"യാക്കുകളുടെ എണ്ണം കുറഞ്ഞുവരികയാണ്," പദ്മാ തൂമോ പറയുന്നു. "പീഠഭൂമിയുടെ താഴത്തെ തട്ടുകളിൽ (സമുദ്രനിരപ്പിൽനിന്ന് 3,000 അടി ഉയരത്തിൽ) വളരെക്കുറച്ച് യാക്കുകളെ മാത്രമേ ഇപ്പോൾ കാണാനാകുന്നുള്ളു," 30 വർഷത്തിലധികമായി യാക്കുകളെ പരിപാലിക്കുന്ന അവർ കൂട്ടിച്ചേർക്കുന്നു.
ജാൻസ്കാർ ബ്ലോക്കിലെ അബ്രാൻ ഗ്രാമവാസിയായ പദ്മാ, വർഷംതോറും ഏതാണ്ട് 120 യാക്കുകളുമായി ലഡാക്കിലെ ഉയർന്ന, തണുപ്പേറിയ കൊടുമുടികളിലൂടെ സഞ്ചരിക്കാറുണ്ട്. താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന പ്രദേശങ്ങളാണിവ.
ബോസ് ഗ്രണ്ണിയൻസ് എന്ന ശാസ്ത്രീയനാമമുള്ള യാക്കുകൾ ഇത്തരം കുറഞ്ഞ താപനിലകളുമായി എളുപ്പത്തിൽ പൊരുത്തപ്പെടുമെങ്കിലും താപനില 13 ഡിഗ്രി സെൽഷ്യസിനുമീതെ ഉയർന്നാൽ അവയ്ക്ക് അതിജീവിയ്ക്കാൻ പ്രയാസമാണ്.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി, ജാൻസ്കാർ താഴ്വരയുടെ താഴ്ന്ന പീഠഭൂമികളിലെ ശരാശരി വേനൽക്കാല താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിൽ, ചിലപ്പോൾ 32 ഡിഗ്രി സെൽഷ്യസ് വരെ, ഉയരുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. "വേനൽക്കാലത്തേയും ശൈത്യകാലത്തെയും താപനിലകളിൽ വലിയ വ്യതിയാനം കാണുന്നുണ്ട്," താഴ്‌വരയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന എൻ. ടെൻസിൻ പറയുന്നു.
ഇത്തരത്തിലുള്ള അസാധാരണമായ ചൂട് യാക്കുകളെ പ്രതികൂലമായി ബാധിക്കുകയും 2012-നും 2019-നുമിടയിൽ ജമ്മു ആൻഡ് കാശ്മീരിൽ യാക്കുകളുടെ ആകെ എണ്ണം പകുതിയോളമായി കുറയുന്നതിന് ( 20-ആമത് കന്നുകാലി കണക്കെടുപ്പ് ) കാരണമാകുകയും ചെയ്തിട്ടുണ്ട്.
യാക്ക് ഇടയന്മാർ കൂടുതലായി താമസിക്കുന്ന ചാങ്താങ് പീഠഭൂമിയിൽനിന്ന് വ്യത്യസ്തമായി, ജാൻസ്കാർ താഴ്‌വരയിൽ വളരെക്കുറച്ച് ഇടയന്മാർ മാത്രമാണുള്ളത്. ജാൻസ്കാർപ്പാ എന്ന പേരിൽ അറിയപ്പെടുന്ന ഇക്കൂട്ടരുടെ എണ്ണം ഈയിടെയായി പിന്നെയും കുറഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ലഡാക്കിലെ കാർഗിൽ ജില്ലയിലുള്ള അബ്രാൻ, അക്ഷോ, ചാഹ് എന്നീ ഗ്രാമങ്ങളിൽനിന്നുള്ള ഏതാനും കുടുംബങ്ങൾ മാത്രമാണ് ഇപ്പോഴും യാക്കുകളെ പരിപാലിക്കുന്നത്.
നോർഫൽ നേരത്തെ ഒരു കന്നുകാലിയിടയനായിരുന്നെങ്കിലും 2017-ൽ അദ്ദേഹം തന്റെ യാക്കുകളെ വിറ്റ് അബ്രാൻ ഗ്രാമത്തിൽ ഒരു സീസണൽ കട (പ്രത്യേക കാലങ്ങളിൽ മാത്രം തുറക്കുന്നത്) തുടങ്ങുകയായിരുന്നു. എല്ലാ വർഷവുംമേ മുതൽ ഒക്ടോബർവരെ തുറന്നുപ്രവർത്തിക്കുന്ന കടയിൽ ചായ, ബിസ്‌ക്കറ്റുകൾ, പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ, മണ്ണെണ്ണ, പാത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാചകാവശ്യത്തിനുപയോഗിക്കുന്ന എണ്ണ, ഉണക്കിയ ഇറച്ചി തുടങ്ങിയ സാധനങ്ങളാണ് വിൽക്കുന്നത്. കന്നുകാലികളെ മേയ്ക്കുന്ന ജോലി ഏറെ ശ്രമകരവും നഷ്ടം വരുത്തുന്നതുമായിരുന്നെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. "നേരത്തെ എനിക്കും യാക്കുകൾ ഉണ്ടായിരുന്നു, എന്നാലിപ്പോൾ പശുക്കൾ മാത്രമാണുള്ളത്. സീസണൽ കടയിൽനിന്നാണ് എന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ലഭിക്കുന്നത്. ചിലപ്പോൾ അത് മാസത്തിൽ 3,000 - 4,000 രൂപ മാത്രമാകുമെങ്കിലും യാക്കുകളെ മേയ്ക്കുന്നതിൽനിന്ന് ലഭിച്ചിരുന്നതിനേക്കാൾ മെച്ചമാണത്."
അബ്രാനിൽനിന്നുതന്നെയുള്ള സോനം മൊട്ടപ്പും സെറിങ് ആങ്മോയും ഏതാനും ദശാബ്ദങ്ങളായി യാക്കുകളെ പരിപാലിക്കുന്ന ജോലി ചെയ്തുവരികയാണ് - അവരുടെ കൈവശം ഏതാണ്ട് 120 യാക്കുകളുണ്ട്. "എല്ലാ വർഷവും വേനൽക്കാലത്ത് (മേയ്-ഒക്ടോബർ), ഞങ്ങൾ താഴ്വരയുടെ ഉയർന്ന പ്രദേശങ്ങളിലേക്ക് (തണുപ്പേറിയ പ്രദേശങ്ങൾ) കുടിയേറുകയും അവിടെ ഒരു ഡോക്‌സയിൽ നാലഞ്ച് മാസം താമസിക്കുകയും ചെയ്യും," സെറിങ് പറയുന്നു.
വേനൽക്കാലത്ത് കുടിയേറുന്ന കുടുംബങ്ങൾക്ക് താമസിക്കാനായി തീർത്തിട്ടുള്ള, ഒരുപാട് മുറികളും ചിലപ്പോൾ ഒരു അടുക്കളയും ഉൾപ്പെടുന്ന താമസസ്ഥലമാണ് ഡോക്‌സ. ഗോത്ത്, മനി എന്നീ പേരുകളിലും അറിയപ്പെടുന്ന ഡോക്‌സകൾ, കല്ല്, മണ്ണ് തുടങ്ങിയ എളുപ്പത്തിൽ ലഭ്യമാകുന്ന സാമഗ്രികളുപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഒരു ഗ്രാമത്തിൽനിന്നുള്ള ഇടയ കുടുംബങ്ങൾ ഒരു ഡോക്‌സയിൽ ഒരുമിച്ച് താമസിക്കുകയും കുടുംബാംഗങ്ങൾ ഊഴമെടുത്ത് യാക്കുകൾക്കൊപ്പം നീങ്ങുകയുമാണ് പതിവ്. "ഞാൻ യാക്കുകളെ മേയാൻ കൊണ്ടുപോകുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു. തിരക്കുപിടിച്ച ജീവിതമാണ് ഇവിടെ ഞങ്ങൾക്കുള്ളത്," സോനം പറയുന്നു.
ഈ മാസങ്ങളിൽ സോനത്തിന്റെയും സെറിങ്ങിന്റെയും ദിവസം തുടങ്ങുന്നത് പുലർച്ചെ 3 മണിക്ക് ചുർപ്പി (പ്രാദേശികമായി നിർമ്മിക്കുന്ന ചീസ്) നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചുകൊണ്ടാണ്. ഈ ചുർപ്പി അവർ പിന്നീട് വിൽക്കും. "സൂര്യോദയത്തിനുശേഷം ഞങ്ങൾ യാക്കുകളെ മേയാൻ കൊണ്ടുപോകുകയും ഉച്ച കഴിഞ്ഞ് വിശ്രമിക്കുകയും ചെയ്യും," 69 വയസ്സുള്ള സോനം പറയുന്നു.
"ഇവിടെയുള്ള (ജാൻസ്കാർ താഴ്വര) ഇടയന്മാർ കൂടുതലും പെൺ സോമോകളെയാണ് വളർത്തുന്നത്," സെറിങ് പറയുന്നു. യാക്കിന്റെയും കോട്ടിന്റെയും സങ്കരമായ ഈ ജീവികളുടെ ആൺവർഗ്ഗത്തെ സോ എന്നും പെൺവർഗ്ഗത്തെ സോമോ എന്നുമാണ് വിളിക്കുന്നത്. പ്രത്യുത്പാദനശേഷിയില്ലാത്ത ജീവികളാണ് സോകൾ. "പ്രജനനത്തിനുവേണ്ടി മാത്രമാണ് ഞങ്ങൾ ഇവിടെ ആൺ യാക്കുകളെ വളർത്തുന്നത്. സോമോകളിൽനിന്ന് ശേഖരിക്കുന്ന പാലുപയോഗിച്ച് ഞങ്ങൾ നെയ്യും ചുർപ്പിയും ഉണ്ടാക്കും," ആ 65 വയസ്സുകാരി പറയുന്നു.
കഴിഞ്ഞ ദശാബ്ദത്തിൽ തങ്ങൾക്ക് കിട്ടിയിരുന്ന വരുമാനത്തിന്റെ മൂന്നിലൊന്നുമാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഈ ദമ്പതികൾ പറയുന്നു. അവരെപ്പോലെ, ഈ ജോലി ആശ്രയിച്ചുകഴിയുന്ന മറ്റനേകം ആളുകളും ബുദ്ധിമുട്ടുകയാണ്. 2023 ഓഗസ്റ്റിൽ പാരി ഈ ഇടയന്മാരെ സന്ദർശിക്കുമ്പോൾ, ശൈത്യകാല മാസങ്ങളിൽ വേണ്ടത്ര തീറ്റപ്പുല്ല് ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു അവർ. ആവശ്യത്തിന് വെള്ളം ലഭ്യമായാൽമാത്രമേ തീറ്റപ്പുല്ല് സുലഭമായി വളരുകയുള്ളൂ. എന്നാൽ സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള മരുപ്രദേശമായ ലഡാക്കിൽ വെള്ളത്തിന്റെ ആകെയുള്ള സ്രോതസ്സായ മഞ്ഞുവീഴ്ച കുറയുന്നതും ഹിമാനികൾ ക്ഷയിക്കുന്നതും കൃഷിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അബ്രാൻ ഗ്രാമം ഇതുവരെ കാര്യമായി ബാധിക്കപ്പെട്ടിട്ടില്ലെങ്കിലും, സോനം ആശങ്കയിലാണ് - "കാലാവസ്ഥ മാറുകയും വേണ്ടത്ര കുടിവെള്ളമോ എന്റെ കന്നുകാലികളെ പോറ്റാൻ ആവശ്യമായ തീറ്റപുല്ലോ ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ഞാൻ ഇടയ്ക്കിടെ ആലോചിക്കാറുണ്ട്."
സോനത്തിനും സെറിങിനും അഞ്ച് മക്കളാണ്. ഇരുപതിനും മുപ്പതിനുമിടയിൽ പ്രായമുള്ള അവരെല്ലാവരും ഈ തൊഴിൽ വേണ്ടെന്നുവെച്ച് ദിവസവേതനത്തിന് ജോലി ചെയ്യുകയാണ്.
"പരമ്പരാഗതതൊഴിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കാൾ നഗരപ്രദേശങ്ങളിൽ താമസമുറപ്പിക്കാനാണ് ഇപ്പോഴത്തെ തലമുറയ്ക്ക് താത്പര്യ; ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ഡ്രൈവർമാരായും തൊഴിലാളികളായും ജോലി ചെയ്യാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്." സോനം പറയുന്നു.
പദ്മാ തൂമോ അത് ശരിവയ്ക്കുന്നു. "ഇത് (യാക്കുകളെ പരിപാലിക്കുക) ഇക്കാലത്ത് ഒട്ടും ലാഭകരമായ ജോലിയല്ല."
പരിഭാഷ: പ്രതിഭ ആര്‍. കെ.