“ബഡ്ജറ്റൊക്കെ വലിയ വലിയ സംഖ്യകളെക്കുറിച്ചുള്ളതാണ്. ഞങ്ങളെപ്പോലുള്ള പൌരന്മാർക്കൊക്കെ സർക്കാർ പൂജ്യത്തിന്റെ വിലയെ കൽ‌പ്പിക്കുന്നുള്ളൂ!”

‘സർക്കാർ ബഡ്ജറ്റ്’ തുടങ്ങിയ വാക്കുകളൊക്കെ കേൾക്കുമ്പോൾ, ചന്ദൻ രത്തൻ ഹൽദാറിന് തന്റെ രോഷം മറച്ചുവെക്കാനാവുന്നില്ല. “എന്ത് ബഡ്ജറ്റ്? ആരുടെ ബഡ്ജറ്റ്? ഇതൊക്കെ വെറും തട്ടിപ്പല്ലാതെ മറ്റെന്താണ്?” കൊൽക്കൊത്തയിലെ ജാദവ്പുരിലെ 53 വയസ്സുള്ള റിക്ഷവലിക്കാരൻ ചോദിക്കുന്നു.

“ഇത്രയധികം ബഡ്ജറ്റുകളും പദ്ധതികളും വന്നിട്ടും, ഞങ്ങൾക്ക് ദീദിയിൽനിന്നോ (മുഖ്യമന്ത്രി മമതാ ബാനർജി) മോദിയിൽനിന്നോ (പ്രധാനമന്ത്രി) ഒരു വീടുപോലും കിട്ടിയിട്ടില്ല. ടാർപ്പോളിനും മുളങ്കമ്പുകളുംകൊണ്ട് കെട്ടിപ്പൊക്കിയ കൂരയിലാണ് ഞാൻ കഴിയുന്നത്. ആ മുളകൾ ഇപ്പോൾ മണ്ണിലേക്ക് ഒരടി താഴ്ന്നുപോയിട്ടുണ്ട്,” ചന്ദു ദാ പറയുന്നു. കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകളും കൂടുതൽ ആഴത്തിലേക്ക് താഴ്ന്നിരിക്കുന്നു.

പശ്ചിമ ബംഗാളിലെ സുഭാഷ്ഗ്രാം പട്ടണത്തിലെ ഭൂരഹിതനായ ഈ താമസക്കാരൻ അതിരാവിലെ സിയാൽഡയിലേക്കുള്ള ലോക്കൽ ട്രെയിൻ പിടിച്ച് ജാദവ്പുരിലെത്തി, വൈകീട്ടുവരെ ജോലിയെടുത്ത് തിരിച്ച് വീട്ടിൽ പോകുന്നു. “ബഡ്ജറ്റ് വരും, പോവും, ലോക്കൽ ട്രെയിൻ പോലെ. പട്ടണത്തിലേക്ക് വരുന്നത് ബുദ്ധിമുട്ടായിരിക്കുന്നു ഞങ്ങളുടെ ഒഴിഞ്ഞ വയറ്റത്തടിക്കുന്ന ഇത്തരം ബഡ്ജറ്റുകൾകൊണ്ട് എന്ത് കാര്യം?” അയാൾ ചോദിക്കുന്നു.

PHOTO • Smita Khator
PHOTO • Smita Khator

ഇടത്ത്: പശ്ചിമ ബംഗാളിലെ സുഭാഷ്ഗ്രാം പട്ടണത്തിലെ താമസക്കാരനായ ചന്ദ് രത്തൻ ഹൽദാർ റിക്ഷ വലിച്ച് ഉപജീവനം നടത്താൻ ദിവസവും കൊൽക്കൊത്തയിലേക്ക് പോവുന്നു

ജാദവ്പുർ സർവകലാശാലയുടെ 4-ആം നമ്പർ ഗെയ്റ്റിന് പുറത്ത് യാത്രക്കാരെ കാത്ത് നിൽക്കുകയാണ്, ചന്ദു ദാ എന്ന് ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന ആ മനുഷ്യൻ. ഒരിക്കൽ 20-ഓളം റിക്ഷകളുണ്ടായിരുന്ന ആ ഗേറ്റിൽ ഇപ്പോൾ, അദ്ദേഹത്തിന്റേതടക്കം കഷ്ടിച്ച് മൂന്നെണ്ണം മാത്രമേ ഉള്ളു. ദിവസത്തിൽ 300-500 രൂപ സമ്പാദിക്കുന്നുണ്ട് ചന്ദു ദാ.

