍റെ കൈ-കാലുകള്‍ക്കു കുഴപ്പമില്ലാത്ത കാലത്തോളം, എന്‍റെ കണ്ണുകൾക്കു കാഴ്ചയുള്ളിടത്തോളം, അന്നുവരെ ഞാനിവിടെ വന്നുകൊണ്ടിരിക്കും.”

ഡോ: ബാബാ സാഹേബ് അംബേദ്കർ ആണ് അവരുടെ ദേവൻ - ആ സ്ഥലത്ത് കൂടിയിരിക്കുന്ന ഏതാണ്ടെല്ലാവരുടെയും കാര്യത്തിലെന്നപോലെ. ഏകദേശം 70 വയസ്സുള്ള നവബുദ്ധ ദളിത് സ്ത്രീയായ സഖുബായ് ജൽഗാവ് ജില്ലയിലെ ഭുസാവളിൽ നിന്നുമാണ് ഡിസംബർ 6 ബുധനാഴ്ച നടക്കുന്ന അദ്ദേഹത്തിന്‍റെ ചരമവാർഷികത്തിൽ ആദരവ് അർപ്പിക്കാൻ വന്നത്.

ഈ ദിവസമാണ് എല്ലാ വർഷവും ശിവാജി പാർക്കും അടുത്തുള്ള ദാദറിലെ ചൈതന്യ ഭൂമിയും ദളിത് സമൂഹങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകളുടെ വലിയൊരു കൂട്ടമായി മാറുന്നത്. ഇൻഡ്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ: അംബേദ്കറെ 1956-ൽ അടക്കം ചെയ്തതിന്‍റെ ഓർമ്മ നിലനിര്‍ത്തുന്ന സ്ഥലമാണ് ചൈതന്യ ഭൂമി. 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കന്മാരിലും പരിഷ്കർത്താക്കളിലും ഒരാളും എവിടെയുമുള്ള മർദ്ദിതരുടെ അചഞ്ചല ശബ്ദവുമായ ഉന്നത വ്യക്തിത്വം ബി. ആർ. അംബേദ്കർക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് അവർ വരുന്നത്. ആ ദിവസം അവിടെ ഹാജരാകുന്നതിനായി അവർ ബസിലും ട്രെയിനിലും യാത്ര ചെയ്തും വളരെ ദൂരം നടന്നുമൊക്കെ വരുന്നു. മുംബൈയ്ക്കകത്തു നിന്നും, പല ഗ്രാമങ്ങളിൽ നിന്നും, മഹാരാഷ്ട്രയിലെ വിവിധ പട്ടണങ്ങളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നു പോലുമാണ് അവർ വരുന്നത് – അംബേദ്കറോടുള്ള എല്ലാ ബഹുമാനത്തോടും നന്ദിയോടും സ്നേഹത്തോടും കൂടി. ചിലർ ദിവസങ്ങൾ യാത്ര ചെയ്താണ് എത്തുന്നത്.

Portrait of an old woman
PHOTO • Sharmila Joshi
A group of women
PHOTO • Sharmila Joshi

സഖുബായ് ഖോരെ (ഇടത്), ഭുസാവളിൽ നിന്നും ഒറ്റയ്ക്കാണു വന്നത്; ലീലാബായ് സയിനും (വലത്, പിങ്ക് സാരിയിൽ) അവരുടെ സംഘവും ജബൽപൂരില്‍ നിന്നും മൂന്നു ദിവസം യാത്ര ചെയ്താണ് എത്തിയത്

ഇവിടെ നിന്നും 1,100 കിലോമീറ്റർ അകലെ, മദ്ധ്യപ്രദേശിലെ ജബൽപൂരില്‍ നിന്നുമാണ് 42 വർഷങ്ങളായി ലീലാബായ് സയിൻ വന്നുകൊണ്ടിരിക്കുന്നു. അവിടെ അവർ മാലിശ്വാലി (ഉഴിച്ചിൽ നടത്തുന്ന സ്ത്രീ) ആയി പ്രവർത്തിക്കുന്നു. അവരുടെ ഭർത്താവ് നായി ജാതിയിൽപ്പെട്ട ബാർബർ ആയിരുന്നു. പലയിടങ്ങളിൽ നിർത്തി, പതിയെ ഓടുന്ന ട്രെയിനിൽ 3 ദിവസത്തോളം യാത്ര ചെയ്ത്, 60 മറ്റു സ്ത്രീകൾ കൂടിയുൾപ്പെട്ട ഒരു സംഘത്തിന്‍റെ ഭാഗമായാണ് ഇത്തവണ അവർ വന്നത്. "രാവിലെ 2 മണിയായപ്പോൾ ഞങ്ങൾ എത്തി ദാദർ സ്റ്റേഷനിൽ കിടന്നുറങ്ങി. ഇന്നു രാത്രി ഞങ്ങൾ ഈ നടപ്പാതയിൽ [ശിവാജി പാർക്കിനു പുറത്ത്] കിടന്നുറങ്ങും", അവർ സന്തോഷത്തോടെ പറഞ്ഞു. “ബാബാസാഹേബിനോടുള്ള മമത കൊണ്ടാണ് ഞങ്ങൾ വരുന്നത്. അദ്ദേഹം രാജ്യത്തിനു വേണ്ടി നല്ലതു ചെയ്തു. മറ്റുള്ളവർക്കു ചെയ്യാൻ കഴിയാതിരുന്നത് അദ്ദേഹം ചെയ്തു.”

ലീലാബായിയും സംഘവും ബാഗുകളുമേന്തി, സംസാരവും പൊട്ടിച്ചിരികളുമായി, കാഴ്ചയിലും ശബ്ദത്തിലും മുങ്ങി നടപ്പാതകളില്‍ സ്ഥാനം പിടിച്ചു. ഇത് ഡോ: അംബേദ്കറുടെ മരണ വാർഷികവും ഒരു ഔപചാരിക സന്ദർഭവുമാണെങ്കിലും, ജനക്കൂട്ടത്തിനിടയിൽ ഒരു ആഘോഷ ഭാവം ഉണ്ടായിരുന്നു. തങ്ങൾക്കു വേണ്ടി സംസാരിച്ച നേതാവിനെ ആഘോഷിക്കുന്നതിന്‍റെ ഭാവം. ചൈതന്യഭൂമിയിലേക്കു പോകുന്ന പാതയിൽ കുറച്ചു മീറ്ററുകൾ വീതം ഇടവിട്ടുള്ള ഓരോ ഇടത്തും ദളിത് പ്രവർത്തകർ പാട്ടു പാടുകയായിരുന്നു, അവയിൽ ചിലതിന്‍റേത് വിപ്ലവം നിറഞ്ഞ വരികളായിരുന്നു. ചിലർ പ്രസംഗിക്കുകയായിരുന്നു. മറ്റുള്ളവർ നിലത്തു ഷീറ്റുവിരിച്ച് വില്പനയ്ക്കായി വച്ചിരുന്ന സാധനങ്ങൾ - ബുദ്ധന്‍റെയും ബാബാസാഹേബിന്‍റെയും പ്രതിമകൾ, ജയ്ഭീം കലണ്ടറുകൾ, കളിക്കോപ്പുകൾ, പെയിന്‍റിംഗുകൾ, അങ്ങനെ പലതും - പരിശോധിക്കുകയായിരുന്നു. നീല ബഹുജൻ പതാകകളും, ബാനറുകളും, പോസ്റ്ററുകളും എല്ലായിടത്തും പാറിപ്പറക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിച്ചു കൊണ്ടും, എല്ലാം വീക്ഷിച്ചുകൊണ്ടും, ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടും, അല്ലെങ്കിൽ ദിവസം മുഴുവൻ നീണ്ട ജോലിക്കു ശേഷം കുറച്ചു നേരം വിശ്രമിച്ചുകൊണ്ടും പോലീസുകാരും എല്ലായിടത്തുമുണ്ടായിരുന്നു.

Baby Suretal (woman in green saree) waiting in line for biscuits along with some other women
PHOTO • Sharmila Joshi
A group of women standing with bare feet on a muddy ground
PHOTO • Sharmila Joshi

ശിവാജി പാർക്കിൽ ഭക്ഷണത്തിനു വേണ്ടി സ്റ്റാളിനു പുറത്ത് കാത്തു നിൽക്കുന്ന ആളുകൾ; പച്ചയില്‍ പ്രിന്‍റ്  ചെയ്ത സാരിയുടുത്തത് (ഇടത്) ബേബി സുരേതള്‍ ആണ്. ഒരുപാടുപേർ നഗ്നപാതരാണ്. അവരുടെ പാദങ്ങൾ മഴയിൽ നടന്നു ചെളിയായിരിക്കുന്നു

ശിവാജി പാർക്കിനകത്തും സ്റ്റാളുകളോടു കൂടിയ ഡസൻ കണക്കിനു കൂടാരങ്ങൾ ഉണ്ട്. പക്ഷെ അവയിൽ മിക്കതും എന്തെങ്കിലും വില്ക്കുന്നവയല്ല. അവയൊക്കെ പല തരത്തിലുള്ള സേവനങ്ങൾക്കു വേണ്ടിയുള്ളതാണ് – സൗജന്യ ഭക്ഷണം, വെള്ളം, എന്നിങ്ങനെ ഇൻഷുറൻസ് ഫോമുകൾ വരെയുള്ള സേവനങ്ങള്‍ക്ക്. അതുമല്ലെങ്കിൽ വെറും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ളവ. കൂടുതല്‍ സ്റ്റാളുകളും തൊഴിലാളി യൂണിയനുകളുടേതോ, ദളിത് രാഷ്ട്രീയ സംഘടനകളുടേതോ, യുവ പ്രവർത്തക സംഘങ്ങളുടേതോ ആണ്. ഭക്ഷണ സാധനങ്ങൾ നല്കുന്നവയാണ് അവയിൽ ഏറ്റവും ജനകീയമായിട്ടുള്ളത്. ഓരോന്നിനു മുമ്പിലും പുരുഷന്മാരുടെയും, സ്ത്രീകളുടെയും, കുട്ടികളുടെയും നീണ്ട വരികളുണ്ടായിരുന്നു. അവരിൽ ഒരുപാടു പേരുടെയും പാദങ്ങൾ ചെളിയിൽ പുതഞ്ഞിരുന്നു. ‘ക്രാക്ക് ജാക്ക്’ ബിസ്ക്കറ്റുകൾക്കു വേണ്ടി കാത്തിരിക്കുന്ന ബേബി സുരേതള്‍ ആണ് അവരിലാരാൾ. ഹിങ്കോലി ജില്ലയിലെ, ഔണ്ഢ നാഗനാഥ് താലൂക്കിലെ, ശിരാദ് ശഹാപൂർ ഗ്രാമത്തിൽ നിന്നാണ് അവർ വന്നത്. "ഇതെല്ലാം (മേള) കാണുന്നതിനു വേണ്ടിയാണ് ഞാൻ വന്നത്”, ചുറ്റുമുയരുന്ന ശബ്ദം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. “ഇവിടെ എനിക്ക് ബാബാസാഹേബ് അംബേദ്കറെക്കുറിച്ചു സന്തോഷം തോന്നുന്നു.”

സഖുബായിയും ‘ക്രാക്ക് ജാക്ക് കൂടാര’ത്തിനടുത്ത് കാത്തു നിൽക്കുന്നു. അവരുടെ കൈയിലുള്ള ചുവന്ന പ്ലാസ്റ്റിക്ക് ബാഗിൽ ഒരു സാരിയും ഒരു ജോഡി റബ്ബർ ചെരുപ്പുകളും മാത്രമാണുള്ളത്. സ്റ്റാളുകളിലൊന്നിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകർ നല്കിയ രണ്ടു വാഴപ്പഴങ്ങളും ബാഗിൽ സൂക്ഷിച്ചിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ അവരുടെ കൈയിൽ പണമില്ല. നാട്ടിൽ സഖുബായിക്ക് കർഷക തൊഴിലാളിയായ ഒരു മകനുണ്ട്. കർഷക തൊഴിലാളിയായിരുന്ന അവരുടെ ഭർത്താവ് 4 മാസങ്ങൾക്കു മുമ്പു മരിച്ചു. "ഞാൻ ഒറ്റയ്ക്കാണു വന്നത്”, അവർ പറഞ്ഞു. "വളരെ വർഷങ്ങളായി എല്ലാ വർഷവും ഞാനിവിടെ വരുന്നു. ഇവിടെ വരുമ്പോൾ സുഖം തോന്നുന്നുണ്ട്.”

Shantabai Kamble sitting with her husband (old man in the background) and other people eating food
PHOTO • Sharmila Joshi
Manohar Kamble
PHOTO • Sharmila Joshi

ശാന്താബായ് കാംബ്ലെയും അവരുടെ കുടുംബവും അത്യാവശ്യമായി പരിപ്പും റൊട്ടിയും ചേർന്ന ഉച്ച ഭക്ഷണം കഴിക്കുന്നു. അവരുടെ ഭർത്താവ് മനോഹർ അടുത്ത രണ്ടു നേരത്തേക്കു കൂടിയുള്ള റൊട്ടികൾ പൊതിഞ്ഞെടുക്കുന്നു

അവരെപ്പോലെ, കുറച്ചു പണവുമായോ അല്ലെങ്കിൽ ഒട്ടുമില്ലാതെയോ ആണ് ദാദർ-ശിവാജി പാർക്കിൽ ധാരാളം ആളുകളും ഡിസംബർ 6-ന് എത്തിയിട്ടുള്ളത്. വളരെ പാവപ്പെട്ട സമുദായങ്ങളിൽ നിന്നുള്ളവരാണവര്‍. ഈ സന്ദർഭത്തിൽ ട്രെയിൻ യാത്ര സൗജന്യമാണെന്നും അവർ സ്റ്റാളുകളിൽ നിന്നും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ആശ്രയിക്കുന്നുവെന്നും ശാന്താബായ് കാംബ്ലെ പറഞ്ഞു. അവർ കുടുംബത്തോടൊപ്പം ചെളി നിറഞ്ഞ മണ്ണിലിരുന്ന് ഉണങ്ങിയ ഇല കൊണ്ടുണ്ടാക്കിയ പാത്രത്തിലും സിൽവർ-ഫോയിൽ പേപ്പർ പാത്രങ്ങളിലുമായി പരിപ്പും റൊട്ടിയും ചേർന്ന ഭക്ഷണം കഴിക്കുകയായിരുന്നു. അവരുടെ വൃദ്ധനും മിതഭാഷിയുമായ ഭർത്താവ് മനോഹർ കുറച്ചധികം റൊട്ടികൾ രാത്രിയിലെയും പിറ്റേ ദിവസത്തെയും ഭക്ഷണത്തിനായി ഒരു തുണിയില്‍ ശേഖരിച്ചു. യവത്മാൾ ജില്ലയിലെ, പുസദ് താലൂക്കിലെ, സമ്പള്‍ പിoപരി ഗ്രാമത്തിൽ നിന്നുള്ള കർഷക തൊഴിലാളി കുടുബമാണവരുടേത്. രാത്രിയിലവർ റോഡിലാണു ചിലവഴിക്കുന്നത്. സാധാരണയായി ശിവാജി പാർക്കിനകത്തെ കൂടാരങ്ങളിലായിരുന്നു അവർ ഉറങ്ങാറുള്ളത്. പക്ഷെ ഇത്തവണ നനഞ്ഞ ചെളി അതിനുള്ള സാദ്ധ്യത ഇല്ലാതാക്കി.

ആനന്ദാ വാഘ്മാരെയും ഒരു കർഷക തൊഴിലാളിയാണ്. നാന്ദേഡ് ജില്ലയിലെ അംബുൽഗാ ഗ്രാമത്തിൽ നിന്നും നന്ദിഗ്രാം എക്സ്പ്രസ്സിനാണ് 12-കാരിയായ മകൾ നേഹയെയും കൂട്ടി അദ്ദേഹം വന്നത്. ആനന്ദ ബി.എ. ബിരുദധാരിയാണ്. പക്ഷെ മറ്റൊരു ജോലിയും കിട്ടിയില്ല. "ഞങ്ങൾക്കൊരു ഭൂമിയുമില്ല. അതുകൊണ്ട് പ്രതിദിനം 100-150 രൂപക്ക് തൊഴിലാളിയായി ഞാൻ പാടങ്ങളിൽ പണിയെടുക്കുന്നു”, അദ്ദേഹം പറഞ്ഞു. “ഇവിടെ ഞാൻ ബാബാസാഹേബിനെ ദർശിക്കാൻ വന്നതാണ്. അദ്ദേഹം കാരണമാണ് ഞങ്ങൾക്ക് [ആനന്ദ ഒരു നവ ബുദ്ധമതക്കാരനാണ്, മുൻപ് മഹർ സമുദായത്തിൽ പെട്ട ആളായിരുന്നു] ഒരുപാടു സൗകര്യങ്ങൾ കിട്ടിയിട്ടുള്ളത്. അദ്ദേഹം ജനങ്ങളുടെ മഹാത്മാവായിരുന്നു.”

Ananda Waghmare with daughter Neha
PHOTO • Sharmila Joshi
People buying things related to Ambedkar
PHOTO • Sharmila Joshi

ആനന്ദാ വാഘ്മാരെയും അദ്ദേഹത്തിന്‍റെ മകൾ നേഹയും നാന്ദേഡിൽ നിന്നാണു വരുന്നത്. വലത്: പാർക്കിനു വെളിയിൽ റോഡ് സൈഡിൽ ജയ്ഭീം എന്നു രേഖപ്പെടുത്തിയ പലതരം വസ്തുക്കള്‍ പ്രദർശനത്തിനായും വില്പനയ്ക്കായും വച്ചിരിക്കുന്നു

തറ നനഞ്ഞു കിടക്കുന്നതിനാല്‍ പാർക്കിനകത്ത് വില്പനയ്ക്കുള്ള സാധനങ്ങള്‍ വച്ചിരിക്കുന്ന കുറച്ചു സ്റ്റാളുകളിൽ നന്നായി കച്ചവടം നടക്കുന്നില്ല. എം. എം. ശേഖ് നീളമുള്ള രണ്ടു മേശകളിൽ പുസ്തകങ്ങൾ വച്ചിരിക്കുന്നു. സാമൂഹ്യ, ജാതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ് ഭൂരിഭാഗം പുസ്തകങ്ങളും. മറാത്വാഡയിലെ ബീഡ് പട്ടണത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അവിടെയും അദ്ദേഹം ഇതേ ജോലിയാണു ചെയ്യുന്നത്. "എല്ലാ വർഷവും ഞാൻ വരുന്നു”, അദ്ദേഹം പറഞ്ഞു. “പക്ഷെ ഇന്നു കാര്യമായി കച്ചവടമൊന്നും ഇല്ലായിരുന്നു. കച്ചവടം അവസാനിപ്പിച്ച് ഇന്നു രാത്രി തന്നെ ഞാന്‍ തിരികെ പോകും.”.

അദ്ദേഹത്തിന്‍റെ സ്റ്റാളിൽ നിന്നും അകലെയല്ലാതെ ആരോഗ്യ സേവനങ്ങൾ നല്കുന്ന ഒരു ടെന്‍റ്  പ്രവര്‍ത്തിക്കുന്നു. ഡോ: ഉൽഹാസ് വാഘിന്‍റെ നേതൃത്വത്തിലാണ് ഇതു നടത്തുന്നത്. അവിടെ കൂടിച്ചേരുന്ന ഏകദേശം 4,000 പേരുടെ പലവിധ പ്രശ്നങ്ങള്‍ - തലവേദന, ത്വക്കിലെ പ്രശ്നങ്ങൾ, വയറ്റിലെ പ്രശ്നങ്ങൾ, തുടങ്ങിയവ -  കൈകാര്യം ചെയ്യുന്നതിനായി 12-15 ഡോക്ടർമാരെ എല്ലാ വർഷവും കൊണ്ടുവരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ പരിമിതമായ ഗ്രാമങ്ങളിൽ നിന്നും ചേരികളിൽ നിന്നുമൊക്കെ ഇവിടെ വരുന്ന വിഭാഗങ്ങള്‍ തീര്‍ത്തും പാവപ്പെട്ടതാണ്”, അദ്ദേഹം പറഞ്ഞു. ദിവസം മുഴുവൻ യാത്ര ചെയ്തു വിശന്നു തളര്‍ന്നവരും പരാതികളുമായി ടെന്‍റില്‍ എത്തുന്നവരില്‍ പെടുന്നു.

പർഭാനി ജില്ലയിലെ, ജിന്തൂര്‍ താലൂക്കിലെ, കാൻഹാ ഗ്രാത്തിൽ നിന്നുള്ള രണ്ടു യുവകർഷകർ കൗതുകപൂർവ്വം എല്ലാം നോക്കിക്കണ്ടു നടക്കുന്നു. നവ ബുദ്ധമതത്തില്‍പ്പെട്ട ദളിതരായ 28-കാരനായ നിധിനും 25-കാരനായ രാഹുൽ ദവണ്ഡേയും സഹോദരന്മാരാണ്. അവർ മൂന്നേക്കറിൽ പരുത്തി, സോയാബീൻ, തുവര, ഉഴുന്ന് എന്നിവയൊക്കെ കൃഷി ചെയ്യുന്നു. ചില സന്നദ്ധ പ്രവർത്തകരിലൂടെ അവർ ഒരു കോളേജിൽ രാത്രി താമസം തരപ്പെടുത്തിയിട്ടുണ്ട്. “ശ്രദ്ധാഞ്ജലിക്കു [ആദരാഞ്ജലി] വേണ്ടിയാണ് ഞങ്ങൾ വരുന്നത്”, നിധിൻ പറഞ്ഞു. "ഈ വരവ് ഞങ്ങൾ തുടരുകയാണെങ്കിൽ ഞങ്ങളുടെ മക്കളും വരാന്‍ തുടങ്ങുകയും ഈ പാരമ്പര്യം തുടരുകയും ചെയ്യും.”
Brothers Nitin and Rahul Dawande at Shivaji Park in Mumbai
PHOTO • Sharmila Joshi
Sandeepan Kamble
PHOTO • Sharmila Joshi

കർഷകരായ നിധിനും ദവണ്ഡേയും പാരമ്പര്യം സജീവമാക്കി നിലനിർത്താനാണ് എത്തിയിട്ടുള്ളത്. വലത്: സന്ദീപൻ കാംബ്ലെ എന്ന കർഷക തൊഴിലാളി ആദ്യമായിട്ടാണ് വരുന്നത്

സന്ധ്യയായപ്പോൾ ചൈതന്യ ഭൂമിയിലേക്കു പോകുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിക്കുകയും പ്രസ്തുത കൂട്ടത്തിലേക്കു കടക്കുകയെന്നത് അസാദ്ധ്യമായും തീര്‍ന്നു. അതിലൂടെ കടക്കാനുള്ള വഴിയുണ്ടാക്കാൻ പറ്റില്ലെന്നു മനസ്സിലാക്കിയ സന്ദീപൻ കാംബ്ലെ പുറത്ത് കാത്തിരിക്കാനും ഒരു മരത്തിന്‍റെ കീഴിൽ ചെറുതായി മയങ്ങാനും തീരുമാനിച്ചു. അദ്ദേഹം ലാത്തൂർ ജില്ലയിലെ, ഔസാ താലൂക്കിലെ, ഉടി ഗ്രാമത്തിൽ നിന്നാണു വരുന്നത്. "ഞാനാദ്യമായാണ് ഇവിടെ”, കർഷകത്തൊഴിലാളിയായ അദ്ദേഹം പറഞ്ഞു. "എന്‍റെ ഭാര്യയും മക്കളും എന്നോടൊപ്പമുണ്ട്. അവരെ ഈ വർഷം ഡിസംബർ 6 കാണിച്ചു കൊടുക്കാമെന്നു ഞാൻ വിചാരിച്ചു.”

അപ്പോൾ പാർക്കിൽ ശേഖിന്‍റെ ബുക്ക് സ്റ്റാളിനു സമീപം ഒരു കൊച്ചു പെൺകുട്ടി അവളുടെ അമ്മയെ അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടും നിലവിളിച്ചുകൊണ്ട് ഓടി നടക്കുന്നുണ്ടായിരുന്നു. കുറച്ചുപേർ അവളുടെ ചുറ്റും കൂടി സംസാരിക്കുന്നതിനായി സൗമ്യമായി മയപ്പെടുത്താൻ ശ്രമിച്ചു. കന്നട മാത്രം സംസാരിച്ച അവൾ പക്ഷേ ഒരു മൊബൈൽ നമ്പർ കൊടുക്കാൻ ശ്രമിച്ചു. ഒരു യുവ പോലീസുകാരൻ വന്ന് പ്രശ്നങ്ങള്‍ ഏറ്റെടുത്തു. അവളുടെ വിഹ്വലതകള്‍ പരിഹരിക്കുന്ന കാര്യത്തിലുള്ള താത്പര്യം എല്ലായിടത്തും പ്രകടമായിരുന്നു. ഈ വലിയ കൂടിച്ചേരലിൽ ഒരിക്കൽപ്പോലും എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളോ, സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങളോ, മടുപ്പോ ഒന്നുമുണ്ടായിട്ടില്ല. ബുക്ക് സ്റ്റാളിൽ നിന്നും വളരെയകലെയല്ലാതെ മറ്റൊരു കൊച്ചു പെൺകുട്ടി ഒരു കൂടാരത്തിലേക്ക് ഓടുകയും ഡോ: അംബേദ്കറുടെ മാലയണിയിച്ച ചിത്രത്തിനു മുമ്പിൽ തല കുനിച്ച്, കൈകൾ കൂപ്പി, കുറച്ചധിക സമയം നിൽക്കുകയും ചെയ്തു.

On the streets leading to Chaitya Bhoomi
PHOTO • Sharmila Joshi
Shaikh at his book stall
PHOTO • Sharmila Joshi
Crowds inside Shivaji Park
PHOTO • Sharmila Joshi

ദാദറിലെ ചൈതന്യ ഭൂമിയിലേക്ക് നയിച്ചുകൊണ്ട് തെരുവിൽ ആളുകളുടെ കൂട്ടം വളരുന്നു. അപ്പോൾ ശിവാജി പാർക്കിൽ സ്റ്റാളുകൾ സേവനങ്ങൾ ഉറപ്പാക്കുകയും ഡോ: അംബേദ്കർക്ക് അഭിവാദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. കുറച്ചു സ്റ്റാളുകളിൽ (എം.എം. ശേഖിന്‍റെ ബുക്ക് സ്റ്റാൾ പോലെയുള്ളവ) വിൽപ്പനയ്ക്കായി സാധനങ്ങൾ വച്ചിരിക്കുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.