“നാല് പതിറ്റാണ്ടിലധികമായി ഞാൻ ജോലി ചെയ്യുന്നു. എന്റെ ഭാര്യ മറ്റൊരാളുടെ വീട്ടിൽ ജോലി ചെയ്യുന്നു. നല്ലവണ്ണം ബുദ്ധിമുട്ടിയാണ് രണ്ട് പെൺകുട്ടികളെ ഞങ്ങൾ കെട്ടിച്ചയച്ചത്. ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. ആരുടേയും ഒരു പൈസപോലും മോഷ്ടിക്കുകയോ തട്ടിപ്പ് നടത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും, രണ്ടുനേരം നേരാംവണ്ണം ഭക്ഷണം കഴിക്കാൻ ഞങ്ങൾ ബുദ്ധിമുട്ടുന്നു. ഈ 7-ഉം, 10-ഉം 12-ഉം ലക്ഷം രൂപയെക്കുറിച്ചുള്ള വർത്തമാനമൊക്കെ ഞങ്ങളെ ബാധിക്കുമെന്ന് തോന്നുന്നുണ്ടോ?”

“ധാരാളം പൈസ സമ്പാദിക്കുന്നവർക്കാണ് ബഡ്ജറ്റ് ഇളവുകളൊക്കെ നൽകുന്നത്. കച്ചവടത്തിന്റെ പേരിൽ ബാങ്കിൽനിന്ന് വായ്പയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങുന്നവർക്കെതിരേ സർക്കാർ ഒരു നടപടിയുമെടുക്കില്ല. എന്നാൽ ഞങ്ങളെപ്പോലുള്ളവർ എന്തെങ്കിലും തെറ്റ് ചെയ്യുന്നതായി കണ്ടെത്തിയാൽ, വാഹനം കണ്ടുകെട്ടി, കൈക്കൂലി തരുന്നതുവരെ പീഡിപ്പിക്കും,” അദ്ദേഹം പാരിയോട് പറയുന്നു.

ആരോഗ്യമേഖലയിൽ ബഡ്ജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള നടപടികളെക്കുറിച്ച് പറഞ്ഞുകേട്ടപ്പോൾ, ഏറ്റവും ചുരുങ്ങിയ ചികിത്സകൾക്കായിപോലും ദിവസം മുഴുവൻ നീണ്ട ക്യൂവിൽ നിൽക്കേണ്ടിവരുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു.. “നിങ്ങൾ പറയൂ, ഒരു ആശുപത്രി സന്ദർശിക്കണമെങ്കിൽ‌പ്പോലും എന്റെ ഒരു ദിവസത്തെ ശമ്പളം നഷ്ടപ്പെടുത്തേണ്ടിവരാറുണ്ട്. അപ്പോൾ കുറഞ്ഞ ചിലവിൽ മരുന്ന് കിട്ടിയിട്ട് എനിക്കെന്ത് കാര്യം?” കാലിൽ വളർന്നുവരുന്ന ഒരു വലിയ മുഴ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദിക്കുന്നു. “ഇനി ഇതിന് ഞാൻ എന്തൊക്കെ സഹിക്കേണ്ടിവരുമെന്ന് എനിക്കറിയില്ല.”

പരിഭാഷ: രാജീവ് ചേലനാട്ട്

Smita Khator

اسمِتا کھٹور، پیپلز آرکائیو آف رورل انڈیا (پاری) کے ہندوستانی زبانوں کے پروگرام، پاری بھاشا کی چیف ٹرانسلیشنز ایڈیٹر ہیں۔ ترجمہ، زبان اور آرکائیوز ان کے کام کرنے کے شعبے رہے ہیں۔ وہ خواتین کے مسائل اور محنت و مزدوری سے متعلق امور پر لکھتی ہیں۔

کے ذریعہ دیگر اسٹوریز اسمیتا کھٹور
Editor : Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat